വരാനിരിക്കുന്നത് വരൾച്ചയുടെ നാളുകൾ

കേരളത്തിന്റെ കാലാവസ്ഥയിൽ ഈ വർഷമുണ്ടായ മാറ്റം വരാനിരിക്കുന്ന നാളുകളെ വരൾച്ചയുടെ പിടിയിലാക്കുമെന്ന ആശങ്കകളുയർത്തിയിരിക്കുകയാണ്. മഴ ശക്തമായി ലഭിക്കേണ്ടിയിരുന്ന ജൂൺ മാസം മുതൽ സെപ്തംബർ  മാസം വരെ മഴയുടെ ലഭ്യതയിലുണ്ടായ കുറവ് ചരി.്രതത്തിൽ ഇല്ലാത്തതാണ്. ഈ മഴക്കാലത്ത് സംഭരിക്കപ്പെടേണ്ടിയിരുന്ന വെള്ളമാണ് അടുത്ത വേനൽകാലത്ത് നാടിന് ആശ്വാസമാകേണ്ടിയിരുന്നത്. എന്നാൽ ഇത്തവണത്തെ മഴക്കുറവ് വലിയൊരു പ്രദേശത്ത് വരൾച്ചയുടെ ഭീഷണിയയുർത്തുകയാണ്. കാലാവസ്ഥ നിരക്ഷണ വകുപ്പിന്റെ കണക്കുകൂട്ടലുകൾ പ്രകാരം മലബാർ മേഖലയാണ് കൊടുംവരൾച്ചയെ അഭിമുഖീകരിക്കാനിരിക്കുന്നത്.
ജലസംഭണികളിൽ വെളളം സംഭരിക്കുന്നത് സംബന്ധിച്ച് ഇത്തവണ കടുത്ത ആശയക്കുഴപ്പമാണ് ഉണ്ടായിരിക്കുന്നത്. സാധാരണത്തെ പോലെ ജൂണിൽ കനത്ത മഴ ലഭിക്കുമ്പോൾ ജലസംഭരണികൾ തുറന്നിടുന്ന പതിവ് ഇത്തവണയും ഉണ്ടായി. കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ സാഹചര്യത്തിൽ ഡാമുകളിൽ വെള്ളം സംഭരിച്ചു നിർത്തുന്ന കാര്യത്തിൽ ജലവിഭവ വകുപ്പിന് ആശയക്കുഴപ്പമുണ്ടായി. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴയിലൂടെ ലഭിക്കുന്ന വെള്ളം സംഭരിക്കാതെ അറബിക്കടലിലേക്ക് ഒഴുക്കിവിടുന്നതാണ് പതിവ്. സെപ്തംബർ ആദ്യത്തോടെ അടക്കുന്ന ഡാമുകളിൽ അടുത്ത വേനൽ കാലത്തേക്കുള്ള വെള്ളം കരുതലായി ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ കാലവർഷം ദുർബലമായതോടെ ജലസംഭരണികളിൽ വെള്ളമെത്തിയില്ല. അതോടെ ഡാമുകൾ നേരത്തെ അടച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ആവശ്യത്തിന് വെള്ളം ഡാമുകളിൽ ഒഴുകിയെത്തുമോ എന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല.
ഈ വർഷം ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെ ലഭിച്ച മഴയുടെ അളവ് ആശങ്കാജനകമായ അളവിൽ കുറവാണ്. സംസ്ഥാനത്തൊട്ടാകെ അറുപത് ശതമാനം വരെ മഴയാണ് കുറഞ്ഞതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മിക്ക ജില്ലകളിലും വലിയ വരൾച്ചയാണ് വരാനിരിക്കുന്നതെന്ന് മുന്നറിയിപ്പുമുണ്ട്. കടുത്ത ജലക്ഷാമം നേരിടുന്ന ജില്ലകളിലേറെയും വടക്കൻ കേരളത്തിലാണ്. ഈ വർഷം കൊടുംവരൾച്ചക്ക് സാധ്യതയുള്ള ജില്ലകളിൽ മലപ്പുറവും കോഴിക്കോടും പാലക്കാടും തൃശൂരും കോട്ടയവുമാണുള്ളത്. മിതമായ രീതിയിൽ വരൾച്ച സാധ്യതയുള്ളത് കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുമാണ്. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ജലനിരപ്പിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് മുപ്പത്തിഞ്ച് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കാലവർഷത്തിൽ വലിയ കുറവുണ്ടായ സാഹചര്യത്തിൽ ഇത്തവണ തുലാവർഷവും ദുർബലമാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ വരൾച്ചക്കുള്ള സാധ്യത വർധിക്കുകയാണ്.
മഴയുടെ കുറവ് പ്രധാനമായും ബാധിക്കാനിരിക്കുന്നത് ശുദ്ധജല വിതരണത്തെ തന്നെയാണ്. പുഴകളിലും തോടുകളിലു ജലനിരപ്പ് കുറയുന്നതോടെ കിണറുകളിലും വെള്ളം കുറയും. മലബാർ മേഖലയിലെ മലയോരങ്ങളിൽ പൊതുവിൽ വേനൽകാലങ്ങളിൽ കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ജലനിധി പോലുള്ള പൊതു ജലവിതരണ സംവിധാനത്തിലൂടെ മിക്ക വീടുകളിലും ശുദ്ധജല പൈപ്പുകൾ എത്തിച്ചിട്ടുണ്ടെങ്കിലും പമ്പിംഗ് നടത്താൻ  വെള്ളമില്ലാത്ത അവസ്ഥിയലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ജലാശയങ്ങളിൽ വെള്ളം കുറയുന്നത് കന്നുകാലികളുടെ ജീവിതത്തെയും ബാധിക്കും. വെള്ളത്തിന്റെ ഗുണനിലവാരം കുറയാനും ഇത് കാരണമാകും.
ജലത്തിന്റെ ഉപയോഗം കാർഷിക മേഖലയിലും നിയന്ത്രിക്കേണ്ടി വരും. നെൽപാടങ്ങളിലാണെങ്കിൽ പ്രധാനപ്പെട്ട രണ്ടാം വിളയും പുഞ്ചക്കൃഷിയും നടക്കേണ്ട മാസങ്ങളാണ് വരാനിരിക്കുന്നത്. പുഴകളിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് രണ്ടാം വിള കൃഷി പലയിടത്തും തുടങ്ങാനിരിക്കുന്നത്. ഈ വിളയ്ക്കായി പലയിടത്തും കൃഷി ഭവനുകൾ മുഖേന വിത്തുകൾ കർഷകർക്ക് എത്തിച്ചിട്ടുണ്ട്. ചിലയിടങ്ങളിലെല്ലാം വിത്ത് പാകി ഞാറ് നടീലിന് പാകമാകുകയും ചെയ്തിരിക്കുന്നു. വെള്ളത്തിന്റെ കുറവ് മൂലം നടീൽ യഥാസമയത്ത് നടത്താനാകുമോ എന്ന ആശങ്കയിലാണ് കർഷകർ. ഒരുവിധം വെള്ളമൊപ്പിച്ച് നടീൽ പൂർത്തിയാക്കിയാൽ തന്നെ, നെല്ല് വളരാൻ വെള്ളം ലഭിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. വിള കരിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണെന്നാണ് കർഷകരുടെ ആശങ്ക.
ജലസംരക്ഷണത്തിനായി ഇപ്പോൾ തന്നെ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പല പ്രദേശങ്ങളും കുടിവെള്ളം പോലും ലഭിക്കാത്ത ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ജലസംഭരണികളിൽ നിന്ന് വെള്ളം ചോർന്നു പോകാതെ നോക്കേണ്ടതുണ്ട്. അതോടൊപ്പം വെള്ളം പാഴാക്കിക്കളയാതിരിക്കാൻ ജനങ്ങളിൽ വ്യാപകമായ ബോധവൽക്കരണം ആവശ്യമായി വരും. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരാനിരിക്കുന്ന വേനൽകാലത്ത് വരൾച്ച നാട്ടിൽ വലിയ ദുരിതങ്ങൾ വിതയ്ക്കും.

Latest News