റിയാദ് - നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരിൽ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ ഇതുവരെ 14,83,009 വിദേശികൾ പിടിയിലായെന്ന് പൊതുസുരക്ഷാവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ
നവംബർ 15 മുതൽ ജൂലൈ 26 വരെ കാലയളവിലാണ് ഇത്രയും പേർ വലയിലായത്.
ഇതിൽ 11,20,406 പേർ ഇഖാമ നിയമ ലംഘകരും 2,46,483 പേർ തൊഴിൽ നിയമ ലംഘകരും 1,16,120 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരിൽ 54 ശതമാനം പേർ യെമനികളും 43 ശതമാനം ഏതോപ്യൻ വംശജരും മൂന്ന് ശതമാനം പേർ ഇതരരാജ്യക്കാരുമാണ്. ഇക്കാലയളവിൽ അതിർത്തികൾ വഴി സൗദിയിൽ നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 28,427 പേരെ സുരക്ഷാ സൈനികർ പിടികൂടി. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടുന്നതിന് ശ്രമിച്ച 1049 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുത്ത 2,319 പേരും അറസ്റ്റിലായി. ഇതിൽ ഉൾപ്പെട്ട 474 സ്വദേശികളിൽ 458 പേരെ ശിക്ഷാ നടപടികൾ സ്വീകരിച്ച് വിട്ടയച്ചു. 16 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്.
ശിക്ഷാ നടപടികൾ പുരോഗമിക്കുന്ന 11,844 വിദേശികളിൽ 9933 പേർ പുരുഷന്മാരും 1,911 പേർ വനിതകളുമാണ്. 2,54,214 പേർക്കെതിരെ തത്സമയം ശിക്ഷാ നടപടികൾ സ്വീകരിച്ചു. തിരിച്ചറിയൽ രേഖകളും പാസ്പോർട്ടുകളുമില്ലാത്ത 2,06,674 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കുന്നതിന് എംബസികളുടെയും കോൺസുലേറ്റുകളുടെയും സഹായം തേടി. നാടുകടത്തുന്നതിന് മുന്നോടിയായി 2,55,932 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇക്കാലയളിൽ 3,77,572 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.