ലോകശ്രദ്ധ പിടിച്ചു പറ്റിയ, ഇപ്പോഴും കലാപ ഭൂമിയായി തുടരുന്ന മണിപ്പൂർ, ഹരിയാന പ്രശ്‌നങ്ങളിൽ നരേന്ദ്ര മോഡി മിണ്ടുന്നില്ല. ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ പോലും പ്രധാനമന്ത്രിയുടെ അസാന്നിധ്യം വിമർശന വിധേയമാകുന്നു. പ്രമേയം പാസാക്കില്ല എന്നറിയാമായിരുന്നിട്ടുപോലും മുൻകാലങ്ങളിൽ പ്രധാനമന്ത്രിമാർ സഭയിൽ ഇരുന്ന് എല്ലാം ശ്രദ്ധിക്കുമായിരുന്നു. ഇത്തവണ മോഡി വന്നതാകട്ടെ, ചർച്ചക്ക് മറുപടി പറയാൻ മാത്രം. അതു തന്നെയും അംഗങ്ങൾ ഉന്നയിച്ച ഗൗരവ പ്രശ്‌നങ്ങൾ മുഖവിലക്കെടുക്കാതെ, പരിഹസിച്ചും തമാശ പറഞ്ഞും സമയം പൂർത്തിയാക്കി.
കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എ.വി. കുട്ടിമാളു അമ്മ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ഒരു കത്തെഴുതി. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ താൻ രക്ഷാധികാരിയായ അനാഥാലയത്തിന്റെ വാർഷികത്തിൽ പങ്കെടുക്കാനുള്ള ക്ഷണമായിരുന്നു അത്. പ്രധാനമന്ത്രിയുടെ മറുപടി ഉടനെ ലഭിച്ചു. ആ സമയത്ത് പാർലമെന്റ് സമ്മേളിക്കുമെന്നതിനാൽ തനിക്ക് ദൽഹിയിൽ നിന്ന് മാറിനിൽക്കാൻ പറ്റുകയില്ല. ജനാധിപത്യത്തോടും പാർലമെന്ററി വ്യവസ്ഥയോടുമുള്ള ഒരു പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണ് ഇവിടെ പ്രകടമാകുന്നത്. പാർലമെന്റ് സമ്മേളിക്കുമ്പോൾ ദിവസവും രാവിലെ തന്നെ പാർലമെന്റ് മന്ദിരത്തിലെത്തും. രാജ്യസഭയിലോ ലോക്‌സഭയിലോ ആയി ദിവസം മുഴുവൻ ഉണ്ടാകും. അല്ലാത്ത സമയങ്ങളിൽ പാർലമെന്റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ സന്ദർശകരായ എം.പിമാരെ സ്വീകരിക്കും. പറയാനുള്ളത് മുഴുവൻ കേൾക്കും.
ജവാഹർലാൽ നെഹ്റുവും ഇങ്ങനെ തന്നെ ആയിരുന്നു. അക്കാലങ്ങളിൽ ഇന്നത്തെപ്പോലെ യാത്രാ സൗകര്യങ്ങളോ, വാർത്താ വിതരണ സംവിധാനങ്ങളോ, ആശയവിനിമയ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. ദൂരദിക്കുകളിൽ നിന്നാണ് അംഗങ്ങൾ പാർലമെന്റിലെത്തുക. ട്രെയിൻ, വിമാന സർവീസുകൾ പരിമിതമായിരുന്നുവെന്ന് മാത്രമല്ല, എം.പിമാർക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. വിമാനത്തിൽ പോകേണ്ടവർക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ - വിമാന ടിക്കറ്റ് വിലയുടെ വ്യത്യാസ തുക കൈയിൽ നിന്ന് നൽകണം. ദൽഹിയിൽ എത്തുക പലർക്കും ദുഷ്‌കരം. കോഴിക്കോട് എം.പി ട്രെയിനിൽ രണ്ടാം ദിവസമേ ദൽഹിയിൽ എത്തുകയുള്ളൂ. അത് തന്നെയും മദ്രാസിൽ വെച്ച് ട്രെയിൻ മാറിക്കയറണം. ദൽഹിയിലേക്ക് നേരിട്ട് സർവീസ് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന 'ജയന്തി ജനത'യിൽ ഫസ്റ്റ് ക്ലാസോ റിസർവേഷനോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എം.പിമാരുടെ കാര്യത്തിൽ പ്രധാനമന്ത്രിമാർ പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. നെഹ്റു രാത്രി വൈകുന്നത് വരെ പാർലമെന്റ് ഓഫീസിൽ ചെലവഴിക്കുമായിരുന്നു. എല്ലാ ഭാഗത്തുനിന്നുമുള്ള എം.പിമാരെയും പ്രത്യേകം കണ്ട് അവരുടെ പ്രശ്‌നങ്ങളും നിയോജക മണ്ഡലത്തിലെ കാര്യങ്ങളും വിശേഷങ്ങളും അന്വേഷിച്ചറിയുമായിരുന്നു. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ അനുകരണീയ മാതൃക. എല്ലാം പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നതിൽ എം.പിമാർക്കും വലിയ താൽപര്യമായിരുന്നു.
ഈ കാര്യങ്ങളെല്ലാം ഇപ്പോൾ ഓർത്തു ചർച്ചയാകുന്നത് സമീപ കാലത്തെ സംഭവ വികാസങ്ങളാണ്. പ്രധാനമന്ത്രി പാർലമെന്റിനെ നോക്കുകുത്തിയാക്കുന്നു. ദൽഹിയിൽ ഉള്ളപ്പോൾ പോലും പാർലമെന്റിൽ വരുന്നില്ല, സഭ സമ്മേളിക്കുമ്പോൾ ദൽഹിക്ക് പുറത്തു പോകുന്നുവെന്ന് മാത്രമല്ല, വിദേശ യാത്രകളും നടത്തുന്നു. സഭയിൽ ഒന്നിനും മറുപടി പറയാതെ 'മൗമൗനി'യായി ഇരിക്കുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ, ഇപ്പോഴും കലാപ ഭൂമിയായി തുടരുന്ന മണിപ്പൂർ, ഹരിയാന പ്രശ്‌നങ്ങളിൽ നരേന്ദ്ര മോഡി മിണ്ടുന്നില്ല. ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ പോലും പ്രധാനമന്ത്രിയുടെ അസാന്നിധ്യം വിമർശന വിധേയമാകുന്നു. പ്രമേയം പാസാക്കില്ല എന്നറിയാമായിരുന്നിട്ടുപോലും മുൻകാലങ്ങളിൽ പ്രധാനമന്ത്രിമാർ സഭയിൽ ഇരുന്ന് എല്ലാം ശ്രദ്ധിക്കുമായിരുന്നു. ഇത്തവണ മോഡി വന്നതാകട്ടെ, ചർച്ചക്ക് മറുപടി പറയാൻ മാത്രം. അതു തന്നെയും അംഗങ്ങൾ ഉന്നയിച്ച ഗൗരവ പ്രശ്‌നങ്ങൾ മുഖവിലക്കെടുക്കാതെ, പരിഹസിച്ചും തമാശ പറഞ്ഞും സമയം പൂർത്തിയാക്കി. ഒരർത്ഥത്തിൽ ഇത് നരേന്ദ്ര മോഡി തുടങ്ങിവെച്ചതല്ല. 'മൗനിബാബ' എന്ന പേർ ആദ്യം കിട്ടിയത് മൻമോഹൻ സിംഗിനായിരുന്നു. പാർലമെന്റിൽ വരാതിരിക്കുന്നതും സഭ സമ്മേളിക്കുമ്പോൾ വിദേശ യാത്ര നടത്തുന്നതും അദ്ദേഹത്തിന്റെ സ്വഭാവം ആയിരുന്നു. ഇതൊക്കെ ജനാധിപത്യ മൂല്യങ്ങൾക്കും പാർലമെന്ററി സംവിധാനങ്ങൾക്കും എത്രത്തോളം പോറൽ ഏൽപിച്ചുവെന്ന് നാം പഠിക്കണം. ജവാഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും കാഴ്ചവെച്ച മാതൃകകൾ വിലയിരുത്താൻ നാം തയാറാകണം. അപ്പോൾ മാത്രമേ ജനാധിപത്യം കരുത്താർജിക്കയുള്ളൂ.
തങ്ങൾക്കെതിരായുള്ള എല്ലാത്തരം വിമർശനങ്ങളും പ്രധാനമന്ത്രിമാർ ക്ഷമയോടും സഹിഷ്ണുതയോടും കേൾക്കുമായിരുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തുമായിരുന്നു. നരേന്ദ്ര മോഡിയെ പാർലമെന്റിൽ വിമർശിച്ചതിന്റെ പേരിൽ ലോക്‌സഭ പ്രതിപക്ഷ നേതാവിനെ ഈയിടെ സഭയിൽ നിന്നും സ്പീക്കർ ഓം ബിർള സസ്‌പെന്റ് ചെയ്തത് നാം കാണുകയുണ്ടായി. നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ ചിതലെടുക്കുന്നതിന്റെ സൂചനയാണോ ഇവയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. എ.കെ. ഗോപാലൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രധാനമന്ത്രി നെഹ്റുവിനെ രൂക്ഷമായി വിമർശിച്ചത് ഓർമ വരികയാണ്. അന്നത്തെ സ്പീക്കർ അനന്തശയനം അയ്യങ്കാർ ഗോപാലനെ സംസാരിക്കാൻ അനുവദിച്ചു. ആവശ്യമായ സമയവും നൽകി. പ്രധാനമന്ത്രി എന്ന നിലയിലുള്ള നെഹ്റുവിന്റെ എന്തെങ്കിലും വീഴ്ചയോ, അഴിമതിയോ ആയിരുന്നില്ല വിഷയം. അദ്ദേഹത്തിന്റെ കുടുംബ പ്രതാപവും പഠിക്കുന്ന കാലത്തെ ആഡംബരവുമൊക്കെയായിരുന്നു പരാമർശങ്ങൾ. ഇംഗ്ലണ്ടിൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുമ്പോൾ അതിന്റെ നാല് ഗേറ്റുകളിലും ഓരോ കാർ നെഹ്റുവിനെ കാത്തിരിക്കുന്നുണ്ടാകും. ഏത് ഗേറ്റിലൂടെയാണോ പുറത്തു വരുന്നത് അവിടെയുള്ള കാറിൽ കയറിപ്പോകും. ആഡംബര വസ്ത്രങ്ങൾ. അലക്കുന്നത് പാരീസിൽ. വിമാനത്തിൽ കൊണ്ടുപോകും. അങ്ങനെ ഒരുപാട് പരാമർശങ്ങൾ. ഇത്തരത്തിൽ ജീവിച്ച ഒരാൾക്കു പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ ഭരിക്കാനാകുമോ എന്നതായിരുന്നു പരാമർശം. ഭരണവുമായോ പാർലമെന്റുമായോ ബന്ധമില്ലാത്ത കാര്യങ്ങൾ ആയിരുന്നുവെങ്കിലും ഒരു മിനിറ്റ് കൊണ്ട് എല്ലാം ഉൾക്കൊള്ളുന്ന മറുപടി നെഹ്റു പറഞ്ഞു. താൻ പഠിച്ചത് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ അല്ല, കാംബ്രിഡ്ജിൽ ആയിരുന്നു ഹാരോ കോളേജിൽ. കാംബ്രിഡ്ജിനു അന്നും ഇന്നും ഒരു ഗേറ്റ് മാത്രമേ ഉള്ളൂ. യൂനിഫോം ധരിക്കൽ നിർബന്ധം. വസ്ത്രങ്ങൾ അലക്കാൻ ഹോസ്റ്റലിൽ ലോൻഡ്രി ഉണ്ടായിരുന്നു. അവിടെ കൊടുക്കണം. പോക്കുവരവ് കോളേജ് ബസിൽ മാത്രം. ഇന്ന് ആർക്കെങ്കിലും ഇങ്ങനെ പറയാൻ സാധിക്കുമോ? മിണ്ടിയാൽ രാജ്യദ്രോഹക്കുറ്റം. പ്രതിഷേധിച്ചാൽ കലാപത്തിനുള്ള ആഹ്വാനം. നമ്മുടെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും എവിടെ എത്തിനിൽക്കുന്നുവെന്ന് വിലയിരുത്താൻ സമയമായി.






