സംവരണം നല്‍കണം, മന്ത്രിയുടെ തലയില്‍ മഞ്ഞള്‍ വിതറി പ്രതിഷേധം

മുംബൈ - ധാങ്കര്‍ സമുദായത്തിന് സംവരണം അനുവദിക്കാത്തതിനെതിരെ മന്ത്രിക്കുനേരെ മഞ്ഞള്‍പൊടി വിതറി പ്രതിഷേധം. മഹാരാഷ്ട്ര റവന്യുമന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ തലയിലാണു മഞ്ഞള്‍പൊടി വിതറിയത്. ധാങ്കര്‍ സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സോലാപുര്‍ ജില്ലയിലെ റെസ്റ്റ് ഹൗസില്‍ മന്ത്രി, സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു സംഭവം.  നേതാക്കള്‍ നല്‍കിയ നിവേദനം മന്ത്രി നോക്കുന്നതിനിടെ ഒരാള്‍ പോക്കറ്റില്‍ നിന്നെടുത്ത മഞ്ഞള്‍പ്പൊടി മന്ത്രിയുടെ തലയില്‍ വിതറുകയായിരുന്നു. ശേഖര്‍ ബംഗലെ എന്നയാളാണ് മഞ്ഞള്‍ വിതറിയത്. ഇയാളെ ഉടനെ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് പ്രതിഷേധിച്ചതെന്നും സംവരണം നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിക്കുനേരെ കരിഓയില്‍ ഒഴിക്കുമെന്നും ഇയാള്‍ പറഞ്ഞു.

 

Latest News