Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'വയസ്സൻ' കൂട്ടായ്മ

പ്രായമായിട്ടും കാൽപന്തിന് പിറകിൽ നിന്നും പിന്തിരിയാത്ത പഴയകാല കളിക്കാർ സംഘടിച്ചപ്പോൾ പന്ത് തട്ടാൻ നിറയെ അവസരങ്ങൾ

വെറ്ററൻസ് താരങ്ങൾക്കായി സംഘടന നിലവിൽ വന്നതോടെ കാലിൽ കളിയുള്ള, കായിക ക്ഷമതയുള്ള നാൽപത് പിന്നിട്ടവർക്ക് കളിക്കാൻ നിറയെ അവസരങ്ങൾ. സംഘടനയുടെ ചട്ടക്കൂട്ടിലായതോടെ എല്ലാറ്റിനും  അടുക്കും ചിട്ടയും. കളിക്കുന്നവർക്ക് മോശമല്ലാത്ത വരുമാനം മാത്രമല്ല, പ്രയാസം അനുഭവിക്കുന്ന കളിക്കാരെയും കുടുംബത്തെയും സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും 'വയസ്സൻ' പടയുടെ കൂട്ടായ്മ ഒരു പടി മുന്നിലാണ്.
2018 ലാണ് മലപ്പുറം ജില്ല വെറ്ററൻസ് സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ (എം.വി.എസ്.എഫ്.എ) എന്ന പേരിൽ നാൽപത് വയസ്സ് കഴിഞ്ഞ കാൽപന്ത് താരങ്ങൾ സംഘടന  രൂപീകരിച്ചത്. ഷാജി ആലങ്ങാടൻ, മങ്കട (പ്രസിഡന്റ്), നൗഷാദ് വണ്ടൂർ (സെക്രട്ടറി), റഫീഖ് പറമ്പൂർ (ട്രഷറർ) എന്നിവർ പ്രഥമ  ഭാരവാഹികളായി. തുടക്കത്തിൽ 60 അംഗങ്ങളാണുണ്ടായിരുന്നത്. 2023 ൽ അഞ്ചാം വർഷത്തിലെത്തിയതോടെ സംഘടനയുടെ അംഗബലം എഴുന്നൂറിനടുത്തായി. ഈ വർഷം നിരവധി അപേക്ഷകരുണ്ട്. വർഷാവസാനമായ ഡിസംബറിലാണ് പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുക. അവ അംഗീകരിക്കുന്നതോടെ സംഘടനയുടെ അംഗബലം ആയിരമാകുമെന്നാണ് കണക്കുകൂട്ടൽ. 
മുമ്പ് അംഗങ്ങൾ മലപ്പുറം ജില്ലയിൽ മാത്രം ഒതുങ്ങിയിരുന്നുവെങ്കിൽ ഇന്നത് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ, എറണാകുളം ജില്ലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇതര ജില്ലകളിൽ നിന്നും അംഗത്വ അപേക്ഷ വർധിച്ചതോടെ  സംഘടനയുടെ പ്രവർത്തനം സംസ്ഥാന തലത്തിലേക്ക് ഉയർത്താനാണ്  തീരുമാനം. അംഗത്വം എടുത്തില്ലെങ്കിലും സംഘടനയുമായി സഹകരിക്കുന്ന ജില്ലക്കകത്തും പുറത്തുമുള്ള പഴയകാല ഫുട്‌ബോളർമാർ നിരവധിയാണ്.


പോയ കാലത്ത് ഗാലറികളെ ആവേശം കൊള്ളിച്ച അറിയപ്പെടുന്ന താരങ്ങളുടെയും പ്രാദേശിക തലങ്ങളിൽ ശ്രദ്ധേയരായ കളിക്കാരുടെയും  ഒഴുക്ക് തന്നെ സംഘടനയിലേക്കുണ്ടായി. അങ്ങനെ ജില്ലക്കകത്തും പുറത്തുമുള്ള ടൂർണമെന്റുകളിൽ പന്ത് തട്ടാൻ അവർക്ക് ധാരാളം അവസരങ്ങളുണ്ടായി. പ്രായമുള്ളവരല്ലേ ഏത് സമയം വിളിച്ചാലും കളിക്കാൻ കിട്ടും എന്ന നിലയൊക്കെ മാറി. നേരംകൊല്ലി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ പഴയ പടക്കുതിരികൾക്ക് ഇന്ന് സമയം തീരെയില്ല. താരങ്ങളെ സംബന്ധിച്ചിടത്തോളം കളികൾ നിറഞ്ഞ ദിവസങ്ങളാണ് കടന്നു പോകുന്നത്. തങ്ങളുടെ സുവർണ കാലത്ത് ലഭിക്കാത്ത പ്രതിഫലം പ്രായമേറിയ ഈ കാലത്ത് പലർക്കും ലഭിക്കുന്നുണ്ട്. 35 വയസ്സ് പിന്നിട്ട പല കളിക്കാരും നാൽപതിലെത്തിയെങ്കിൽ വെറ്ററൻസിന് കളിക്കാമായായിരുന്നു എന്ന ആലോചനയിലും ആവേശത്തിലുമാണ്.  അഖിലേന്ത്യാ സെവൻസ് പോലെ ഗാലറി ഒരുക്കി  ടിക്കറ്റ് വെച്ചുള്ള വെറ്ററൻസ് സെവൻസ് ടൂർണമെന്റുകൾ പലയിടങ്ങളിലും സജീവമാണിന്ന്. വെറ്ററൻസ് അസോസിയേഷനിൽ അംഗത്വ കാർഡുള്ളവർക്കേ അസോസിയേഷന്റെ അംഗീകാരമുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കാനാകൂ. അസോസിയേഷന്റെ അംഗീകാരമില്ലാത്ത ടൂർണമെന്റുകളിൽ കളിക്കുന്നതിന് അംഗങ്ങൾക്ക് തടസ്സമില്ല. കൊടിയത്തൂർ, മമ്പാട്, എടക്കര, പാണ്ടിക്കാട്, വണ്ടൂർ, പടിഞ്ഞാറ്റുമുറി, പെരിന്തൽമണ്ണ, എടപ്പാൾ, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മികച്ച ടീമുകളുണ്ട്. ആ ടീമുകളിലെ കളിക്കാരെല്ലാം ആവശ്യമനുസരിച്ച് മറ്റു ടീമുകൾക്ക് മാറിമാറി കളിക്കാറുണ്ട്. സെവൻസിൽ മാത്രമല്ല, ഇലവൻസിലും വെറ്ററൻസ് താരങ്ങൾ കളിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തെല്ലാം ഇലവൻസ് ടൂർണമെന്റുകളാണുള്ളത്. ഖേലോ ഇന്ത്യ സ്റ്റേറ്റ് ചാമ്പ്യൻമാരാണ് അസോസിയേഷന്റെ വെറ്ററൻസ് ടീം. അടുത്ത് ത്രിപുരയിൽ നടക്കാനിരിക്കുന്ന  ഖേലോ ഇന്ത്യ നാഷനൽ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതും അസോസിയേഷൻ ടീമാണ്.
ഓടാൻ കഴിയാത്ത അമിത വണ്ണക്കാരും വയറ് ചാടിയവരും അലക്ഷ്യമായി അങ്ങോട്ടും ഇങ്ങോട്ടും പന്ത് തട്ടുന്ന വെറ്ററൻസ് ഫുട്‌ബോൾ മുമ്പൊക്കെ കാണികൾക്ക് ചിരിക്കാനൊരു അവസരമായിരുന്നു. എന്നാൽ വെറ്ററൻസ് സംഘടനയിലുള്ളത് അത്തരക്കാരല്ല, 67 വയസ്സുള്ള മണ്ണാർക്കാട്ടെ പുതിയ മാളിയേക്കൽ പൂക്കോയ തങ്ങൾ ഉത്തമ ഉദാഹരണമാണ്. യുവ താരത്തെ പോലെയാണ് കാൽപന്ത് പ്രേമികൾ 'തങ്ങളുപ്പ' എന്ന് വിളിക്കുന്ന പൂക്കോയ തങ്ങൾ കളിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വെറ്ററൻസ് ടൂർണമെന്റുകളിൽ തങ്ങളുപ്പ മിന്നും പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സൂപ്പർ സ്റ്റുഡിയോ മുൻ താരം 56 കാരനായ  മുജീബ് മണ്ണാർക്കാട്, കെ.എഫ്.സി കാളികാവിന്റെ മുൻ താരം അഷറഫ്ക്ക തുടങ്ങിയവരെല്ലാം പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസുള്ള താരങ്ങളാണ്.  ഭൂരിപക്ഷവും 50 വയസ്സിന് മുകളിലുള്ളവരാണെന്നുള്ളതാണ് വെറ്ററൻസ് സംഘടനയെ ശ്രദ്ധേയമാക്കുന്നത്. അവരാകട്ടെ, ദിവസവും ഗ്രൗണ്ടിലിറങ്ങി പരിശീലനം നടത്തുന്നവരാണ്.
പേര് മലപ്പുറം ജില്ല വെറ്ററൻസ് സെവൻസ് ഫുട്‌ബോൾ അസോസിയേഷനാണങ്കിലും കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെല്ലാം കളിയുണ്ടാകാറുണ്ട്. കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു, മധുര, തൂത്തുക്കുടി എന്നിവിടങ്ങളിൽ നടന്ന ടൂർണമെന്റുകളിലും തായ്‌ലന്റിൽ നടന്ന ഇന്റർനാഷനൽ വെറ്ററൻസ് ചാമ്പ്യൻഷിപ്പിലും മലപ്പുറം വെറ്ററൻസ് പങ്കെടുത്തിട്ടുണ്ട്. തായ്‌ലന്റിലെ അന്താരാഷ്ട്ര ടൂർണമെന്റിൽ കോഴിക്കോട് ജില്ലയിലെ കളിക്കാരെ പങ്കെടുപ്പിച്ച് ഒരു ടീമും മലപ്പുറം, പാലക്കാട് ജില്ലകളിലെ കളിക്കാരെ പങ്കെടുപ്പിച്ച് മറ്റൊരു ടീമുമാണ് പങ്കെടുത്തത്. ആ രണ്ട് ടീമുകളിൽ കോഴിക്കോട് ജേതാക്കളും മലപ്പുറം, പാലക്കാട് റണ്ണേഴ്‌സുമായി. രണ്ടാം സ്ഥാനം നേടിയ ടീമിലെ കളിക്കാരിൽ 90 ശതമാനവും അസോസിയേഷനിലെ അംഗങ്ങളായിരുന്നു. വിന്നേഴ്‌സ് ടീമിലും വെറ്ററൻസ് അസോസിയേഷൻ അംഗങ്ങൾ നിരവധിയായിരുന്നു. ഇനി സിംഗപ്പൂരിൽ നടക്കാനിരിക്കുന്ന ഇന്റർനാഷനൽ വെറ്ററൻസ് ടൂർണമെന്റിലും മലപ്പുറം വെറ്ററൻസ് അസോസിയേഷനിലെ അംഗങ്ങൾക്ക് പങ്കാളിത്തമുള്ള ടീം പങ്കെടുക്കുന്നുണ്ട്. ഗോവയിലെ ഡെംപോ, സാൽഗോക്കർ, കൊൽക്കത്തയിലെ മോഹൻ ബഗാൻ, എഫ്.സി കൊച്ചിൻ തുടങ്ങി നിരവധി ടീമുകൾക്ക് കളിച്ചിട്ടുള്ള, ഒരിക്കൽ 'ഐ' ലീഗിൽ 16 ഗോൾ നേടി ടോപ്‌സ്‌കോററായ സാംബിയ എന്ന വിളിപ്പേരുള്ള അനിൽ കുമാർ, മുൻ കൊച്ചിൻ എഫ്.സി താരം റിയാസ് തിരൂർ, മുഹമ്മദൻസ് താരമായിരുന്ന ആംബ്രോസ് എന്ന സുബൈർ, സർവീസസിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ച സുമേഷ് എറണാകുളം, മുൻ സന്തോഷ് ട്രോഫി താരം അഷ്‌കർ ഒറ്റപ്പാലം, മുൻ ടൈറ്റാനിയം താരം ബൈജു മങ്കട, കെ.എസ്.ഇ.ബി താരമായിരുന്ന രാജേഷ് പാലക്കാട് തുടങ്ങി ഒട്ടേറെ പഴയകാല പ്രമുഖ താരങ്ങൾ  മലപ്പുറം വെറ്ററൻസ് ഫുട്‌ബോൾ അസോസിയേഷനിൽ അംഗത്വമുള്ളവരാണ്. ജില്ലക്കകത്ത് ശ്രദ്ധേയരായ  താരങ്ങളുടെ പട തന്നെ സംഘടനയിലുണ്ട്.
അംഗങ്ങൾക്കും മറ്റും വെറ്ററൻസ് അസോസിയേഷൻ നൽകുന്ന സഹായം മാതൃകാപരമാണ്. മാസങ്ങൾക്ക് മുമ്പ് വളാഞ്ചേരിയിൽ ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ അപകടം സംഭവിച്ച് ദാരുണമായി മരണപ്പെട്ട ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിന് വീട് പണിയാൻ  നാട്ടുകാർ രൂപീകരിച്ച സഹായ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയാണ് മലപ്പുറം ജില്ലാ വെറ്ററൻസ് സെവൻസ് അസോസിയേഷൻ നൽകിയത്. രണ്ട് വെള്ളപ്പൊക്കങ്ങളിൽ മണ്ണും ചളിയും കയറി വൃത്തികേടായ വീടുകൾ വൃത്തിയാക്കാനും വീട്ടുകാർക്ക് ഭക്ഷണം നൽകാനും കൊറോണ കാലത്ത് വീടുകൾ അണുവിമുക്തമാക്കാനും  സംഘടനാ പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു. 
നിലവിലെ മലപ്പുറം ജില്ല വെറ്ററൻസ് സെവൻസ് ഫുട്‌ബോൾ അസോസിയേഷന്റെ ഭാരവാഹികൾ ഷാജി ആലങ്ങാടൻ, മങ്കട (പ്രസി.), നൗഷാദ് വണ്ടൂർ (സെക്രട്ടറി), റഫീഖ് പടിഞ്ഞാറ്റുമുറി, സുധീർ വെള്ളുവങ്ങാട്, ഹംസപ്പ കൊണ്ടിപ്പറമ്പ്, ജലീൽ മാസ്റ്റർ (വൈസ് പ്രസിഡന്റുമാർ), നസീർ പടിഞ്ഞാറ്റുമുറി, നിഷാദ് എറിയാട്, ബാവ പൂക്കോട്ടുംപാടം, റിയാസ് കടന്നമണ്ണ (ജോയന്റ് സെക്രട്ടറിമാർ), ഫഹദ് മാസ്റ്റർ തിരൂർക്കാട് (ട്രഷറർ) എന്നിവരാണ്.

Latest News