തൃക്കാക്കരയിലും പുതുപ്പള്ളിയിലുമെല്ലം വിജയവും തോൽവിയും തീരുമാനിച്ചതിൽ സൈബർ ഇടത്തിനും ചാനൽ സാന്നിധ്യങ്ങൾക്കുമുള്ള പങ്ക് പാർട്ടികൾ വിലയിരുത്താതിരിക്കില്ല. അതിനനുസരിച്ചുള്ള മാറ്റം പ്രതീക്ഷിക്കാം. ചാനൽ ചർച്ചയിൽ കേൾക്കുന്ന വാക്കുകളും സൈബർ ഇടത്തെ വാക്കും വരികളുമെല്ലാം പ്രബുദ്ധ കേരളം ഇഴകീറി പരിശോധിക്കുന്നുണ്ടെന്ന് ഓർക്കേണ്ടവർ ഓർത്താൽ അവർക്ക് നല്ലത്.
ഒരു കാലത്ത് രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ അവരുടെ വീറും വാശിയും തീർത്തത് മുദ്രാവാക്യങ്ങളിലായിരുന്നു. എതിർപാർട്ടിക്കാരനെ നേരിടാൻ അവർ അടുത്ത തെരുവ് പ്രകടനത്തിനായി കാത്തിരുന്നു. കിട്ടുന്ന ആദ്യത്തെ അവസരത്തിൽ വീറും വാശിയുമെല്ലാം സംസ്‌കാരലേശമുള്ളവർ ഉപയോഗിക്കാൻ മടിക്കുന്ന പദങ്ങൾ കോർത്ത മുദ്രാവാക്യങ്ങളിൽ അവർ തീർത്തു. അടുത്ത പ്രകടനം വരട്ടെ, കാണിച്ചുതരാം എന്ന് ഈ ഗണത്തിൽ പെട്ടവർ അങ്ങാടികളിൽ അന്യോന്യം വീമ്പു പറഞ്ഞ് വാശി തീർത്തു. പാർട്ടികളിൽ പ്രവർത്തിച്ചവരുടെ ഓർമയിൽ എത്രയെത്രയോ മുദ്രാവാക്യങ്ങൾ ഈ വരികൾക്കൊപ്പം മുഴങ്ങുന്നുണ്ടാകും. അവയിൽ ഒന്നാന്തരം കവിത സമാനമായവ കാണും. വളരെ മോശമായവയും ഉണ്ടാകും. എത്രയോ നേതാക്കൾ തെരുവിൽ മുദ്രാവാക്യങ്ങളിൽ അപമാനിക്കപ്പെട്ടു. പാർട്ടികളുടെ പിളർപ്പ് കാലം മുദ്രാവാക്യങ്ങളുടെ പിറവിക്ക് പേരുകേട്ട നാളുകളുമായിരുന്നു. ജഗ്ജീവൻ പോയി ജീവൻ പോയി, ബഹുഗുണ പോയി ഗുണവും പോയി, പവാർ പോയി പവറും പോയി ... എന്ന മട്ടിലുള്ള മുദ്രാവാക്യം കോൺഗ്രസ് കലഹ കാലത്തിന്റെ നേർചിത്രം നൽകുന്നവയാണ്. കവി കൂടിയായിരുന്ന ദേവകാന്ത് ബറുവ ഇന്ദിര ഗാന്ധിയെപ്പറ്റി പറഞ്ഞ വരികൾ ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര ... എത്രയോ കാലം തരംഗമായി നിലനിന്നു. അരി തരാത്ത, തുണി തരാത്ത പണി തരാത്ത ഭരണമേ ....എന്ന് ഭരണത്തിലൊന്നും ഇല്ലാത്ത കാലത്ത് കമ്യൂണിസ്റ്റുകാർ നീട്ടിവിളിച്ചത് എത്ര കാലം കഴിഞ്ഞാലും മറവിയിലേക്ക് പോകില്ല. തെക്ക് തെക്കൊരു ദേശത്ത്, തിരമാലകളുടെ തീരത്ത്, ഫ്‌ളോറിയെന്നൊരു ഗർഭിണിയെ ചുട്ടുകരിച്ചൊരു സർക്കാരെ, പകരം ഞങ്ങൾ ചോദിക്കും... '' എന്നത് 1959 ൽ ഇ.എം.എസ് സർക്കാരിനെതിരെയുള്ള ശക്തമായ മുദ്രാവാക്യമാക്കി മാറ്റാൻ കോൺഗ്രസിനും സഹകക്ഷികൾക്കും സാധിച്ചതും ചരിത്രം.
മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതിവെക്കുന്ന രീതി കേരളത്തിൽ പരീക്ഷിച്ചത് എം.എ. ജോണിന്റെ പരിവർത്തന വാദികളായിരുന്നു. പരിപാടികളിലുള്ള പിടിവാശിയാണ് പരിവർത്തന വാദിയുടെ പടവാൾ ...തുടങ്ങി ശ്വാസം പോയാലും പ്രാസം വിടാത്ത മട്ടിലുള്ള മുദ്രാവാക്യങ്ങൾ അന്ന് ചുമരുകളിൽ നിറഞ്ഞു. പുഴുക്കടിക്ക് ജാലിം ലോഷൻ എന്ന പരസ്യവും ഈ മുദ്രാവാക്യങ്ങൾക്കടുത്ത് പതിഞ്ഞത് നല്ല തമാശയായിരുന്നു. ഇതെല്ലാം നല്ല മുദ്രാവാക്യങ്ങളുടെ കാര്യം. പരസ്പരം തെറിപറയുന്ന മുദ്രാവാക്യങ്ങൾ മറ്റൊരു ഇനമാണ്. അവ എല്ലാ കാലത്തും ബന്ധപ്പെട്ട പാർട്ടികൾക്ക് പേരുദോഷമേ വരുത്തിവെച്ചിട്ടുള്ളൂ. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ നാട്ടിൽ കലാപങ്ങൾക്ക് പോലും കാരണമായ അനുഭവങ്ങൾ എത്രയോ ഉണ്ട്. മുദ്രാവാക്യങ്ങളുടെ സ്ഥാനം ഇന്ന് സൈബർ ഇടങ്ങളിലെ കുറിപ്പുകൾക്കും ചിത്രങ്ങൾക്കും വഴിമാറിയിരിക്കുന്നു. മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ കിടന്ന് പിന്നെ, പിന്നെ മാഞ്ഞു പോകും. സൈബർ ഇടം അങ്ങനെയല്ല. അവ കാലാകാലം നിലനിൽക്കും. കേരളത്തിലെ മുഖ്യ പാർട്ടികൾ, പ്രത്യേകിച്ച് സി.പി.എം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് സൈബർ വെട്ടുകിളികളാണെന്ന് ആ പാർട്ടിയും തിരിച്ചറിയുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഏറ്റവും ഒടുവിൽ പുതുപ്പള്ളി തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തിരിച്ചടിയുടെ മുഖ്യ പങ്കും സൈബർ ഇടത്തിനുണ്ട്.
പാർട്ടിയുടെ സൈബർ ഷെയറിംഗ് മേഖല കൈകാര്യം ചെയ്യുന്നവരുടെ നിലവാരം മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും- അവർക്കറിയാവുന്നത് കിട്ടുന്ന ഇനം ഷെയർ ചെയ്യൽ മാത്രം. സകല സൗകര്യങ്ങളുമുള്ള മൊബൈൽ കൈയിലുണ്ടെങ്കിൽ കാര്യം എളുപ്പം. ഇവർ പല പേരുകളിൽ അറിയപ്പെടുന്നവരായിരിക്കും. ''കുരക്കാനോ കടിക്കാനോ ശേഷിയില്ലാത്ത മനുഷ്യർ നായ്ക്കളെ പോറ്റുന്നതു പോലെയാണ് രാഷ്ട്രീയ പാർട്ടിക്കാർ സൈബർ പോരാളികളെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നത് ... '' എന്ന കൽപറ്റ നാരായണന്റെ വാക്കുകൾ ഈ രംഗത്തെ അതിക്രമ കാരികൾകക്കെല്ലാം ചേരുന്ന പ്രയോഗമാണ്. പുതുപ്പള്ളിയിൽ പകരത്തിന് പകരം എന്ന നിലക്കാണ് സൈബർ പോരാളികൾ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയതെന്നായിരിക്കാം അവരുടെ ന്യായീകരണം. ഈ ന്യായീകരണം പുതുപ്പള്ളിയിലെ ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചതെന്ന് ഇപ്പോഴും സി.പി.എം സൈബർ ഇടങ്ങൾക്ക് മനസ്സിലായ മട്ടില്ല.
ചാനൽ ചർച്ചകളിലെ ഇടപെടലുകളിലും പിന്നോക്കാവസ്ഥ ഉടനീളം കാണാനാകും.
ഇന്നത്തെ ചാനൽ മുഖം നാളത്തെ രാഷ്ട്രീയ വിജയി എന്ന സ്ഥിതി അടുത്ത കാലത്ത് സർവസാധാരണമാണ്. കോൺഗ്രസിലും സി.പി.എമ്മിലുമെല്ലാം ഇതാണവസ്ഥ. സി.പി.എമ്മിന്റെ അടുത്ത കാലത്തെ ചാനൽ മുഖങ്ങൾ കഴിവ് കൊണ്ട് മുൻഗാമികളുടെ അടുത്തൊന്നും എത്തുന്നില്ല -എതിരാളിക്കെതിരെ എന്തൊക്കെയോ വിളിച്ചു പറയുന്ന സ്ഥിതി. കോൺഗ്രസ് ഇക്കാര്യത്തിൽ ഇത്തിരി സമ്പന്നമാണെന്ന് പറയാം. ഷാർപ്പായി ഇടപെടാൻ അവരുടെ ചാനൽ മുഖങ്ങൾക്ക് സാധിക്കുന്നുണ്ട്. തൃക്കാക്കരയിലും പുതുപ്പള്ളിയിലുമെല്ലം വിജയവും തോൽവിയും തീരുമാനിച്ചതിൽ സൈബർ ഇടത്തിനും ചാനൽ സാന്നിധ്യങ്ങൾക്കുമുള്ള പങ്ക് പാർട്ടികൾ വിലയിരുത്താതിരിക്കില്ല. അതിനനുസരിച്ചുള്ള മാറ്റം പ്രതീക്ഷിക്കാം. ചാനൽ ചർച്ചയിൽ കേൾക്കുന്ന വാക്കുകളും സൈബർ ഇടത്തെ വാക്കും വരികളുമെല്ലാം പ്രബുദ്ധ കേരളം ഇഴകീറി പരിശോധിക്കുന്നുണ്ടെന്ന് ഓർക്കേണ്ടവർ ഓർത്താൽ അവർക്ക് നല്ലത്.






