കുടുംബങ്ങള്‍ മടങ്ങുന്നു; ബഹ്‌റൈനില്‍ ഫ്ളാറ്റ്, വില്ല വാടക കുറഞ്ഞു

മനാമ- കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെ ബഹ്‌റൈനില്‍ ഫ്ളാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇതോടെ ഫഌറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ വാടക നിരക്കുകള്‍ കുറഞ്ഞതായി  റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ പറഞ്ഞു. ടൗണ്‍ ഏരിയകളില്‍ നേരത്തെ 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെ ഈടാക്കിയിരുന്ന പല അപാര്‍ട്ട്‌മെന്റുകളും വില്ലകളും ഇപ്പോള്‍ 350 ദിനാര്‍ മുതല്‍ 700 ദിനാര്‍ വരെയും 400 ദിനാര്‍ മുതല്‍ 600 ദിനാര്‍ വരെ ഈടാക്കിയിരുന്ന ഫുള്‍ ഫര്‍ണിഷ്ഡ്  ഡബിള്‍ റൂം ഫഌറ്റുകള്‍ ഇപ്പോള്‍ 250 ദിനാര്‍ മുതല്‍ 400 വരെ നിരക്കിലും  ലഭ്യമാകുന്നുണ്ട്. ബുദയ്യ, ഗലാലി, തഷന്‍ തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാവട്ടെ ഇതിലും കുറഞ്ഞ നിരക്കുകളില്‍ വലിയ ഫഌറ്റുകള്‍  ലഭ്യമാണ്.
ജീവിത ചെലവ് കൂടിയതോടെ പല പ്രവാസികളും ഫഌറ്റുകള്‍ ഒഴിഞ്ഞ് ബാച്ചിലര്‍ അക്കമഡേഷനുകളിലേക്ക് മാറിയതും വില കുറയാന്‍ കാരണമായി.
വൈദ്യുതി, ജല ഉപയോഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ  ഫഌറ്റ് വാടകക്കൊപ്പം  ജല, വൈദ്യുത ബില്ല് കുത്തനെ ഉയര്‍ന്നത് കുടുംബങ്ങളുടെ തിരിച്ചുപോക്കിന് കാരണമായി.

 

 

Latest News