ജി20: മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി മോഡി, ഔദ്യോഗിക വാഹനം നല്‍കില്ല

ന്യൂദല്‍ഹി- സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ദേശീയ തലസ്ഥാനത്ത് നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴ വേദിയില്‍ എത്താന്‍ ഔദ്യോഗിക കാറുകള്‍ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.

അവര്‍ സ്വന്തം വാഹനങ്ങളില്‍ പാര്‍ലമെന്റ് കോംപ്ലക്‌സില്‍ എത്തണം, അവിടെനിന്ന് ബസുകളില്‍ അത്താഴ വേദിയായ ഭാരത് മണ്ഡപത്തിലേക്ക് കൊണ്ടുപോകും.

മന്ത്രിമാര്‍ക്ക് ചുമതലയുള്ള  വിദേശ പ്രതിനിധികളുടെ സംസ്‌കാരങ്ങളുമായി  പരിചയപ്പെടാന്‍ പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. അവരുടെ ജീവിതരീതി, ഭക്ഷണം, സംസ്‌കാരങ്ങളുടെ അടിസ്ഥാന വശങ്ങള്‍ എന്നിവയെക്കുറിച്ച് പരിചയപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജി 20 യോഗത്തെക്കുറിച്ച് ചുമതലപ്പെടുത്തിയവരല്ലാതെ ഒരു മന്ത്രിയും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മോഡി പറഞ്ഞു.

അത്താഴത്തിന് ക്ഷണിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് വൈകിട്ട് 5.30ന് പാര്‍ലമെന്റ് മന്ദിര സമുച്ചയത്തില്‍ സ്വന്തം കാറില്‍ എത്താനും തുടര്‍ന്ന് ഷട്ടില്‍ സര്‍വീസില്‍ അത്താഴ വേദിയിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 9 ശനിയാഴ്ച വൈകുന്നേരം 6:30 നാണ് അത്താഴം ക്രമീകരിച്ചിരിക്കുന്നത്.
വിമാനത്താവളത്തില്‍ പ്രതിനിധികളെ സ്വീകരിക്കുമ്പോള്‍ നല്‍കേണ്ട മര്യാദകളെക്കുറിച്ചും മന്ത്രിമാരെ അറിയിച്ചു.

 

Latest News