ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി- സിറ്റിയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം മയക്കുമരുന്നിനെതിരെ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മട്ടാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ 1.151 കിലോഗ്രാം കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി കല്‍ത്തി ഭാഗത്ത് താമസിക്കുന്ന ഷിഫാസ് (27) ആണ് പിടിയിലായത്. 

മട്ടാഞ്ചേരി മൗലാനാ ആസാദ് റോഡില്‍ ആനവാതില്‍ ജംഗ്ഷനു സമീപത്തു നിന്നാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. പശ്ചിമ കൊച്ചിയിലെ ചെറുപ്പക്കാരെയും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെയും ടൂറിസ്റ്റുകളേയും മറ്റ് ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പിടിയിലായ ഷിഫാസ് പോലീസിനോട് പറഞ്ഞു.

പ്രതിക്കെതിരെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ മനോജ് കെ ആറിന്റെ മേല്‍നോട്ടത്തില്‍ മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്‍ സബ്് ഇന്‍സ്‌പെക്ടര്‍  ജിന്‍സന്‍ ഡൊമിനികിന്റെ നേതൃത്വത്തില്‍ എസ്. ഐ മധുസുദനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, എഡ്വിന്‍ റോസ്, വിഷ്ണു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബേബിലാല്‍, വിശാല്‍, ബിപിന്‍, സ്മിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. 

മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.

Latest News