ചോ: ആരാധകർ സൃഷ്ടിച്ചുവെച്ച ഷാരൂഖ് ഖാൻ എന്ന ബിംബമാവാൻ വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് ഒരിക്കൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പറയുകയുണ്ടായി. ആരാധകരുടെ പ്രതീക്ഷകളുടെ ഭാരം പേറേണ്ടി വരുമ്പോൾ അങ്ങനെ തോന്നാറുണ്ടോ?
വിരാട് കോലി: ഞാനും ദീർഘകാലം ആ മാനസികാവസ്ഥയിലൂടെ പോയിരുന്നു. ജനങ്ങളുടെ മനസ്സിലുള്ള വിരാട് കോലിയാവാനുള്ള ശ്രമം ഒടുവിൽ എന്നെ കാർന്നു തിന്നാൻ തുടങ്ങി. ഇതു തുടരാനാവില്ലെന്ന് എനിക്കു തന്നെ ബോധ്യമായി. മാനസികമായി ആരോഗ്യവാനല്ലെങ്കിൽ എന്നെക്കൊണ്ട് ഒരു ഗുണവും ഉണ്ടാവില്ലെന്ന് തോന്നി. അതിനാൽ എന്റെ സ്വത്വം വീണ്ടെടുക്കാൻ ആരംഭിച്ചു. ഞാൻ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നുവെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യണമെന്ന് തീരുമാനിച്ചു. കപട നാട്യങ്ങളിൽ നിന്ന് ഞാൻ പിന്മാറി. കഴിഞ്ഞ ഏഷ്യാ കപ്പിന് മുമ്പായിരുന്നു അത്. ഇതെന്റെ അവസാന ഇന്നിംഗ്‌സാണെങ്കിൽ അത് അംഗീകരിക്കാൻ ഞാൻ തയാറായി. അതോടെ എല്ലാം ആസ്വാദ്യകരമായി തോന്നി. ആവേശം വീണ്ടും ഉള്ളിൽ നുരഞ്ഞു. എന്റെ അരക്ഷിതാവസ്ഥയെ അവഗണിച്ചതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്.
ചോ: 2019-2022 കാലഘട്ടത്തിൽ ഒരു ഇന്റർനാഷനൽ സെഞ്ചുറിയുമടിക്കാൻ സാധിക്കാതിരുന്നത് വലിയ പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടാവില്ലേ?
വിരാട് കോലി: അത് വിചിത്രമാണ്. അതിൽ 10 മാസം കളിയേ ഉണ്ടായിരുന്നില്ല. 2020 ൽ കളിച്ചത് വെറും ആറു മത്സരങ്ങളാണ്. അതിന്റെ പേരിലായിരുന്നു വലിയ കോലാഹലം. അമ്പതും അറുപതും റൺസെടുത്തപ്പോഴും നിരാശനാണോ എന്നായിരുന്നു ചോദ്യം. 70 റൺസെടുത്തിട്ടും നിരാശനാവുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ജനങ്ങളുടെ അനാവശ്യ പ്രതീക്ഷകളിൽ നിന്നാണ് ആ ചോദ്യം എന്നെനിക്കറിയാമായിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതെന്നെ അലട്ടാൻ തുടങ്ങി. നിരന്തരമായ സംശയങ്ങൾ ഉള്ളിലുയർന്നു. കളിയിൽ നിന്ന് വിട്ടുനിന്നില്ലെങ്കിൽ ഭ്രാന്ത് പിടിക്കുമെന്ന ഒരു ഘട്ടം ഏഷ്യാ കപ്പിന് മുമ്പ് ഉണ്ടായി. സെഞ്ചുറിയടിച്ചിരിക്കണമെന്ന നിർബന്ധ ബുദ്ധിയില്ലാതെയാണ് തിരിച്ചുവന്നത്. അതെന്നിൽ ആഹ്ലാദം നിറച്ചു. അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി പിറന്നു. ഈ നിമിഷത്തിനാണല്ലോ ഒന്നൊന്നര വർഷം പാഴാക്കിയതെന്നോർത്ത് അപ്പോൾ ഞാൻ ചിരിച്ചു.
ചോ: ഫിറ്റ്‌നസ് എന്നും താങ്കളുടെ ഇഷ്ട വിഷയമായിരുന്നു?
വിരാട് കോലി: പരിശീലനത്തിലും കളികളിലും വലിയ ശാരീരികാധ്വാനമാണ് വേണ്ടത്. അതിന് സന്തുലിതമായ ആഹാരക്രമം ശീലിക്കണം. പ്രൊഫഷനൽ അത്‌ലറ്റാവാൻ മാത്രമല്ല, ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കാനും നല്ല ഫിറ്റ്‌നസ് വേണം. സമഗ്രമാണ് എന്റെ വ്യായാമ മുറകൾ. ടോപ് ഫിറ്റ്‌നസിനായി ദിവസവും സമയം നീക്കിവെക്കും.
ചോ: പരിശീലനത്തിൽ ഏതു കാര്യത്തിനാണ് മുൻഗണന?
വിരാട് കോലി: പരിമിതികൾ മറികടക്കാനാണ് എപ്പോഴും ശ്രമിക്കാറ്. കരുത്ത് വർധിപ്പിക്കാനും ചടുലത കൂട്ടാനും സ്റ്റാമിന മെച്ചപ്പെടുത്താനുമുള്ള എക്‌സർസൈസുകൾ ചെയ്യും. നന്നായി കളിക്കാനും പരിക്കേൽക്കാതിരിക്കാനുമുള്ള അടിത്തറയാണ് ഈ വ്യായാമങ്ങൾ. വിശ്രമവും അതിപ്രധാനമാണ്. അതിനാൽ ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ധ്യാനവും മാനസിക വ്യായാമങ്ങളും അവശ്യമാണ്. പ്രിയപ്പെട്ടവരുമായി സമയം ചെലവിടുന്നത് വൈകാരിക പിന്തുണയാർജിക്കാൻ ഏറ്റവും പ്രധാനമാണ്.
ചോ: പലപ്പോഴും ഇഷ്ടഭക്ഷണം ഉപേക്ഷക്കേണ്ടി വരാറില്ലേ?
വിരാട് കോലി: പഞ്ചാബിയെന്ന നിലയിൽ രുചികരമായ ഭക്ഷണങ്ങളോട് ആർത്തിയുണ്ട്. ചോളെ ബടൂരെ ഇഷ്ടവിഭവമാണ്. ഇടക്ക് വല്ലപ്പോഴും ഇഷ്ട ഭക്ഷണം കഴിക്കുമെങ്കിലും ഫിറ്റ്‌നസ് സൂക്ഷിക്കാൻ കർക്കശമായ പഥ്യം നിലനിർത്തും.