മനാമ- ബഹ്‌റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി റാഡിസൺ ബ്ലൂ ഹോട്ടലിൽ സംഘടിപ്പിച്ച 'ട്രിബ്യൂട്ട് ടു ബഹ്‌റൈൻ' ആഘോഷങ്ങളുടെ ഭാഗമായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും പ്രവാസികളുടെ പ്രാധാന്യത്തെക്കുറിച്ചും മുൻ രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താവും നവോത്ഥാന നായകന്മാരിൽ ഏറ്റവും പ്രധാന സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയുമായ ഗുരുദേവന്റെ തത്വങ്ങളും ദർശനങ്ങളും ഏറെ പ്രസക്തമാണെന്ന് ചടങ്ങിൽ സംബന്ധിച്ച യൂസഫലി പറഞ്ഞു. ഗുരുദേവൻ രചിച്ച അനുകമ്പാ ദശകത്തിൽ പ്രവാചകൻ നബി തിരുമേനിയെ മുത്തുരത്‌നമായാണ് വിശേഷിപ്പിച്ചത്. മനുഷ്യ നന്മയും സാഹോദര്യവും മറ്റു മതങ്ങളെ ബഹുമാനിക്കാനുമാണ് ഗുരുദേവൻ നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ രാംനാഥ് കോവിന്ദ് എം.എ യൂസഫലിയെ ആദരിച്ചു.
ബഹ്‌റൈൻ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ.ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ്, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ്, ബഹ്‌റൈനിലെ ശ്രീനാരായണ കൂട്ടായ്മയുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.






