ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ
ദോഹ- ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ദോഹ എക്‌സ്‌പോ-2023. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കുന്ന ഇന്റർനാഷണൽ ഹോർട്ടി കൾച്ചറൽ എക്‌സ്‌പോ-2023 ദോഹ, എക്‌സ്‌പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എക്‌സ്‌പോ ദോഹ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി പറഞ്ഞു.
മരുഭൂവൽക്കരണം, കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളത്തിന്റെയും മണ്ണിന്റെയും അഭാവം എന്നിവയുടെ വെല്ലുവിളികൾ നേരിടുന്ന വലിയൊരു വിഭാഗം രാജ്യങ്ങൾ എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. ഈ മേഖലയെ സഹായിക്കുന്നതിനുള്ള ക്രിയാത്മകവും പ്രായോഗികവുമായ നടപടികളാണ് എക്സ്പോ അന്വേഷിക്കുന്നത്. സുസ്ഥിര കാർഷിക സമ്പ്രദായത്തിന്റെ മാതൃക വികസിപ്പിക്കുന്നതിനും മരുഭൂവൽക്കരണം ചെറുക്കുന്നതിനും, പ്രത്യേകിച്ച് മരുഭൂമിയിലെ കാലാവസ്ഥയുള്ള രാജ്യങ്ങൾക്ക്, പ്രശസ്ത സർവകലാശാലകളുമായും സ്വകാര്യ കമ്പനികളുമായും മികച്ച ഏകോപനവും സഹകരണവും ഉറപ്പ് വരുത്തും.
മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിന് പച്ചപ്പ് വർധിപ്പിക്കേണ്ട രാജ്യങ്ങളുമായി ഗവേഷണം പങ്കുവയ്ക്കുന്നതിന് ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് എക്‌സ്‌പോയുടെ സംഘാടകർക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൗണ്ട്ഡൗൺ ആരംഭിച്ചതോടെ, ഒക്ടോബർ 2-ന് തുറക്കുന്ന എക്‌സ്‌പോ-2023 ദോഹയുടെ സൈറ്റുകളിൽ അന്തിമ മിനുക്കു പണികൾ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
വിദ്യാർഥികളിലേക്ക് എക്സ്പോയുടെ സന്ദേശമെത്തിക്കുന്നതിന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്‌കൂളുകളിൽ നിന്നുള്ള സന്ദർശനങ്ങളുടെ ഷെഡ്യൂൾ തയാറാക്കുകയാണെന്ന് അൽ ഖൂരി പറഞ്ഞു. പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് കമ്യൂണിറ്റി അംഗങ്ങൾക്ക് എങ്ങനെ സംഭാവന ചെയ്യാം എന്നതിനെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകാനാണ് എക്‌സ്‌പോ ആതിഥേയത്വം വഹിക്കുന്നതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സുസ്ഥിരതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് -അദ്ദേഹം പറഞ്ഞു. 1.7 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എക്‌സ്‌പോ വളരെ വലുതാണെന്നും മുഴുവൻ പ്രദേശവും ഉൾക്കൊള്ളാൻ ഒന്നിലധികം സന്ദർശനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്‌പോയിലെ ഓരോ പവലിയനും ഓരോ സന്ദേശമുണ്ടെന്നും അവരുടെ രാജ്യങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന രസകരമായ കാര്യങ്ങൾ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
3 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുക എന്നതാണ് ഇവന്റ് ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്നവർക്ക് മനോഹരമായ ഭൂപ്രകൃതിയുള്ള പൂന്തോട്ടങ്ങൾ പര്യവേക്ഷണം ചെയ്യാനും ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങൾ അനുഭവിക്കാനും അവസരം നൽകുന്നു. ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസും ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സും തമ്മിലുള്ള സഹകരണമെന്ന നിലയിൽ, എക്‌സ്‌പോ ദോഹ-2023 പ്രാദേശികമായും അന്തർദേശീയമായും സന്ദർശകരെ ആകർഷിക്കും. 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകൾ (സർക്കാരിതര സംഘടനകൾ), പ്രതിനിധികൾ എന്നിവ എക്സ്പോയുടെ ഭാഗമാകും.






