Sorry, you need to enable JavaScript to visit this website.

പുളിക്കലിൽ നിന്നൊരു അധ്യാപക കുടുംബ കഥ

അഞ്ച് തലമുറകളിലൂടെ അറിവിന്റെ വെളിച്ചം പകർന്ന അപൂർവ കഥയാണ് ഈ അധ്യാപകരുടെ ആവേശം. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന സി.പി. സൈയ്തലവി മദനിയിൽ നിന്ന് തുടങ്ങിയ അറിവിന്റെ പകർന്നാട്ടം ചെന്നു നിൽക്കുന്നത് തിരൂർക്കാട് എ.എം. ഹയർ  സെക്കണ്ടറി സ്‌കൂളിലെ  അഞ്ജുഷയിൽ. മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂരിലെ സി.പി. അബ്ദുല്ലക്കുട്ടിയുടെയും പാത്തുമ്മയുടെയും മകനായി ജനിച്ച സൈതലവി പഠനത്തിലെ മികവും കഠിനാധ്വാ നവും കൊണ്ടാണ് അധ്യാപകനായത്. 1973 ൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ അധ്യാപകനായി. 2001 മുതൽ 2006 ൽ വിരമിക്കുന്നത് വരെ പ്രിൻസിപ്പൽ ആയി സേവനം ചെയ്തു. കെ.എൻ. ഇബ്രാഹിം മൗലവി, കെ.സി. അലവി മൗലവി, പി.പി. അബ്ദുൽ ഗഫൂർ മൗലവി തുടങ്ങിയ പ്രഗത്ഭ രാടൊത്ത് കോളേജിന് മികച്ച സംഭാവനകളർപ്പിച്ച അദ്ദേഹം തന്റെ അഞ്ചു സഹോദരങ്ങളെ അധ്യാപക വൃത്തിയിലേക്ക് സേവന നിരതരാവാൻ പ്രോത്സാഹിപ്പിച്ചു. പുളിക്കൽ പെരിയമ്പലത്താണ് താമസം.
ഇദ്ദേഹത്തിന്റെ ശിഷ്യൻ അരീക്കോട്ടട് താമസിക്കുന്ന തിരൂർക്കാട് സ്വദേശി അന്തൂരതൊടി മുഹമ്മദ് റഫീഖ്  തിരൂർക്കാട് എ.എം ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു. കഴിഞ്ഞ വർഷമാണ് വിരമിച്ചത്. തിരൂർക്കാട് എ.എം. ഹൈസ്‌കൂളിലെ പഠനത്തിന്ശേഷം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കി. തുടർന്ന് പെരിന്തൽമണ്ണ കോ-ഓപറേറ്റീവ് കോളേജ്, കല്ലടിക്കോട് സലഫിയ്യ അറബിക് കോളേജ്, പെരിന്തൽമണ്ണ എം.ഇ.എസ് സെൻട്രൽ സ്‌കൂളിലും പ്രവർത്തിച്ചു. നിരവധി പദ്യങ്ങളുടെയും മാപ്പിളപ്പാട്ടുകളുടെയും മറ്റും കാസറ്റുകൾ പുറത്തിറക്കിയ റഫീഖ് മാസ്റ്റർ സ്‌കൂൾ കലോൽസവമടക്കം നിരവധി മത്സരങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകൻ അബ്ദുല്ല തിരൂർക്കാട് ശ്രദ്ധേയനായ ഗായകനാണ്. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലെ അധ്യാപികയായ പ്രൊഫ. ഹസ്‌നയും അധ്യാപന രംഗത്ത് സേവനമനുഷ്ഠിക്കുന്നു. 
റഫീഖ് മാസ്റ്ററുടെ ശിഷ്യനാണ് എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫീസിൽ ഐ.എം.ഇയായി സേവനം ചെയ്യുന്ന പാലക്കാട് തച്ചമ്പാറയിലെ ടി. ഷറഫുദ്ദീൻ. 1887 ൽ പത്താം ക്ലാസ് പഠനശേഷം കല്ലടിക്കോട് സലഫിയ്യ അറബിക് കോളേജിൽ എത്തിയപ്പോൾ അധ്യാപകനായി എത്തിയത് റഫീഖ് മാസ്റ്റർ. പറളി അറബിക് കോളേജിൽ വെച്ച് ഷറഫുദ്ദീൻ പഠനം പൂർത്തിയാക്കി 1994 മുതൽ 1998 വരെ ഈ സ്ഥാപനത്തിൽ തന്നെ അധ്യാപകനായി.  1998 ൽ അറബിക് ഹൈസ്‌കൂൾ അധ്യാപക നായി ഗവ. സർവീസിൽ പ്രവേശിച്ചു. പാലക്കാട് ജില്ലയിലെ അലനല്ലൂർ, കരിമ്പ ഗവ. ഹൈസ്‌കൂളുകളിൽ ജോലി ചെയ്തു. 2018 ൽ മുസ്‌ലിം വിദ്യാഭ്യാസ ഓഫീസറായി പ്രൊമോഷനായി. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സേവനത്തിന് ശേഷം എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫീസിൽ ഐ.എം.ഇയായി സേവനം തുടരുന്നു.
2013 ൽ മങ്കട ജി.വി.എച്ച്.എസ്.എസിൽ ഗസ്റ്റ് അധ്യാപികയായ കാലയളവിലാണ് മങ്കട കൂട്ടിൽ സ്വദേശി അഞ്ജുഷ വിദ്യാർത്ഥിയായി എത്തിയത്. മലപ്പുറം ഗവ.കോളേജിൽ നിന്നും ബി.എ മലയാളം ബിരുദവും കോഴിക്കോട് സർവകലാശാലയിൽ നിന്നു എം.എയും  കരസ്ഥമാക്കിയ അഞ്ജുഷയും ഇപ്പോൾ തിരൂർക്കാട് എ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ മലയാളം ഗസ്റ്റ് ലക്ചറർ ആയി സേവനമനുഷ്ഠിക്കുന്നു.

Latest News