നിപ ബാധിച്ച് മരിച്ച ഹാരിസിന്റെ വേർപാട് നാട്ടുകാർക്കും കൂട്ടുകാർക്കും നൊമ്പരമായി

ദോഹ-  പരസഹായത്തിനിറങ്ങി നിപ ബാധിച്ച് ഓർക്കാപ്പുറത്ത് ജീവൻ അപഹരിച്ച സാമൂഹ്യ പ്രവർത്തകൻ ഹാരിസിന്റെ വേർപാട് ഒരു ഗ്രാമത്തെയാകമാനം ദുഃഖത്തിലാഴ്ത്തി. സേവനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി കൊണ്ടുനടന്ന ഹാരിസ് നാട്ടിലും പ്രവാസ ലോകത്തും ഏറെ ജനകീയനായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ സദാ ഓടി നടക്കുന്ന ഈ ചെറുപ്പക്കാരന്റെ വിയോഗം നാട്ടുകാർക്കും കൂട്ടുകാർക്കും ആകെ നൊമ്പരമായി.
ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ ഭൗതികശരീരം കടമേരി ജുമാ മസ്ജിദിൽ ഇന്നലെ രാത്രി 12.30 ഓടെ കുറ്റിയാടി മണ്ഡലം വൈറ്റ് ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ഖബറടക്കിയപ്പോൾ ആ ഗ്രാമം മുഴുവൻ വിതുമ്പുകയായിരുന്നു. ഹാരിസിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചും ദുഃഖം പങ്കുവെച്ചും നിരവധി സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. 
പ്രിയ ഹാരിസ് മറക്കില്ല നിന്നെ എന്ന ശീർഷകത്തിൽ പങ്കുവെച്ച സന്ദേശം ഇങ്ങനെയാണ്. ഹാരിസ് മമ്പിളിക്കുനി ഓർമ മാത്രമായിത്തീർന്ന് പോയി. കാരിരുമ്പിന്റെ കരുത്തുള്ളൊരു യുവാവാണ്. നിറഞ്ഞ പുഞ്ചിരിയും തികഞ്ഞ ആത്മവിശ്വാസവും കർമങ്ങൾക്ക് കരുത്താക്കിയൊരു മോനാണ് വിട്ടുപോയത്. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രായത്തിൽ തീരെ നിനക്കാത്ത നേരത്ത് ചിന്തയിൽ പോലും വരാത്തൊരു കാരണം കൊണ്ട് മരണത്തിന്റെ കയത്തിലേക്ക് ഇറങ്ങിപ്പോയത് വിശ്വസിക്കാനാവുന്നില്ല.
നാട്ടിലെ പൊതു കാര്യങ്ങൾക്കെല്ലാം ഹാരിസ് കൂടെയുണ്ടാകും. എല്ലാ നന്മകളോടും ചേരും. മടിയോ മറയോ ഇല്ല ഒരു നല്ല കാര്യത്തിനും. ഒത്താശക്കാരനാവുക, സഹായിയായി നിൽക്കുക എന്നത് വലിയൊരു നാട്ടുനന്മയാണ്. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ഭാര്യാ പിതാവിന്റെ കൂടെ പോയപ്പോൾ ഒരു പരിചയവുമില്ലാത്തൊരു മനുഷ്യന് വേണ്ടി നീട്ടിയ സഹായത്തിന്റെ കൈത്തലം സ്വന്തം ജീവനെ കൊത്തിപ്പറിക്കുമെന്ന് ഹാരിസ് കരുതിയിട്ടുണ്ടാവില്ല.
മരുതോങ്കര സ്വദേശിയായ നിപ വൈറസ് ബാധിതനായ മനുഷ്യനുമായാണ് താൻ ഇടപെട്ടതെന്ന് ഹാരിസ് അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. നാട്ടിലെ യുവാക്കൾക്കിടയിൽ പ്രസാദാത്മക ചിന്തയും പ്രചോദനാത്മക ഇടപെടലുമായി നിറഞ്ഞുനിന്ന ഹാരിസ് ഖത്തറിലായാലും നാട്ടിലായാലും എല്ലാ നല്ല കാര്യങ്ങൾക്കും ഒപ്പമുണ്ടാകും. മതകാര്യങ്ങളിൽ, രാഷ്ട്രീയ പ്രവർത്തനത്തിൽ, നാട്ടിലെ പൊതു വിഷയങ്ങളിൽ കൂട്ടത്തിലൊരാളായി എത്ര അധ്വാനിക്കാനും മടിയില്ലാതെ ഹാരിസ് നിറയും. സാമ്പത്തിക ഇടപാടിൽ സത്യസന്ധതയും കണിശതയും പുലർത്തുന്ന ഈ ചെറുപ്പക്കാരൻ എല്ലാ കാര്യങ്ങൾക്കും വലിയ സംഭാവനയും നൽകും. ഹാരിസ് പിരിവിന് വിധേയപ്പെടുന്നതിനേക്കാൾ പിരിവിൽ ചെന്നു ചേരുകയാവും. പിതാവ് മൊയ്തീൻകുട്ടി ഹാജിയോട് നാട്ടുകാർക്ക് വലിയ ഇഷ്ടമായിരുന്നു. ആ പ്രിയം അദ്ദേഹത്തിന്റെ മക്കളോടുമുണ്ട്. വാഹനാപകടത്തിൽ മരണപ്പെട്ട ഹാജിയുടെ ദുരന്തത്തിന് ശേഷം നാട്ടിൽ വന്നുചേരുന്ന വല്ലാത്തൊരു വേദനയാണ് ഈ വേർപാട്. മരണത്തേക്കാൾ മാരകമാണ് മാറി നിൽക്കേണ്ടി വരുന്നതിന്റെ തീവ്രവേദന. എല്ലാറ്റിനോടും ചേർന്നു നിന്ന ഹാരിസിന്റെ കുടുംബത്തോട് പ്രാർഥന കൊണ്ടും പ്രവർത്തനം കൊണ്ടും എല്ലാ നിയന്ത്രണങ്ങൾക്കിടയിലും ഹൃദയം കൊണ്ട് ചേർന്നു നിൽക്കണമെന്ന് കെ.എം.സി.സി നേതാക്കളും ആവശ്യപ്പെട്ടു.

Tags

Latest News