തിരുവനന്തപുരം - കേസില്‍നിന്ന് ഒഴിവാക്കണമെന്ന നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കേദല്‍ ജിന്സണ് രാജയുടെ ആവശ്യം കോടതി തള്ളി. കൊലപാതകം നടത്തുമ്പോള്‍ പ്രതി മനോരോഗത്തിന് ചികിത്സയില്‍ ആയിരുന്നോ എന്ന് അന്വേഷിക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്കി. ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരുപറഞ്ഞ് അമ്മയും അച്ഛനും ഉള്‍പ്പെടെ നാലുപേരെ കേദല്‍ ജിന്സണ് രാജ കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ആവശ്യം തള്ളിയത്.
നന്ദന്‍കോട് മന്ത്രിമന്ദിരങ്ങള്‍ക്കു സമീപത്തെ വീട്ടില്‍ 2017ലായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കുരുതി. വീട്ടിനുള്ളില്‍ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങള്‍ കണ്ടത്. പ്രൊഫ.രാജാ തങ്കം, ഡോ. ജീന്‍ പദ്മ ദമ്പതികളും മകള്‍ കരോളിനും ബന്ധു ലളിതയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന് കേദല്‍ ജിന്സണ് രാജ പിന്നീട് പോലീസില്‍ കീഴടങ്ങി.
ആസ്ട്രല്‍ പ്രൊജക്ഷനും സാത്താന് സേവയും തുടങ്ങി അച്ഛനോടുള്ള വൈരാഗ്യം വരെ കൊലപാതകത്തിനു കാരണമായി പറഞ്ഞ് കേദല്‍ പൊലീസിനെ കുഴക്കി. മാനസിക നില ശരിയല്ലെന്നു കണ്ട് കേദലിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്കി. രോഗാവസ്ഥയുടെ പേരു പറഞ്ഞാണ് കേസില്‍ നിന്ന് വിടുതല്‍ തേടി കേദല്‍ കോടതിയെ സമീപിച്ചത്.