എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത കാമ്പസ് ചിത്രമായ പൂമരത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് മെറിൻ ഫിലിപ്. കാളിദാസ് ജയറാം മുഖ്യ വേഷത്തിലെത്തിയ ചിത്രത്തിൽ നായികയായ നീത പിള്ളയുടെ കൂട്ടുകാരിയായാണ് മെറിൻ ഈ ചിത്രത്തിലെത്തിയത്. എം.ജി സർവകലാശാല കലോത്സവത്തിൽ കലാകിരീടത്തിനായി ആവേശപ്പോരാട്ടം നടത്തുന്ന കോളേജ് സംഘത്തിലെ അംഗമായിരുന്നു ഈ കലാകാരി. കോളേജിനായി നേടുന്ന ഓരോ പോയന്റും കപ്പിലേക്കുള്ള ദൂരം കുറയ്ക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ആദ്യചിത്രത്തിൽ നായികയുടെ കൂട്ടുകാരിയുടെ വേഷമാണെങ്കിൽ അടുത്ത ചിത്രത്തിൽ നായികാവേഷമായിരുന്നു മെറിനെ കാത്തിരുന്നത്. സുദീപ് ജോഷിയും ഗീതിക സുദീപും ചേർന്ന് സംവിധാനം ചെയ്ത ഹാപ്പി സർദാറിൽ ഹാസ്യ രസത്തിനായിരുന്നു പ്രാധാന്യം. പാട്യാലയിൽ കഴിയുന്ന ഹാപ്പി എന്ന ഭീരുവായ സർദാർ മലയാളിയായ മേരിയെന്ന ക്രിസ്ത്യൻ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന് പ്രമേയമാകുന്നത്. ഹാപ്പിയുടെ ബന്ധുക്കൾ മകൻ ഒരു പഞ്ചാബി പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുമ്പോൾ തന്നെ മേരിയുടെ അച്ഛൻ ഒരു ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിക്കാനാണ് മകളോട് ആവശ്യപ്പെടുന്നത്. ഇവർക്കിടയിൽ അകപ്പെടുന്ന കമിതാക്കളുടെ വീർപ്പുമുട്ടലുകളാണ് ചിത്രത്തിൽ രസകരമായി ആവിഷ്‌കരിച്ചിരിക്കുന്നത്.
നായികാവേഷത്തിൽനിന്നും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ് മെറിൻ. നിരവധി ചിത്രങ്ങളാണ് മെറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
ഫിലിപ് സി. മാത്യുവിന്റെയും ഡെയ്‌സി ഫിലിപ്പിന്റെയും മകളായി കൊല്ലത്തായിരുന്നു മെറിന്റെ ജനനം. അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ പഠനത്തിനു ശേഷം മാതാപിതാക്കളോടൊപ്പം അബുദാബിയിലെത്തിയ മെറിന്റെ തുടർവിദ്യാഭ്യാസം അവിടെയായിരുന്നു. അബുദാബിയിലെ സൺറൈസ് ഇംഗ്ലീഷ് സ്‌കൂളിലെ പഠനത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയ മെറിൻ തിരുവനന്തപുരം ഗ്രിഗോറിയൻ കോളേജിൽനിന്നും ബിരുദമെടുത്തു. തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും ജേണലിസത്തിൽ പി.ജിയും.
സ്‌കൂൾ പഠനകാലത്തു തന്നെ അരങ്ങിന്റെ ഭാഗമായിരുന്ന മെറിൻ ആ ആത്മവിശ്വാസമാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു നടത്തിയത്. അക്കഥ മെറിൻ പറയുന്നു.

പൂമരത്തിലേക്കുള്ള വരവ്?
ഹൈസ്‌കൂൾ വിദ്യാഭ്യാസം അബുദാബിയിലായിരുന്നു. സ്‌കൂൾ പഠനകാലത്തു തന്നെ കഥാപ്രസംഗം അവതരിപ്പിക്കുകയും നാടകങ്ങളിൽ വേഷമിടുകയും ചെയ്തിരുന്നു. ബാബു അന്നൂരിന്റെയും സുവീരന്റെയും കെ.പി. ജെയിംസ് ഏലിയായുടെയുമെല്ലാം നാടകങ്ങളിൽ അക്കാലത്തു തന്നെ വേഷമിട്ടിരുന്നു. കുട്ടിക്കാലം തൊട്ടേ അഭിനയ മോഹമുണ്ടായിരുന്നു. ആ മോഹമാണ് സിനിമയിലെത്തിച്ചത്. പ്ലസ് ടുവിനു ശേഷം അബുദാബിയിൽനിന്നും നാട്ടിലെത്തിയപ്പോഴായിരുന്നു പൂമരത്തിന്റെ ഒഡീഷനെക്കുറിച്ച് അറിയുന്നത്. ഒഡീഷനിൽ പങ്കെടുത്തു. സെലക്ഷനും ലഭിച്ചു. കോളേജ് കലോത്സവ വേദികളിൽ നടക്കുന്ന ചില അപ്രിയ സത്യങ്ങളായിരുന്നു പൂമരത്തിന്റെ പ്രതിപാദ്യം. ചിത്രത്തിൽ നായികയായ ഐറിന്റെ കഥാപാത്രത്തോടൊപ്പം ചേർന്നുനിൽക്കുന്ന വേഷമായിരുന്നു ഞാൻ അവതരിപ്പിച്ച പ്രിറ്റിയുടേത്. കാളിദാസന്റെ നായികയായി വേഷമിട്ട ഹാപ്പി സർദാറിനേക്കാളും മനസ്സിലിപ്പോഴും മായാതെ നിൽക്കുന്നത് പൂമരത്തിലെ പ്രിറ്റിയുടേതാണ്.
പൂമരത്തിലെ സംഭവങ്ങൾ ജീവിതത്തിലുമുണ്ടായോ?
പൂമരം തിയേറ്ററിലെത്തിയപ്പോഴായിരുന്നു സംഭവം. ചിത്രത്തിന്റെ തനിയാവർത്തനമായിരുന്നു അവിടെയും നടന്നത്. സിനിമയിൽ എം.ജി സർവകലാശാലയാണെങ്കിൽ യഥാർഥ സംഭവം നടക്കുന്നത് കേരള സർവകലാശാലയിലാണെന്നു മാത്രം. കലോത്സവത്തിനിടയിൽ നടക്കുന്ന ചില തട്ടിപ്പുകൾ പുറത്തു കൊണ്ടുവരികയായിരുന്നു. കഥാപ്രസംഗത്തിൽ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും ചില തൽപര കക്ഷികളുടെ സ്വാധീനം കാരണം കപ്പ് നഷ്ടപ്പെട്ടു. സ്വപ്‌നം കണ്ട നേട്ടം കൈവെള്ളയിലെത്തിയിട്ടും അത് തട്ടിക്കളയാൻ ഞാൻ ഒരുക്കമായിരുന്നില്ല. പോരാടാൻ തന്നെയായിരുന്നു തീരുമാനം. സീരിയൽ താരമായ മഹാലക്ഷ്മിക്ക് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ഒടുവിൽ സംഘാടകർക്ക് തിരുത്തേണ്ടിവന്നു. പ്രതിഷേധം ശക്തമായതോടെ വിധിനിർണയം പഴയ പടിയാക്കി സംഘാടകർ രക്ഷപ്പെടുകയായിരുന്നു.

പുതിയ ചിത്രങ്ങൾ?
സർജു രമാകാന്ത് സംവിധാനം ചെയ്ത സൈക്കേളാജിക്കൽ ത്രില്ലറായിരുന്നു വാതിൽ. തുടക്കത്തിൽ ചെറിയ വേഷമായിരുന്നു ചിത്രത്തിൽ എനിക്കുണ്ടായിരുന്നത്. എന്നാൽ തിരക്കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോൾ കമലയുടെ റോളിലേക്കു നിശ്ചയിച്ച അഭിനേത്രിയെയും മാറ്റി. അങ്ങനെയാണ് എനിക്കു നറുക്ക് വീണത്. ഒരു കുടുംബത്തിനകത്തും പുറത്തും നടക്കുന്ന കാര്യങ്ങൾ കുടുംബത്തെ എങ്ങനെ ബാധിക്കുമെന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാത്രമല്ല, ഭർത്താവ് തന്നെ എത്രത്തോളം വിഷമിപ്പിച്ചാലും അദ്ദേഹത്തോടുള്ള സ്‌നേഹത്തിൽ യാതൊരു കുറവും വരുത്താതെ ഉറച്ചു നിൽക്കുക എന്നതും ഈ ചിത്രം അടിവരയിടുന്നു. വിനയ് ഫോർട്ടും അനു സിതാരയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗത സംവിധായകനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോരയാണ് മറ്റൊരു ചിത്രം. നാട്ടിൻപുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടെയും മകന്റെയും അയാളുടെ പ്രണയിനിയുടെയും സംഭവബഹുലമായ ജീവിത കഥ പറയുന്ന ചിത്രമാണിത്. ആൻസൻ പോളിന്റെ നായികയായ ഗൗതമിയെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോരയുടെ വരവോടെ ഗൗതമിയുടെ ജോലി നഷ്ടമാകുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിനപ്പുറം അച്ഛന്റെ അഭാവത്തിൽ അമ്മയോടൊപ്പം വളരുന്ന കുട്ടികളുടെ സ്വഭാവ വ്യതിയാനവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന രീതി?
അഭിനയിച്ച പല കഥാപാത്രങ്ങളിലും എന്റെ ആത്മാംശം അലിഞ്ഞു ചേർന്നിട്ടുണ്ട്. അഭിനയത്തിന്റെ കാര്യമാണെങ്കിൽ പെർഫെക്ഷനിൽ വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ. ഓരോ സിനിമയിൽ വേഷമിടുമ്പോഴും കഥാപാത്രങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും തന്റേതായ മാനറിസം നൽകാറുമുണ്ട്. ഈയിടെ അവതരിപ്പിച്ച ത്രില്ലർ എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടൻ ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ത്രില്ലറിൽ ലുഖ്മാനോടൊപ്പമാണ് വേഷമിടുന്നത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഒരു അഭിനേത്രി എന്ന നിലയിൽ ഇത്തരം കഥാപാത്രങ്ങൾ തേടിയെത്തുന്നത് അംഗീകാരമായാണ് കാണുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ സജീദ് സംവിധാനം ചെയ്യുന്ന വടക്കനിലാണ് ഒടുവിൽ വേഷമിട്ടത്. ഹോളിവുഡിനെ വെല്ലുന്ന സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമാണ് വടക്കൻ. കാന്താര ഫെയിം കിഷോർ കുമാറും ശ്രുതി മേനോനുമാണ് നായിക നായകന്മാർ. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കി നിർമിക്കുന്ന ഒരു ബൃഹദ് സംരംഭമാണിത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയും ഗ്രാഫിക്‌സും ശബ്ദചിത്ര വിന്യാസങ്ങളുമെല്ലാമായി പുതിയ അനുഭവമായിരിക്കും വടക്കൻ സമ്മാനിക്കുന്നത്.
ഭാവി പരിപാടികൾ?
കഴിയുന്നിടത്തോളം ഈ രംഗത്ത് നിലനിൽക്കുക എന്നതാണ് ലക്ഷ്യം. അതിനാവശ്യം നല്ല ക്ഷമയാണ്. നായികയായി മാത്രമേ വേഷമിടൂ എന്നൊന്നുമില്ല. മനസ്സിനിണങ്ങിയ നല്ല വേഷങ്ങൾ ലഭിച്ചാൽ ഏതു തരം കഥാപാത്രത്തെയും അവതരിപ്പിക്കാനാവും എന്ന ആത്മവിശ്വാസമുണ്ട്. ശക്തമായ കഥാപാത്രമാണെങ്കിൽ ചെറിയ വേഷങ്ങളിലും അഭിനയിക്കാൻ മടിയില്ല.






