'എക്സ്പോ 2023 ദോഹ' വളണ്ടിയർ  തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ദോഹ എക്സ്പോ വളണ്ടിയർമാർ.

ദോഹ- ഫിഫ 2022 ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനു ശേഷം മിഡിൽ ഈസ്റ്റിൽ ആദ്യമായി ഖത്തർ ആതിഥ്യം വഹിക്കുന്ന ദോഹ ഹോർട്ടികൾച്ചറൽ എക്സ്പോ-2023, ഒക്ടോബർ 2ന് ആരംഭിക്കും. 179 ദിവസം നീണ്ടു നിൽക്കുന്ന 'എക്സ്പോ 2023 ദോഹ' 2024 മാർച്ച് 28 ന് അവസാനിക്കും. ഇതിനു വേണ്ടിയുള്ള വളണ്ടിയർ തെരഞ്ഞെടുപ്പ് എക്സ്പോ ഹൗസിൽ 
പുരോഗമിക്കുകയാണ്.
നിത്യവും വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ഇന്റർവ്യൂ രാത്രി 10.00 മണി വരെ നീളും. രജിസ്റ്റർ ചെയ്ത 60000 ഓളം പേരിൽ  നിന്നും 3000 പേരെ എക്സ്പോ വളണ്ടിയർമാരായി തെരഞ്ഞെടുക്കുകയെന്ന ശ്രമകരമായ ജോലിയാണ് 100 ഓളം വരുന്ന പയനീർ വളണ്ടിയർമാർ നിർവഹിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ ചോദിച്ചും പരിചയങ്ങൾ മനസിലാക്കിയും തൊഴിൽ മേഖലകളെ കുറിച്ചുമെല്ലാമുള്ള സംസാരത്തിലൂടെ അപേക്ഷകന്റെ വിവരങ്ങൾ ലഭ്യമാക്കുന്നു. വളണ്ടിയറിംഗിൽ പരിചയവും അഭിരുചിയുമുള്ള അടുത്ത ആറുമാസം കുറഞ്ഞത് 45 ഷിഫ്റ്റ് എങ്കിലും വളണ്ടിയറിംഗ് ചെയ്യാൻ സമയവും താൽപര്യവും ഉള്ള ആളുകളെയാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും പരിഗണിക്കുന്നത്. 
തെരഞ്ഞെടുക്കപ്പെടുന്നവർക്കു യൂണിഫോം, സേവനം അടയാള പ്പെടുത്തുന്ന സർട്ടിഫിക്കറ്റ്, ഡ്യൂട്ടി സമയത്തിനിടയിൽ ഭക്ഷണം, റിഫ്രഷ്മെന്റ് എന്നിവ ലഭിക്കും. ദോഹ എക്സ്പോ വളണ്ടിയർ അഭിമുഖ നടപടികൾക്കു മേൽനോട്ടം വഹിക്കുന്ന പയനിയർ വളണ്ടിയർമാരിൽ നിരവധി മലയാളികളുമുണ്ട്. ഖത്തറിൽ നടക്കുന്ന കായികവും സാംസ്‌കാരികവുമായ മിക്ക പരിപാടികളുടെയും ഭാഗമായ മലയാളി വളണ്ടിയർമാർ 'എക്സ്പോ 2023' ലും തങ്ങളുടെ നിസ്വാർഥമായ സേവനം നൽകാൻ മുന്നിൽ തന്നെയുണ്ട് എന്നത് മലയാളി സമൂഹത്തിന് അഭിമാനമാണ്.


 

Latest News