സൻആ- മധ്യയെമനിലെ അൽബൈദാ ഗവർണറേറ്റിൽ ഹൂത്തികളുടെ കയ്യിൽ അവശേഷിക്കുന്ന സ്ഥലങ്ങൾ മോചിപ്പിക്കാനുള്ള രൂക്ഷമായി പോരാട്ടത്തിൽ 30 ഹൂത്തി മിലീഷ്യകൾ കൊല്ലപ്പെട്ടതായി വാർത്ത. ശത്രുപക്ഷത്ത് നിരവധി പോരാളികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും യെമൻ ദേശീയ സൈന്യം വെളിപ്പെടുത്തി. സൗദി അറേബ്യ നേതൃത്വം നൽകുന്ന ഇസ്‌ലാമിക സഖ്യസേനയുടെ പിന്തുണയോടെ മുന്നേറുന്ന യെമൻ സൈന്യവും ഹൂത്തി വിമതസേനയും ബൈദായിലെ ഫദ്ഹായിലിം അൽമുലാജിം ഡിസ്ട്രിക്ടിലുമാണ് ഇന്നലെ ശക്തമായ ഏറ്റുമുട്ടിയത്. നുഅ്മാൻ ഡിസ്ട്രിക്ടിലെ അൽദയ്ർ, ദീവെയ്ൻ, മിഹ്ദ, ദുഹർ അൽബയാദ് പർവതങ്ങൾ കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്ന ഹൂത്തി സങ്കേതങ്ങൾ പ്രാദേശിക ഗോത്രസേനകളും യെമൻ ദേശീയ സൈന്യവും സംയുക്തമായി ആക്രമിച്ചു. യെമനിലെ താമസ കേന്ദ്രങ്ങളിലേക്ക് ആക്രമണം അഴിച്ചുവിടുന്നതിന് ഹൂത്തികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടാങ്കറുകൾ, മിസൈൽ ലോഞ്ചറുകൾ, വെടിക്കോപ്പുകൾ തുടങ്ങി വൻതോതിൽ ആയുധശേഖരങ്ങൾ തങ്ങൾ നശിപ്പിച്ചതായും ഇരുസൈന്യങ്ങളും വ്യക്തമാക്കി.