കുവൈത്തിന്റെ അതിർത്തിയില്ലാത്ത ഭൂപടം; ഈജിപ്ത് ക്ഷമാപണം നടത്തി

കുവൈത്ത് സിറ്റി - കുവൈത്തിന്റെ അതിർത്തികളില്ലാത്ത അറബ് ലോകത്തിന്റെ മാപ്പ് പ്രദർശിപ്പിച്ച സംഭവത്തിൽ ഈജിപ്ത് അധികൃതർ ഔദ്യോഗികമായി ക്ഷമാപണം നടത്തിയതായി കയ്‌റോയിലെ കുവൈത്ത് എംബസി പ്രസ്താവനയിൽ അറിയിച്ചു. കുവൈത്തി സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്ത പരിശീലന ക്ലാസിനിടെയാണ് ഈജിപ്ഷ്യൻ ലക്ചറർമാരിൽ ഒരാൾ കുവൈത്തിന്റെ അതിർത്തികളില്ലാത്ത അറബ് ലോകത്തിന്റെ മാപ്പ് പ്രദർശിപ്പിച്ചത്. തുടർന്ന് ഈജിപ്തിലെ കുവൈത്ത് എംബസി കയ്‌റോ മിലിട്ടറി ഓഫീസുമായി ഏകോപനം നടത്തി ഈജിപ്ഷ്യൻ വിദേശ മന്ത്രാലയ അധികൃതരുമായും പരിശീലന പരിപാടി സംഘടിപ്പിച്ച വകുപ്പുകളുമായും ആശയവിനിമയം നടത്തി കുവൈത്തിന്റെ അതിർത്തികളില്ലാത്ത അനൗദ്യോഗിക മാപ്പ് പ്രദർശിപ്പിക്കാനുള്ള കാരണത്തെ കുറിച്ച് അന്വേഷണം നടത്തി.
ലെക്ചററുടെ ഭാഗത്തുണ്ടായ കരുതിക്കൂട്ടിയല്ലാത്ത പിഴവ് ആയിരുന്നു കുവൈത്തിന്റെ അതിർത്തികളില്ലാത്ത മാപ്പ് പ്രദർശിപ്പിച്ച സംഭവമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വിശദീകരിച്ചു. കുവൈത്തിന് ഒരു നിലക്കും അപകീർത്തിയുണ്ടാക്കാൻ ഉദ്ദേശിക്കാത്ത ഈ തെറ്റിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചവർ പരിപാടിയിൽ പങ്കെടുത്തവരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഈജിപ്ഷ്യൻ, കുവൈത്ത് ഗവൺമെന്റുകളും ജനതകളും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾക്ക് ഒരുനിലക്കും കോട്ടംതട്ടിക്കാൻ കഴിയില്ലെന്നും ഈജിപ്ഷ്യൻ അധികൃതർ വ്യക്തമാക്കിയതായി കുവൈത്ത് എംബസി പ്രസ്താവനയിൽ പറഞ്ഞു.
 

Tags

Latest News