മനാമ - ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ബഹ്‌റൈനിൽ നൂറു കണക്കിന് രാഷ്ട്രീയ തടവുകാർ ഒരു മാസത്തിലേറെ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. സന്ദർശന സമയവും തടവുകാർക്ക് സെല്ലുകളിൽ നിന്ന് പുറത്തിറങ്ങാനുള്ള സമയവും ഫോൺ ലഭ്യതയും വർധിപ്പിക്കുകയും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ജൗ റിഫോം ആന്റ് റിഹാബിലിറ്റേഷൻ സെന്ററിലെ (ജൗ ജയിൽ) തടവുകാർ നിരാഹാരം അവസാനിപ്പിച്ചതെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
തടവുകാർ ആവശ്യപ്പെട്ട മറ്റു സേവനങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണ നടപടികൾക്ക് കുറച്ച് സമയം ആവശ്യമാണ്. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് തടവുകാരിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവ സർക്കാർ ആശുപത്രികളിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു. അന്തേവാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിക്കും. ദേശീയ നിയമങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുശാസിക്കുന്ന അവകാശങ്ങൾ തടവുകാർ ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാൻ അവരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു.
കഠിനമായ തടങ്കൽ വ്യവസ്ഥകളിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ആദ്യ വാരത്തിലാണ് ജൗ ജയിലിലെ തടവുകാർ നിരാഹാരം ആരംഭിച്ചത്. ദിവസത്തിൽ 23 മണിക്കൂറും സെല്ലുകളിൽ അടച്ചിടുന്ന തടവുകാരെ ഒരു മണിക്കൂർ നേരം മാത്രമാണ് ജയിൽ കോംപൗണ്ടിനകത്ത് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നത്. ചില തടവുകാരെ ഏകാന്ത സെല്ലുകളിൽ അടച്ചിടുന്നത് അവസാനിപ്പിക്കണമെന്നും ക്രിമനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്കൊപ്പം പാർപ്പിക്കരുതെന്നും രാഷ്ട്രീയ തടവുകാർ ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കളുടെ സന്ദർശനങ്ങൾക്കിടെ ചില്ല് മറ ഒഴിവാക്കണമെന്നും അനുയോജ്യമായ ആരോഗ്യ പരിചരണങ്ങൾ ലഭ്യമാക്കണമെന്നും തുടർ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് എട്ടിനാണ് തടവുകാർ നിരാഹാര സമരം ആരംഭിച്ചതെന്ന് അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.






