ഇഖാമ പുതുക്കുന്നതിന് പണം ചോദിച്ചു, നല്‍കാത്തതിന് പ്രതികാര നടപടി... ഒടുവില്‍ നാട്ടിലേക്ക്

കുവൈത്ത് സിറ്റി- ശുചീകരണ ജോലിക്കായി ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്‍സി വഴി കുവൈത്തില്‍ എത്തി ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി കുടുങ്ങിയ 20 പേരെ ഇന്ത്യന്‍ എംബസി ഇടപെട്ട് നാട്ടിലെത്തിച്ചു. വിസക്ക് ഏജന്‍സി പണം ഈടാക്കിയതായും തൊഴിലാളികള്‍ പറഞ്ഞു. തമിഴ്‌നാട്ടുകാരാണ് ഭൂരിഭാഗവും.
കുവൈത്തില്‍ എത്തി ഒരു വര്‍ഷത്തിനു ശേഷം ഇഖാമ പുതുക്കുന്നതിന് 475 ദിനാര്‍ നല്‍കണമെന്ന് കമ്പനി തൊഴിലാളികളോട് ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ച തൊഴിലാളികള്‍ വിസ റദ്ദാക്കി നാട്ടിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രകോപിതരായ കമ്പനി ജോലി നല്‍കുന്നത് നിര്‍ത്തുകയും താമസസ്ഥലത്തെ വെള്ളവും വൈദ്യുതിയും വിഛേദിക്കുകയും ചെയ്തു.
കൊടുംചൂടില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇല്ലാതെ ദുരിതജീവിതം നയിച്ച തൊഴിലാളികള്‍ ഉദാരമനസ്‌കരുടെ കാരുണ്യം കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിയത്. സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കുകയായിരുന്നു. എംബസി പ്രാദേശിക അധികൃതരെ വിവരം അറിയിച്ചതോടെ വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിച്ചു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് എടുത്ത് തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. രണ്ട് സംഘമായാണ് ഇവര്‍ മടങ്ങിയത്.

 

Latest News