Sorry, you need to enable JavaScript to visit this website.

പ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ സംഘടനകൾ നബിദിന ഘോഷയാത്ര ഉപേക്ഷിച്ചു

ഹൈദരാബാദ്- ഗണേശ നിമജ്ജന ദിവസം തന്നെ ആയതിനാൽ നബിദിന ഘോഷയാത്ര ഈ വർഷം നടത്തേണ്ടതില്ലെന്ന് സീറത്തുന്നബി അക്കാദമിയും മർകസി അഞ്ജുമനെ ഖദ് രിയും തീരുമാനിച്ചു.

ഹൈദരാബാദിൽ മീലാദുന്നബിയോടനുബന്ധിച്ച് ഇരു സംഘടനകളും ഘോഷയാത്ര നടത്തില്ലെന്ന് മർകസി അഞ്ജുമാൻ  പ്രസിഡന്റ് മൗലാന അലി ക്വാദ്രി പറഞ്ഞു. മുസ്ലീം യുവാക്കൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രയും നബിദിന ഘോഷയാത്രയും ഒരേ സമയത്ത് നടന്നാൽ കുഴപ്പം സൃഷ്ടിക്കാൻ അക്രമികൾക്ക് അവസരമൊരുക്കുമെന്നതാണ് തീരുമാനത്തിന് പിന്നിലെ യുക്തിയെന്ന് അദ്ദേഹം പറഞ്ഞു

നേരത്തെ, സുന്നി യുണൈറ്റഡ് ഫോറം ഓഫ് ഇന്ത്യയും  ഹൈദരാബാദിലെ മീലാദുന്നബി ഘോഷയാത്രയും റദ്ദാക്കിയിരുന്നു.പരമ്പരാഗതമായി, ഹൈദരാബാദിലെ മുസ്ലിംകൾ എല്ലാ വർഷവും നബിദിന ഘോഷയാത്ര സംഘടിപ്പിക്കാറുണ്ട്. 16 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തവണ ഘോഷയാത്ര നടത്തേണ്ടെന്ന് സംഘാടകർ തീരുമാനിച്ചത്.

ബദൽ എന്ന നിലയിൽ  പാവപ്പെട്ടവരെ സഹായിച്ച്  മീലാദുന്നബി ആഘോഷിക്കാനാണ് തീരുമാനം. നബിദിനം കണക്കിലെടുത്ത് സംസ്ഥാനത്ത് സമാധാനം ഉറപ്പുവരുത്തണമെന്ന്  ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റും ഹൈദരാബാദ് പാർലമെന്റ് അംഗവുമായ അസദുദ്ദീൻ ഉവൈസി  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ സമാധാനം തകർക്കാൻ അവസരത്തിനായി കാത്തിരിക്കുന്ന ചില കുബുദ്ധികൾ സമൂഹത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Latest News