വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണം പ്രണയമെന്ന് മന്ത്രി; തെളിവ് ചോദിച്ച് പെണ്‍കുട്ടിയുടെ പിതാവ്

കോട്ട- രാജസ്ഥാനിലെ കോട്ടയില്‍ അടുത്തിടെ ഹോസ്റ്റലില്‍ മരിച്ച പതിനാറുകാരി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പ്രണയബന്ധമാണെന്ന്  മന്ത്രി ശാന്തി ധരിവാള്‍. മന്ത്രിയുടെ പ്രസ്താവനക്കു പിന്നാലെ മകളുടെ പ്രണയത്തിന്  തെളിവ് ചോദിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തുവന്നു.  
പ്രണയബന്ധമാണ് കാരണമെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്ന്  വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ച രാത്രി തൂങ്ങിമരിച്ച പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് കത്തോ ആത്മഹത്യാ കുറിപ്പോ ലഭിച്ചിട്ടില്ലെന്ന് ലോക്കല്‍ പോലീസ് പറഞ്ഞു.
ഇന്ന് ഒരു പെണ്‍കുട്ടി  ആത്മഹത്യ ചെയ്തുവെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഖേദിക്കും. പ്രണയ ബന്ധത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥിനിയുടെ  കത്ത് ലഭിച്ചിട്ടുണ്ട്. ഇവിടെ കോച്ചിംഗ് വിദ്യാര്‍ത്ഥികളുടെ എല്ലാ ആത്മഹത്യകളുടേയും കൃത്യമായ കാരണം കണ്ടെത്താന്‍ സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്-ധാരിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നഗരവികസന, ഭവന മന്ത്രി ധരിവാള്‍ ഇക്കാര്യം പറഞ്ഞത്.
കോച്ചിംഗ് ഹബ്ബായ കോട്ടയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ മറ്റൊരു കാരണം മാതാപിതാക്കളുടെ സമ്മര്‍ദ്ദമാണെന്നും ധരിവാള്‍ പറഞ്ഞു.

അതേസമയം, വ്യാഴാഴ്ച രാവിലെ റാഞ്ചിയില്‍ നിന്ന് കോട്ടയിലെത്തിയ മരിച്ച നീറ്റ് പരീക്ഷാര്‍ഥി റിച്ചയുടെ പിതാവ് ധരിവാളിന്റെ പരാമര്‍ശങ്ങളോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.  മന്ത്രിയുടെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹംതെളിവ് ആവശ്യപ്പെടുകയും ചെയ്തു.
മകള്‍ക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് അത്തരത്തിലുള്ള എന്തെങ്കിലും തെളിവുണ്ടെങ്കില്‍, അത് എന്നോട് പങ്കുവെക്കണം- മാധ്യമങ്ങളോട് സംസാരിക്കവെ പെണ്‍കുട്ടിയുടെ പിതാവ് രവീന്ദ്ര സിന്‍ഹ പറഞ്ഞു.

കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോകുമ്പോഴും വരുമ്പോഴും കോട്ടയിലെ ചില ആണ്‍കുട്ടികള്‍  കളിയാക്കുമെന്ന് മകള്‍ തന്നോട് പരാതിപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. കോട്ടയിലെ കോച്ചിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സിലിംഗ് സൗകര്യങ്ങളെക്കുറിച്ചും സിന്‍ഹ അതൃപ്തി പ്രകടിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

അതിനിടെ, റിച്ചയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഏറ്റവും പുതിയ ആത്മഹത്യാ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ വിജ്ഞാന്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദവേഷ് ഭരദ്വാജ് പറഞ്ഞു.
സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തതായും ഭരദ്വാജ് പറഞ്ഞു.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പ്രണയബന്ധമാണെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പും കണ്ടെടുത്തിട്ടില്ലെന്ന് ഡിഎസ്പി ധര്‍മ്മവീര്‍ സിങ്ങും പറഞ്ഞു.
പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ കോട്ടയിലെ വൈദ്യുത ശ്മശാനത്തില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചതെന്ന് ഡിഎസ്പി പറഞ്ഞു.
മരിച്ച പെണ്‍കുട്ടി 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.കഴിഞ്ഞ മെയ് മുതല്‍ കോട്ടയിലുള്ള  കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്യുന്ന 23ാമത്തെ വിദ്യാര്‍ത്ഥിയാണ് റിച്ച. ഇത് രാജ്യത്തെ കോച്ചിംഗ് ഹബ്ബിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം ഇത് 15 ആയിരുന്നു.

 

Latest News