ഒരു മാസത്തെ വെക്കേഷന് നാട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സിൽ മുഴവൻ മഴയുടെ പ്രതീക്ഷകൾ ആയിരുന്നു. നാട്ടിൽ നിന്ന ജൂലൈ 28 മുതൽ ഓഗസ്റ്റ് 30 വരെ നിർഭാഗ്യവശാൽ നല്ല ഒരു മഴ ലഭിച്ചില്ല. നാട്ടിൽ എത്തിയ ഉടനെ ഒരു നീളൻ കാലൻ കുട വാങ്ങിയിരുന്നു, പെരുംമഴ പെയ്യുമ്പോൾ കുട പിടിച്ചു മഴ ആസ്വദിക്കാൻ. എന്നാൽ അതിനുള്ള ഭാഗ്യം ലഭിച്ചില്ല .
തിരിച്ചു ജിദ്ദയിൽ ഇറങ്ങിയപ്പോൾ ഹ്യൂമിഡിറ്റി കൊണ്ട് നിൽക്കാൻ വയ്യ. എന്നാൽ അതിലും വലിയ മനോവേദന നാട്ടിൽ മഴ തുടങ്ങി എന്ന വാർത്തകളായിരുന്നു. കൂട്ടുകാരുടെ ഓരോ മെസ്സേജും മഴയുടെ വിഡിയോകളും ചിത്രങ്ങളും ആയിരുന്നു. വളരെ അധികം സങ്കടപെട്ട നിമിഷങ്ങൾ .
തിരിച്ചു വരുമ്പോഴേ അറിയാമായിരുന്നു സൗദിയുടെ തെക്കൻ മേഖലകളിൽ നല്ല മഴ ഉണ്ടെന്ന കാര്യം. എന്നത്തേയും പോലെ മഴയെയും മഴക്കാറിനെയും കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റുകൾ നിരീക്ഷിക്കാൻ തുടങ്ങി. സെപ്താറ്റംബർ ഒമ്പതിന് തായിഫിലെ ശഫാ മലനിരകളിൽ ഉച്ചക്ക് ശേഷം നല്ല മഴ സാധ്യത കണ്ടു. അതും ലക്ഷ്യമാക്കി ശഫാ മലയിലേക്ക് കുടുംബത്തോടപ്പം വണ്ടി കയറി. മഴ സാധ്യത ശഫയിൽ ആയതിനാൽ സാധാരണ ഉള്ള തായിഫ് റൂട്ടിന് പകരം മുഹമ്മദിയ ചുരം വഴി ആണ് പോയത്. ആ വഴി നേരെ ശഫയിലേക്കാണ് എത്തുന്നത്. ചുരം തുടങ്ങി 20 മിനിറ്റ് കഴിഞ്ഞ ഉടനെ മഴ തുള്ളികൾ കാറിന്റെ ഗ്ലാസിൽ പതിച്ചു. കുട്ടികൾ സന്തോഷംകൊണ്ട് ഗ്ലാസ്സുകൾ തുറന്ന് ആസ്വാദനം തുടങ്ങി .
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അല്പം കൂടി പോയപ്പോൾ ശക്‌തമായ മഴയും ഇടിയും. കാലാവസ്ഥ പ്രവചിച്ചതു പോലെ തന്നെ മഴകിട്ടി. യാത്രയിൽ റോഡിൽ രണ്ടു മൂന്ന് കാറുകൾ മാത്രമേയുള്ളു. എതിർവശത്തുനിന്ന് വന്ന സൗദി പൗരൻ അലെർട്ട് ലൈറ്റ് ഇട്ടു കാണിച്ചു. ഞാൻ വണ്ടി നിർത്തി. മുകളിലേക്ക് പോകേണ്ടെന്നും ശഫുയടെ മുമ്പ് തന്ന ട്രാഫിക് കണ്ട്രോൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും മുകളിലേക്ക് പോയിട്ട് കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വൈകീട്ട് ആറു മണി വരെ ക്ലോസ് ആണെന്നും അദ്ദേഹം അറിയിച്ചു.
വണ്ടി തിരിച്ചു സാധാരണ വഴി പിടിക്കാൻ സമയവും ഇല്ല. മെല്ലെ ചുരം ഇറങ്ങി തുടങ്ങി. പാർക്ക് ചെയ്യാൻ പറ്റുന്ന സ്ഥലം നോക്കി. അല്പം സേഫ് ആണെന്ന് കരുതിയ സ്ഥലത്ത് വണ്ടി നിർത്തി. മഴ ശക്തമായി പെയ്തു കൂടെ കോടമഞ്ഞും, എല്ലാവരുടെയും മനസ് നിറഞ്ഞു , കുട്ടികൾ മതിവരുവോളം മഴ നനഞ്ഞു. കുട്ടികൾ ക്ഷീണിക്കും വരെ മഴ ആസ്വദിച്ചാണ് ജിദ്ദയിലേക് വണ്ടി തിരിച്ചത്. അങ്ങിനെ നാട്ടിൽ മഴ കിട്ടാത്ത പകുതി സങ്കടം മാറി കിട്ടി .