മലയാളി നഴ്‌സുമാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ 'മിത്രാസ്' സൗഹൃദത്തിന്റെയും സൗഭ്രാത്രത്തിന്റെയും പൂവിളിയുയർത്തി ഓണാഘോഷം കേമമാക്കിയപ്പോൾ ജിദ്ദയുടെ സാംസ്‌കാരിക ചരിത്രത്തിൽ അത് മഹത്തായ ഐക്യത്തിന്റെ പുതിയൊരു സ്‌നേഹ വിളംബരമായി മാറി.
മിത്രാസ് ഓണം - 2023 എന്ന പേരിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യൻ സംഘടനയായ 'മിത്രാസി''ന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളോട് കൂടിയാണ് വർണശബളമായ ഓണാഘോഷം നടന്നത്. കേരളത്തനിമ ഒട്ടും ചോരാതെ പരിവാരങ്ങളോടും നാദസ്വര താളങ്ങളോടും ചെണ്ടമേളങ്ങളോടും കൂടിയുള്ള മഹാബലി തമ്പുരാന്റെ രാജകീയ എഴുന്നള്ളത്തോടു കൂടി ആരംഭിച്ച ഓണാഘോഷ പരിപാടി മിത്രാസ് കൂട്ടായ്മയിലെ വിവിധ കലാകാരൻമാരുടെയും കലാകാരികളുടെയും പ്രതിഭയുടെ പ്രകടനം കൂടിയായിരുന്നു. അഞ്ഞൂറിലധികം വരുന്ന സദസ്യരിലത് ഗാന - നൃത്ത വിസ്മയങ്ങൾ കൊണ്ട് കണ്ണിനും മനസ്സിനും കുളിരേകി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കഥ, കവിത രചന മത്സരങ്ങളിലെ വിജയികൾക്ക് മുഖ്യാതിഥിയായ പ്രമുഖ എഴുത്തുകാരി റജിയാ വീരാൻകുട്ടി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ഉച്ചക്ക് നടന്ന വിഭവ സമൃദ്ധമായ ഓണസദ്യ രുചി വെവിധ്യങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. ഓണാഘോഷ പരിപാടി കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം മേധാവി ഡോക്ടർ ശാദി അൽ ഖയ്യാത്ത് ഉദ്ഘാടനം ചെയ്തു. മിത്രാസ് പ്രസിഡന്റ് സബീന റഷീദ് അധ്യക്ഷത വഹിച്ചു. റജിയ വീരാൻകുട്ടി, ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പ്രതിനിധി ബേബി തോമസ്, കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സസ് മാനേജർ സദത്തു അബ്ദുല്ല, ഡെപ്യൂട്ടി ഹെഡ്‌നഴ്‌സ് താരീഖ് അൽ സഹറാനി, മുസാഫിർ (മലയാളം ന്യൂസ്) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മിത്രാസ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതവും വൈസ് പ്രസിഡന്റ് അഫ്‌സൽ റഹ്മാൻ നന്ദിയും പറഞ്ഞു.