ദുബായ് - ദുബായില്‍ പ്രണയത്തിലായ പ്രവാസി നാട്ടിലെത്തി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി മിനി തോമസാണ് വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പോലീസിലും പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍.
വിമുക്ത ഭടനായ ഭര്‍ത്താവ് 2013 ല്‍ യു.എ.ഇയിലെത്തി. ദുബായിലുള്ള യുവതിയുമായി അടുപ്പത്തിലായതോടെ താനുമായുള്ള ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങി. യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അവരെ വിവാഹം കഴിക്കാന്‍ മിനിയുടെ സത്യവാങ്മൂലം ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ അവിശ്വസിക്കുന്നെന്നും അയാളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബാന്തരീക്ഷം മോശമാക്കിയെന്നും സത്യവാങ്മൂലത്തില്‍ എഴുതണമെന്നു നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ നാട്ടിലെത്തി ക്രൂരമായി മര്‍ദിച്ചെന്നും മിനിയുടെ പരാതിയില്‍ പറയുന്നു. മുഖത്തും കഴുത്തിലും കൈകാലുകള്‍ക്കും പരുക്കേറ്റ് ആശുപത്രിയിലായി.
കഴിഞ്ഞ ഓഗസ്റ്റില്‍ തിരിച്ചെത്തി വീണ്ടും മിനിയെ മര്‍ദിച്ചു. മിനിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ വാറന്റ് കൈപ്പറ്റാതെ ബാങ്ക് രേഖകളും റേഷന്‍ കാര്‍ഡും അടക്കം വിലപിടിപ്പുള്ള രേഖകളും മറ്റു സാധനങ്ങളുമായി ഭര്‍ത്താവ് ദുബായിലേക്കു കടന്നെന്നും ഇപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരന്‍ തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നും മിനി പറയുന്നു. ഭര്‍ത്താവിനെ ദുബായില്‍നിന്ന് പിടികൂടി നാട്ടിലേക്കു അയക്കണമെന്നും നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.