ടിക്കറ്റ് നിരക്കിളവ് എന്ന ഉടായിപ്പ്

പ്രിയ വിമാനക്കമ്പനിക്കാരാ.....എന്തിനാണ് ഇത്തരം ഉടായിപ്പുകളുമായി പാവപ്പെട്ടവരെ നിരാശപ്പെടുത്തുന്നത്. കോവിഡ് കാലത്തെ നഷ്ടം മുഴുവൻ പൊടുന്നനെ നികത്താനുള്ള ത്വരയിലാണ് നിങ്ങളിൽ പലരും. അതുവഴി പ്രായസപ്പെടുന്നത് നിങ്ങൾക്ക് എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള പാവപ്പെട്ട പ്രാവാസികളാണെന്നത് മറക്കരുത്. ചൂഷണമാകാം, പക്ഷേ അതിനും വേണം ഒരു നിയന്ത്രണം. 


വിമാന കമ്പനികൾക്ക് ഗൾഫ് യാത്രക്കാരെ ചൂഷണം ചെയ്യൽ പുത്തരിയല്ല. കണ്ണിൽ ചോരയില്ലാത്ത വിധമാണ് അവർ വിദേശ യാത്രക്കാരോട്, പ്രത്യേകിച്ച ഗൾഫ് പ്രവാസികളോട് പെരുമാറുന്നത്. ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ മാത്രമല്ല, ലഗേജിന്റെയും യാത്രാവേളയിൽ നൽകുന്ന ഭക്ഷണത്തിന്റെയുമെല്ലാം കാര്യത്തിലും ഇതു കാണാനാവും. ആളും തരവും നോക്കിയൊന്നുമല്ല അവരുടെ ഇടപാടുകൾ. ഗൾഫുകാരനാണോ, എന്നാൽ നിങ്ങൾക്ക് ഇതിരിക്കട്ടെ എന്ന മട്ടിലുള്ള നിലപാടാണ് അടിക്കടിയുള്ള ടിക്കറ്റ് നിരക്ക് വർധനയിലും ലഗേജ് കുറച്ചുകൊണ്ടുള്ള തീരുമാനത്തിനു പിന്നിലുമെല്ലാം കാണുന്നത്. ഒന്നും രണ്ടും വർഷമെത്തി ഏതെങ്കിലും ആഘോഷ വേളകളിലോ, സ്‌കൂൾ അവധിക്കാലത്തോ കുട്ടികളുമായി നാട്ടിൽ പോയി ഉറ്റയവരെയും  ഉടയവരെയും കാണാമെന്നു വെച്ചാൽ അവരെ കുത്തുപാളയെടുപ്പിക്കുന്ന സമീപനമാണ് എല്ലാ എയർലൈനുകളും സ്വീകരിക്കുന്നത്. ഒരേ സ്ഥലത്തിരിക്കുന്നവരെ ഇംഗ്ലീഷ്മാലാ അക്ഷരങ്ങൾ നൽകി ക്ലാസ് തിരിച്ച്  ചൂഷണം ചെയ്യുകയാണ്. അമിത നിരക്ക് ഈടാക്കിയുള്ള ഈ കളിക്കെതിരെ പരാതികൾ ശക്തമായപ്പോൾ ബജറ്റ് എയർലൈനുകളെന്ന പേരിൽ ചില വിമാന കമ്പനികൾ രംഗത്തു വന്നു. 'പിടിച്ചതിനേക്കാൾ വലുത് അളയിൽ' എന്ന പോലെയായി ഇവരുടെയും സമീപനം. നിരക്കിൽ കാര്യമായ ഇളവില്ലെന്നു മാത്രമല്ല, ലഗേജ് തൂക്കത്തിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്തു. മാത്രമല്ല, അകത്തു കയറിയാൽ പച്ചവെള്ളം പോലും നൽകില്ല. അതു വേണമെങ്കിൽ ഉന്തുവണ്ടിക്കാർ വരും. പണമുണ്ടെങ്കിൽ വെള്ളം കുടിക്കാമെന്ന് അവർ പറയും. ദാഹിച്ചു വലയുന്നവർ അമിത വില നൽകി അതു വാങ്ങാതെ മറ്റു നിവൃത്തിയില്ല. 


ഇത്തരം കളികൾ മുറ തെറ്റാതെ നടത്തിക്കൊണ്ടു വരുന്നവർ യാത്രക്കാർ കുറയുന്ന സീസണുകളിൽ വൻ ഇളവ് എന്ന പ്രഖ്യാപനവുമായും രംഗത്ത് വരും.  വാർത്ത മാധ്യമങ്ങളിൽ വലിയ പബ്ലിസിറ്റിയും നൽകും. ഇളവ് എന്നു കേൾക്കുമ്പോൾ കേട്ട പാതി കേൾക്കാത്ത പാതി പ്രവാസികൾക്ക് ആശ്വാസം ഉണ്ടാകുന്നുവെങ്കിൽ ഉണ്ടാകട്ടെ എന്ന നിലക്ക് ഗംഭീര വാർത്ത കവറേജ് മാധ്യമങ്ങൾ നൽകും. അതു വഴി വിമാന കമ്പനിക്ക് ഓസിന് വൻ പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. മലയാളികൾ പൊതുവെ ഓസിനോട് വലിയ കമ്പമുള്ളവരായതിനാൽ ഇളവ്, സൗജന്യം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ അവിടങ്ങളിൽ ഇടിച്ചു കയറുന്നതിനാലാണ് ഇത്തരം വാർത്തകൾ കൂടുതൽ പേർ വായിക്കപ്പെടാൻ ഇടയാക്കുന്നത്. ഇതു മുതലെടുത്ത് വാർത്ത കൊടുക്കുന്ന മാധ്യമങ്ങളാകട്ടെ, ഇത്തരം വാർത്തകൾക്ക് താഴെ പരസ്യങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും. ഒരു വെടിക്ക് രണ്ടു പക്ഷികൾ. വാർത്ത വായനക്കാരുടെ എണ്ണക്കൂടുതലുമായി, പരസ്യക്കാശുമായി. 


സത്യത്തിൽ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപനത്തിനു പിന്നിൽ വൻ ചതിയാണ് നടക്കുന്നത്.  കുറഞ്ഞ ദിവസത്തിനുള്ളിൽ പരമാവധി ആളുകളെകളെക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുകയെന്ന ലക്ഷ്യം വെച്ച് നിശ്ചിത ദിവസത്തേക്കു മാത്രമായിരിക്കും നിരക്ക് ഇളവ് പ്രഖ്യാപനം. അടുത്തിടെ രണ്ടു വിമാനക്കമ്പനികൾ ഇത്തരം പ്രഖ്യാപനവുമായി രംഗത്തു വന്നിരുന്നു. പതിവു പോലെ ജനം ഇടുച്ചു കയറി. പക്ഷേ, പരിമിതമായ ഏതാനും പേർക്കല്ലാതെ വിമാനക്കമ്പനികൾ പറഞ്ഞ ഒരു നിരക്ക് ഇളവും ആർക്കും ലഭിച്ചില്ലെന്നതാണ് പരമാർഥം. ഇംഗ്ലീഷ് അക്ഷരങ്ങൾ വേണ്ടുവോളമുള്ളതിനാൽ ക്ലാസ് തിരിക്കുന്നതിന് ഒരു പഞ്ഞവുമില്ല. അതിൽ ഏറ്റവും നിരക്ക് കുറവുള്ള അക്ഷരത്തിന്റെ വാലിലായിരിക്കും നിരക്കിളവ് കെട്ടിത്തൂക്കിയിട്ടുണ്ടാവുക. ആ പേരിൽ ഒന്നോ രണ്ടോ ടിക്കറ്റ് വിറ്റു കഴിഞ്ഞാൽ അടുത്ത അക്ഷരത്തെ പിടിക്കും. അവന്റെ പേരിൽ കുറച്ചുകൂടി നിരക്ക് കയറ്റിക്കൊടുക്കും. അങ്ങനെ അവസാനത്തെ അക്ഷരക്കാരന്റെ പേരിലെത്തുമ്പോഴേക്കും നിരക്ക് കുത്തനെ ഉയർന്ന് വാനോളം എത്തിയിട്ടുണ്ടാവും. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കൊടുത്തുവെന്ന പേരുമായി, യാത്രക്കാരെ തങ്ങളുടെ പേരിലുള്ള എയർലൈൻസ് സൈറ്റിലേക്കും ടിക്കറ്റ് വിൽപനക്കാരായ ട്രാവൽ ഏജൻസികൡലേക്ക് ആകർഷിക്കലുമായി. യാത്ര നിരക്ക് കൂട്ടി ചൂഷണം ചെയ്യുന്ന അതേ നിലപാടു തന്നെയാണ് ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപനത്തിലും വിമാനക്കമ്പനികൾ ചെയ്യുന്നത്. ഈ തട്ടിപ്പിനെ ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. 


ടിക്കറ്റ് നിരക്കിളവ് പ്രധാനമായും അന്വേഷിച്ചു നടക്കുന്നതും അതിനെ ആശ്രയിക്കുന്നതും സാധാരണക്കാരിൽ സാധാരണക്കാരാണ്. സാമ്പത്തിക ശേഷിയുള്ളവരും ഇക്കാര്യത്തിൽ പിന്നിലല്ല. ഒരു പക്ഷേ നിരക്കിളവിലുള്ള ഒന്നോ രണ്ടോ ടിക്കറ്റ് ആദ്യം അടിച്ചു മാറ്റുന്നവർ അവരായിരിക്കും. കാരണം അവർ ജോലി ചെയ്യുന്ന സ്ഥലത്ത് അതിനുള്ള സൗകര്യങ്ങളുണ്ടാവും. ഓൺലൈൻ ടിക്കറ്റ് പർച്ചേസിംഗിൽ പരിചയ സമ്പന്നരുമായിരിക്കും. എന്നാൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളിൽ നല്ല പങ്കും ഇന്നും ആശ്രയിക്കുന്നത് ട്രാവൽ ഏജൻസികളെയാണ്. കിലോമീറ്ററുകൾക്കപ്പുറമുള്ള ജോലി സ്ഥലങ്ങളിൽ നിന്ന് നടന്നും ടാക്‌സി വിളിച്ചുമെല്ലാം പട്ടണത്തിലുള്ള ട്രാവൽ ഏജൻസികളിലെത്തുമ്പോഴേക്കും പ്രഖ്യാപിത ഇളവ് ടിക്കറ്റെല്ലാം കാലിയായിട്ടുണ്ടാവും. ലീവെടുത്തും മറ്റും ഓടിയെത്തിയ സമയവും ടാക്‌സി കാശും അവനു നഷ്ടം. 
നിരക്കിളവ് പ്രഖ്യാപനം വന്നാൽ ട്രാവൽ ഏജൻസികളുടെ ഫോണുകൾക്ക് പിന്നെ വിശ്രമമുണ്ടാവില്ല. നിലയ്ക്കാതെ ഒച്ചവെച്ചുകൊണ്ടിരിക്കും. ജോലിത്തിരക്കും മറ്റുമുള്ള കാരണങ്ങളാൽ ടിക്കറ്റ് വിൽപന കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ കഴിയാത്തവരാണ് കുത്തിപ്പിടിച്ചിരുന്ന് ഫോൺ വളിക്കുന്നത്. ചിലപ്പോഴെല്ലാം മണിക്കൂറുകൾ ശ്രമിച്ചാലാവും ടിക്കറ്റ് വിൽപന സ്ഥലങ്ങളിലെ ഫോൺ ബെൽ അടിക്കുക. കാരണം അടിക്കടി കോളുകൾ വന്നു കൊണ്ടിരിക്കുന്നതിനാൽ ഫോണിന് വിശ്രമമുണ്ടാവില്ല. ഫോൺ കിട്ടുമ്പോഴാണ് ഉത്തരം പറഞ്ഞ് മടുത്ത ട്രാവൽ ഏജൻസിക്കാരൻ മറുതലക്കലിൽ നിന്ന് മുരളുന്നത്. അതോടെ ഈ ചെയ്തതെല്ലാം പാഴായെന്ന നിരാശയിൽ പാവം ഫോണിനു ചെലവാക്കിയ പൈസ നഷ്ടപ്പെട്ട നിരാശയിൽ വീണ്ടും തങ്ങളുടെ ജോലിയിൽ വ്യാപൃതരാവും. വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപനം കൊണ്ട് ഏറെ പ്രയാസപ്പെടുന്നത് ടിക്കറ്റ് വിൽപന ഏജൻസികളിലെ ജീവനക്കാരാണ്. ഫോണിലൂടെയും നേരിട്ടും മറുപടി കൊടുത്തു മടുത്തുവെന്ന് ഒരു ട്രാവൽ ഏജൻസി പ്രതിനിധി പറഞ്ഞു. നിങ്ങൾ പറയുന്ന നിരക്കിൽ ടിക്കറ്റ് ലഭ്യമല്ലെന്ന് പറഞ്ഞാലും ചിലർക്ക് വിശ്വാസം വരില്ല. അത്തരക്കാരോട് ഗത്യന്തരമില്ലാതെ വരുമ്പോൾ വാർത്ത കൊടുത്ത മാധ്യമങ്ങളുടെ പ്രതിനിധിയെ സമീപിക്കാൻ പറയലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


പ്രിയ വിമാനക്കമ്പനിക്കാരാ.....എന്തിനാണ് ഇത്തരം ഉടായിപ്പുകളുമായി പാവപ്പെട്ടവരെ നിരാശപ്പെടുത്തുന്നത്. കോവിഡ് കാലത്തെ നഷ്ടം മുഴുവൻ പൊടുന്നനെ നികത്താനുള്ള ത്വരയിലാണ് നിങ്ങളിൽ പലരും. അതുവഴി പ്രായസപ്പെടുന്നത് നിങ്ങൾക്ക് എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള പാവപ്പെട്ട പ്രാവാസികളാണെന്നത് മറക്കരുത്. ചൂഷണമാകാം, പക്ഷേ അതിനും വേണം ഒരു നിയന്ത്രണം. ടിക്കറ്റ് നിരക്കിൽ എന്തെങ്കിലും ഇളവ് നൽകുന്നുണ്ടെങ്കിൽ തന്നെ അത് ബാഗേജ് ഇല്ലാതെ ഹാന്റ് ബാഗേജാക്കി ചുരുക്കിയും ലഗേജ് തൂക്കം കുറച്ചുമെല്ലാം അതു നിങ്ങൾ ഈടാക്കുന്നുണ്ടെന്നും അറിയാം. ഏതെങ്കിലും പരിപാടികൾക്ക് സ്‌പോൺസർഷിപ്പിന്റെ പേരിൽ നിങ്ങൾ നൽകുന്ന സൗജന്യ വിമാന ടിക്കറ്റ്  നറുക്കെടുപ്പിലൂടെയും മറ്റും ലഭ്യമായവർ അനുഭവിക്കുന്ന പൊല്ലാപ്പുകളെക്കുറിച്ചും ഞങ്ങൾക്കറിയാം.  ഇനിയെങ്കിലും ഇത്തരം ഉടായിപ്പുകൾ നിറുത്തിക്കൂടേ? 

 

Latest News