ചെന്നൈ-വ്യാജ രേഖ ഉപയോഗിച്ച് തന്റെ കൈവശമുള്ള 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി നടി ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. തട്ടിപ്പുനടത്തിയ ആള്‍ ആളുകളെ വച്ച് ഭീഷണിപ്പെടുത്തുന്നതായും തനിക്കും മകള്‍ക്കും നേരേ വധഭീഷണി മുഴക്കുന്നതായും പരാതിയില്‍ പറയുന്നു. സാമ്പത്തികാവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബില്‍ഡറായ അളഗപ്പനും ഭാര്യയും വസ്തുവകകള്‍ വിറ്റുതരാം എന്ന് വാഗ്ദാനം ചെയ്തുവെന്നും അവരെ വിശ്വസിച്ച് പവര്‍ ഒഫ് അറ്റോര്‍ണി നല്‍കിയെന്നും ഗൗതമി പരാതിയില്‍ പറയുന്നു. അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ചമച്ചും 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തുവെന്നാണ് ഗൗതമിയുടെ പരാതി. അളഗപ്പന് രാഷ്ട്രീയ പിന്‍ബലമുണ്ടെന്നും അവരില്‍ നിന്ന് തനിക്കും മകള്‍ സുബലക്ഷ്മിക്കും വധഭീഷണിയുണ്ടെന്നും, ഇക്കാര്യം അന്വേഷിക്കാനും തന്റെ സ്വത്തുക്കള്‍ വീണ്ടെടുക്കാനും കുറ്റക്കാര്‍ക്ക് എതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതി. സംഭവത്തില്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.