Sorry, you need to enable JavaScript to visit this website.

വളയം പിടിക്കുന്ന പെൺകരുത്ത്

ചുവപ്പും മഞ്ഞയും കലർന്ന നിറത്തിൽ വലിയ ഭംഗിയൊന്നുമില്ലാതെ ആരെയും കൂസാതെ നമ്മുടെ റോഡുകളിലൂടെ ആനവണ്ടി ഓടിത്തുടങ്ങിയിട്ട് കാലമേറെയായി. കാലങ്ങൾ  കഴിഞ്ഞപ്പോൾ അതിന്റെ മട്ടിലും ഭാവത്തിലുമെല്ലാം ഒരുപാട് മാറ്റങ്ങൾ വന്നു. തീവണ്ടിയോടു പോലും കിടപിടിക്കുന്ന രീതിയിലുള്ള മിന്നൽ സർവീസുകളും നിരത്തിലിറങ്ങി. ഇതിനിടയിൽ ടിക്കറ്റ് കൊടുക്കാനും ഡ്രൈവിംഗുമെല്ലാമടങ്ങുന്ന വണ്ടിപ്പണി ആണുങ്ങൾക്കു മാത്രമുള്ളതാണെന്ന ധാരണയിലും മാറ്റം വന്നു തുടങ്ങി. മിടുക്കികളായ ഒരുപാട് കണ്ടക്ടർമാരെ ഇന്ന് കെ.എസ്.ആർ.ടി.സിയിൽ കാണാം. എന്നാൽ ഡ്രൈവർ സീറ്റിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഇപ്പോഴുമുളളൂ. ആനവണ്ടി എങ്ങനെ പെണ്ണുങ്ങൾ ഓടിക്കുമെന്ന് നെറ്റിചുളിച്ച പുരുഷ വർഗത്തിനുള്ള മറുപടിയാണ് കോതമംഗലം കോട്ടപ്പടി സ്വദേശിയായ വി.പി. ഷീലയെപ്പോലുള്ളവർ. ഓർഡിനറി മുതൽ എക്‌സ്പ്രസ് വരെയുള്ള വമ്പന്മാരെ തന്റെ കൈക്കരുത്തിനു മുന്നിൽ മെരുക്കിയെടുത്തു കഴിഞ്ഞു ഈ വനിത ഡ്രൈവർ. തന്റെ യാത്രാനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഷീല. 
തടിവെട്ടു തൊഴിലാളിയായിരുന്ന പാപ്പുവിന്റെയും കുട്ടിയുടെയും മകളായാണ്  ജനിച്ചത്. കുട്ടിക്കാലത്ത് അച്ഛന്റെ സൈക്കിൾ തുടച്ചു മിനുക്കാനും പെഡൽ ചവിട്ടിക്കളിക്കാനുമെല്ലാം വലിയ താൽപര്യമായിരുന്നു. അച്ഛന് പിന്നാലെ നടന്ന് ഒടുവിൽ സൈക്കിൾ സവാരി പഠിച്ചെടുത്തു. എന്നാൽ പത്താം കഌസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. അതോടെ തുടർന്ന് പഠിക്കാനൊന്നും പോയില്ല. മനസ്സാകെ തകർന്ന നിലയിലായിരുന്നു. ചെറിയ ജോലികളെല്ലാം ചെയ്തു ജീവിച്ചു. 
ചേട്ടന്മാർ രണ്ടു പേരും ഡ്രൈവർമാരായിരുന്നു. അവർ കൂലിക്ക് ഓടിക്കുന്ന കാറും ജീപ്പും ഓട്ടോയുമെല്ലാം വീട്ടുമുറ്റത്ത് നിർത്തിയിടുമ്പോൾ അതിനുള്ളിൽ കയറാനും സ്റ്റാർട്ടാക്കാനുമെല്ലാം കൗതുകമായിരുന്നു. അതിനായി വണ്ടി കഴുകുന്ന ജോലി ഏറ്റെടുത്തു. ക്രമേണ ചേട്ടന്മാരെപ്പോലെ എനിക്കും ഡ്രൈവിംഗ് പഠിക്കണമെന്നും നല്ലൊരു ഡ്രൈവറാകണമെന്നുമെല്ലാമുള്ള മോഹമുണ്ടായി. വാഹനം ഓടിക്കുന്നവരോട് എന്തെന്നില്ലാത്ത ആരാധനയായിരുന്നു തോന്നിയിരുന്നത്.
ഇരുപത് വയസ്സായപ്പോഴാണ് ആദ്യമായി വാഹനം ഓടിച്ചു തുടങ്ങിയത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ കഴുകുമ്പോൾ ഒരാഗ്രഹം. അയൽക്കാരായ കുട്ടികളെയും ബന്ധുക്കളെയുമെല്ലാം ഓട്ടോയിൽ കയറ്റി കുറച്ചുദൂരം ഓടിച്ചു. കൃത്യമായ പരിശീലനമൊന്നുമില്ലാതെയായിരുന്നു ഈ യാത്ര.  ചേട്ടന്മാർ പറഞ്ഞുതന്നത് അനുസരിച്ചായിരുന്നു ഓടിച്ചത്. ഒരു കയറ്റവും ഇറക്കവുമെല്ലാം കഴിഞ്ഞ് വലിയ പരിക്കൊന്നും കൂടാത വണ്ടി വീട്ടുമുറ്റത്തെത്തിച്ചു. ഇറക്കത്തിൽ ചെറിയ പരിഭ്രമമുണ്ടായെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.
ആ യാത്ര ആത്മവിശ്വാസം വർധിപ്പിക്കുകയായിരുന്നു. ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹം കലശലായി. വീട്ടുകാരുടെ അനുവാദം ലഭിച്ചതോടെ പരിശീലനം തുടങ്ങി. അംബാസഡർ കാറിലായിരുന്നു പരിശീലനം തുടങ്ങിയത്. ലൈസൻസ് കിട്ടിയതോടെ പലപ്പോഴും കാർ വാടകക്ക് എടുത്ത് ഓടിച്ചു തുടങ്ങി. സിനിമക്കു പോകാനും അമ്പലത്തിൽ പോകാനുമെല്ലാം കാറെടുത്തു. കാറോടിക്കാനുള്ള കൗതുകമായിരുന്നു ഇത്തരം സാഹസങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്. പിന്നീട് പഠിച്ച സ്‌കൂളിൽ തന്നെ പരിശീലകയുടെ വേഷത്തിലുമെത്തി. പത്ത് വർഷത്തോളം ഡ്രൈവിംഗ് പരിശീലകയായി ജോലി ചെയ്തു. അക്കാലത്ത് നിരവധി പേർക്ക് വളയം പിടിക്കാനുള്ള പ്രചോദനം നൽകുകയായിരുന്നു. നാട്ടിലെ നിരവധി സ്ത്രീകൾ അക്കാലത്ത് ഡ്രൈവിംഗ് പഠിച്ചത് തന്റെ പരിശീലനത്തിലൂടെയായിരുന്നുവെന്ന് ഇന്നും അഭിമാനത്തോടെ മാത്രമേ പറയാനാവൂ. അധികം വൈകാതെ ഹെവി ലൈസൻസും സ്വന്തമാക്കി.
മറ്റൊരു തൊഴിലും കിട്ടിയില്ലേ. പെണ്ണുങ്ങൾ ചെയ്യുന്ന തൊഴിലാണോ ഇത് എന്ന് പലരിൽനിന്നും കേട്ടിട്ടുണ്ട്. അതിനൊന്നും ഞാൻ ചെവികൊടുക്കാറില്ല. അതൊന്നും കേൾക്കാനുള്ള സമയമുണ്ടായിരുന്നില്ല. ഒരുപാട് ഇഷ്ടപ്പെട്ട ജോലി. നമുക്കും ജീവിക്കണ്ടേ. ജീവിക്കാൻ എന്തു ജോലിയും ചെയ്യാൻ ആളുകൾ തയാറാവുമ്പോൾ നമ്മൾ എന്തിന് മടിച്ചു നിൽക്കണം. അറിയാവുന്ന ജോലിയിൽ മുന്നേറുക. അതാണ് ഞാനും ചെയ്തത്.
ഡ്രൈവിംഗ് ഹരമായിത്തുടങ്ങിയതോടെ ജീവിതായോധനത്തിന് ഇതൊരു തൊഴിലായി സ്വീകരിക്കാൻ പ്രേരണയായി. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ തസ്തികയിലേയ്ക്ക് അപേക്ഷ അയച്ചു. പരീക്ഷക്കെത്തുമ്പോൾ പലരും അത്ഭുതത്തോടെയാണ് നോക്കിയത്. ഡ്രൈവർ പരീക്ഷക്ക് വന്നതാണോ എന്ന അമ്പരപ്പായിരുന്നു പലർക്കും. പതിനായിരങ്ങൾ എഴുതിയ മത്സര പരീക്ഷയിൽ മെച്ചപ്പെട്ട റാങ്കോടെ മുന്നിലെത്തി. 2013 ജൂലൈ മാസത്തിലാണ് കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിക്കുന്നത്. നിയമനം ലഭിച്ച അൻപത്തിമൂന്നു പേരിൽ ആകെയുള്ള പെൺതരി ഞാനായിരുന്നു. ആദ്യത്തെ വനിത ഡ്രൈവർ.
കോതമംഗലത്ത് നിന്നും വെള്ളാരംകുത്ത് റൂട്ടിലായിരുന്നു കന്നിയാത്ര. ബസ് ഓടിക്കാനൊന്നും ഷീലക്ക് ബുദ്ധിമുട്ട് തോന്നിയില്ല. എന്നാൽ യാത്രക്കാർക്ക് ചെറിയ ഭയമുള്ളത് പോലെ തോന്നി. യാത്രക്കാർ പല സ്വഭാവക്കാരാണ്. എങ്ങനെ പെരുമാറും എന്നൊന്നും പറയാനാവില്ല. എങ്കിലും കണ്ടക്ടർമാരുടെ ബുദ്ധിമുട്ട് ഡ്രൈവർമാർക്കില്ല. സുരക്ഷിതത്വവും ഏറെയാണ്. എന്റെ കാബിനിലേക്കു കയറി ആരും ശല്യം ചെയ്യാറില്ല. ബസിൽ ഇരിക്കുന്നവരുടെ ജീവൻ ഡ്രൈവറുടെ കൈകളിലാണെന്ന ബോധം എപ്പോഴുമുണ്ടായിരിക്കണം.
കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, തിരുവനന്തപുരം സിറ്റി, കൊട്ടാരക്കര, ചാലക്കുടി തുടങ്ങി നിരവധി ഡിപ്പോകളിൽ ജോലി ചെയ്യാനുള്ള അവസരം ഷീലക്കുണ്ടായിട്ടുണ്ട്. ആദ്യമായി ദീർഘയാത്ര നടത്തിയത് പെരുമ്പാവൂരിൽനിന്നും തിരുവനന്തപുരത്തേക്കായിരുന്നു. ആലുവ, പെരുമ്പാവൂർ ചെയിൻ സർവീസ് ഡ്യൂട്ടിക്കെത്തിയതായിരുന്നു. ഡിപ്പോയിലെത്തിയപ്പോഴാണ് തിരുവനന്തപുരം റൂട്ടിൽ ഡ്യൂട്ടിക്ക് പോകണമെന്ന് അറിയുന്നത്. പോകേണ്ട വഴിയൊന്നും കൃത്യമായി അറിയുമായിരുന്നില്ല. സഹപ്രവർത്തകനാണ് സഹായിച്ചത്. യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം കൃത്യമായി പറഞ്ഞു തന്നു. അതുകൊണ്ട് മറ്റു ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല.
നിരവധി ദീർഘദൂര സർവീസുകളിൽ ബസ് ഓടിക്കേണ്ടി വന്നിട്ടുണ്ട്. യാത്രക്കിടയിൽ റോഡുകളിൽ ചില അസൗകര്യങ്ങളുണ്ടാകുമ്പോൾ ചെറുവാഹനങ്ങളിലുള്ളവർ വഴക്കടിക്കാൻ വരാറുണ്ട്. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ ഒരു സ്ത്രീയാണെന്ന് അറിയുമ്പോൾ അവർ തിരിച്ചു പോകുന്നതും കണ്ടിട്ടുണ്ട് þ-ചിരിയോടെ ഷീല പറയുന്നു.
ഒരു പതിറ്റാണ്ടിലേറെ നാട്ടിലെ ഒരു സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിൽ പരിശീലകയായി സേവനമനുഷ്ഠിച്ചതിനാൽ മോട്ടോർ വാഹനങ്ങളെക്കുറിച്ച് ഷീലക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് തെന്ന  ഇപ്പോൾ ഡ്രൈവിംഗ് പരിശീലകയുടെ വേഷത്തിലാണ് ഷീല. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിലെ ആദ്യ വനിത ഡ്രൈവർമാരുടെ പരിശീലകയാണിപ്പോൾ. അട്ടക്കുളങ്ങരയിലെ സ്റ്റാഫ് ട്രെയിനിംഗ് സെന്ററിൽ നാല് വനിതകളാണ് ഇപ്പോൾ പരിശീലനത്തിലുള്ളത്. എത്ര തിരക്കുള്ള റൂട്ടിലായാലും  അനായാസം ബസോടിക്കാനുള്ള ഷീലയുടെ കഴിവാണ്  ഇപ്പോഴത്തെ നിലയിലേയ്ക്ക് ഉയരാൻ കാരണമായത്. ഷീലയുടെ കീഴിലുള്ള പരിശീലനം പുതിയ ഡ്രൈവർമാർക്കും പ്രചോദനമാകുമെന്ന വിശ്വാസമാണ് അധികൃതരെ ഈ നിലയിൽ ചിന്തിപ്പിച്ചത്. പരിശീലനം കഴിഞ്ഞാൽ ഇവരെ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Latest News