Sorry, you need to enable JavaScript to visit this website.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏഷ്യന്‍ കപ്പ് സ്ലോഗന്‍ മത്സരത്തില്‍ പങ്കെടുക്കാനവസരം

ദോഹ- ഏഷ്യയിലെ ഏറ്റവും വലിയ പുരുഷ ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാല് മാസം മാത്രം ശേഷിക്കെ, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്സി) ഖത്തര്‍ 2023ലെ എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള പ്രാദേശിക സംഘാടക സമിതിയും (എല്‍ഒസി) ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏഷ്യന്‍ കപ്പ് സ്ലോഗന്‍ മത്സരത്തില്‍ പങ്കെടുക്കാനവസരം നല്‍കുന്നു. ഏഷ്യന്‍ ഫുട്ബോളിന്റെ ആവേശഭരിതരായ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട മുദ്രാവാക്യത്തിന് വോട്ട് ചെയ്യാനും ഖത്തറിലെ ആകര്‍ഷകമായ പ്രവര്‍ത്തനത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാനുമുള്ള അവസരമാണൊരുക്കുന്നത്.

ഇഷ്ടപ്പെട്ട സ്ലോഗന് വോട്ട് ചെയ്ത് വിജയിക്കുന്നവര്‍ക്ക് ജനുവരി 12 ന് നടക്കുന്ന ഖത്തറും ലെബനോനും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാന്‍ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ പങ്കാളിക്കൊപ്പം ദോഹയിലേക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും അറിയിച്ചു. മുദ്രാവാക്യം മത്സരത്തില്‍ പതിനെട്ട് (18) വയസും അതില്‍ കൂടുതലുമുള്ള എല്ലാ വ്യക്തികള്‍ക്കും പങ്കെടുക്കാം.

പങ്കെടുക്കുന്നയാള്‍ 11 മുദ്രാവാക്യങ്ങളുള്ള ഗ്രൂപ്പില്‍ നിന്ന് അവര്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു മുദ്രാവാക്യത്തിന് വോട്ട് ചെയ്യണം. ശേഷം ഏഷ്യന്‍ കപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.

സെപ്റ്റംബര്‍ 22 വരെയാണ് മത്സരം. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ എഎഫ്‌സി.കോം അല്ലെങ്കില്‍ എഎഫ്‌സി യുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലോഗിന്‍ ചെയ്ത് 11 മുദ്രാവാക്യങ്ങളുടെ പട്ടികയില്‍ അവരുടെ പ്രിയപ്പെട്ട ടാഗ്ലൈനിനായി വോട്ട് ചെയ്യാം.

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഔദ്യോഗിക സ്ലോഗന്‍ 2023 ഒക്ടോബര്‍ 4-ന് പ്രഖ്യാപിക്കും. അന്നാണ് 100-ദിവസത്തെ കൗണ്ട്ഡൗണ്‍ തുടങ്ങുക.

Latest News