Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ലെവി അടയ്ക്കാതെ സ്വകാര്യ സ്ഥാപനങ്ങള്‍; ആറു മാസം കൂടി നല്‍കി

റിയാദ്- വിദേശി തൊഴിലാളികള്‍ക്കുള്ള ലെവി അടക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആറു മാസം കൂടി  അനുവദിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ആറു മാസത്തേക്കാണ് ലെവി ഇന്‍വോയ്‌സ് അടക്കുന്നതിനുള്ള സമയം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ലെവി ഇന്‍വോയ്‌സ് മൂന്നു തവണകളായി അടയ്ക്കുന്നതിനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലെവി ഇന്‍വോയ്‌സ് അടയ്ക്കുന്നതിനുള്ള സാവകാശം ഇത് രണ്ടാം തവണയാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ദീര്‍ഘിപ്പിക്കുന്നത്. ജനുവരി 15 മുതല്‍ ലെവി ഇന്‍വോയ്‌സ് ഇഷ്യു ചെയ്യുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ജനുവരി 29 ലേക്ക് നീട്ടിവെച്ചു. ജനുവരി 29 മുതല്‍ ഇഷ്യു ചെയ്ത് തുടങ്ങിയ ലെവി ഇന്‍വോയ്‌സുകള്‍ അടയ്ക്കുന്നതിന് മൂന്നു മാസത്തെ സമയമാണ് ആദ്യം അനുവദിച്ചിരുന്നത്. ഇത് പിന്നീട് മൂന്നു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഇത് വീണ്ടും ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
സൗദിയില്‍ ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷാവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കു മാത്രമായിരുന്നു ലെവി ബാധകം. ഇവര്‍ക്ക് പ്രതിമാസം 200 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 2,400 റിയാലാണ് ലെവി ഇനത്തില്‍ അടയ്‌ക്കേണ്ടിയിരുന്നത്. ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശികള്‍ക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 400 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് പ്രതിമാസം 300 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്. അടുത്ത വര്‍ഷം സൗദികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 ല്‍ സൗദികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.
2018 ജനുവരി ഒന്നിനു മുമ്പായി പുതിയ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടുകയോ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കുകയോ ചെയ്തവരുടെ വര്‍ക്ക് പെര്‍മിറ്റില്‍ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇന്‍വോയ്‌സ് ഇഷ്യു ചെയ്തിരിക്കുന്നത്. സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരുടെയും ഇഖാമയില്‍ ഈ വര്‍ഷം എത്ര കാലമാണോ ബാക്കിയുള്ളതെങ്കില്‍ അത്രയും കാലത്തേക്കുള്ള ലെവി കണക്കാക്കി ഇന്‍വോയ്‌സ് ഇഷ്യു ചെയ്ത് ലെവി ഈടാക്കുകയാണ് ചെയ്യുന്നത്. നാലും അതില്‍ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശ തൊഴിലാളികളെയും ലെവിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ഉടമ ഫുള്‍ടൈം അടിസ്ഥാനത്തില്‍ സ്ഥാപന നടത്തിപ്പ് വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാതെ ലെവി കുടിശ്ശികയാക്കിയ സ്ഥാപനങ്ങള്‍ പുതിയ നിരക്കില്‍ ലെവി അടയ്‌ക്കേണ്ടിവരുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി ഒന്നിനു മുമ്പായി ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്ത വിദേശ തൊഴിലാളികളുടെ ലെവി, ഇന്‍വോയ്‌സില്‍ കണക്കാക്കില്ല. ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള വിദേശികള്‍ക്കു മാത്രമാണ് പുതിയ നിരക്കിലുള്ള ലെവി കണക്കാക്കി ഇന്‍വോയ്‌സ് ഇഷ്യു ചെയ്തിരിക്കുന്നത്.
പതിനായിരം റിയാലില്‍ കുറവാണെങ്കില്‍ ലെവി ഇന്‍വോയ്‌സ് തുക ഗഡുക്കളായി അടയ്ക്കുന്നതിന് കഴിയില്ല. പതിനായിരം റിയാലും അതില്‍ കൂടുതലുമാണ് ലെവി ഇന്‍വോയ്‌സ് എങ്കില്‍ മാത്രമാണ് ഗഡുക്കളായി അടയ്ക്കുന്നതിന് അനുവദിക്കുക. സ്വകാര്യ വ്യവസായികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ലെവി ഇന്‍വോയ്‌സ് മൂന്നു ഗഡുക്കളായി അടയ്ക്കുന്നതിന് മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തിയത്.

 

Latest News