പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യ സഖ്യം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രാദേശിക പാർട്ടികൾക്കും ആശങ്കയുണ്ട്. സംസ്ഥാന വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാവില്ലെന്നത് തന്നെ പ്രധാനം. ദേശീയ വിഷയങ്ങൾക്കായിരിക്കും പലപ്പോഴും മുൻതൂക്കം ലഭിക്കുക
പതിവില്ലാത്ത കാര്യങ്ങൾക്കാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ തലയെടുപ്പുള്ള കൂട്ടായ്മകളിലൊന്നായ ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഇന്ദ്രപ്രസ്ഥത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കുന്നു. അത് കഴിഞ്ഞ് ദിവസങ്ങൾക്കകം- ഈ മാസം 18 മുതൽ 22 വരെയുള്ള തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നു. ഈ സെഷനിൽ ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഒരേ സമയം രാജ്യത്താകെ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നിയമം വന്നാൽ ലോക്സഭ തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും രാജ്യത്താകെ ഒരുമിച്ച് നടത്തേണ്ടിവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
വോട്ടെടുപ്പും ഇതിലുൾപ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്. ഏതായാലും ഇത് പ്രാബല്യത്തിലായാൽ വോട്ടർമാർക്ക് ഒരേസമയം ലോക്സഭയിലേക്കും നിയമസഭയിലേക്കും വോട്ട് ചെയ്യാം. നിലവിൽ സംസ്ഥാന-പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചല്ല. അഞ്ച് വർഷം എപ്പോഴാണോ പൂർത്തിയാവുന്നത് ആ സമയത്താണ് രണ്ട് തെരഞ്ഞെടുപ്പുകളും നടത്താറുള്ളത്. അസാധാരണ നീക്കമെന്ന നിലയിലാണ് കേന്ദ്ര സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥരുടെയെല്ലാം അവധി റദ്ദാക്കി ദൽഹിയിലെത്താൻ നിർദേശം നൽകിയെന്നത് വിഷയത്തിന്റെ ഗൗരവം വിളിച്ചോതുന്നു.
പ്രത്യേക സമ്മേളനത്തിന്റെ അജണ്ട അപ്രഖ്യാപിതവും അജ്ഞാതവുമാണ്. പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതിന്റെ തൊട്ടടുത്ത ദിവസം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നിർദേശം പരിശോധിക്കാൻ ഇന്ത്യയുടെ മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ കീഴിൽ ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന്റെ സാധ്യത പരിശോധിക്കാനാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും 15 ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശം ഉയർന്നു വരാനിടയുണ്ട്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ഭരണഘടന ഭേദഗതി ആവശ്യമാണ്. നിയമസഭ തെരഞ്ഞെടുപ്പ് നിയമങ്ങളെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലും പാർലമെന്റ് നടപടിക്രമങ്ങളിലും ഭേദഗതി വരുത്തേണ്ടിവരും. തെരഞ്ഞെടുപ്പ് പരിഷ്‌കാരം പ്രാവർത്തികമാക്കാൻ ചുരുങ്ങിയത് അഞ്ചു ഭരണഘടന ഭേദഗതികൾ വേണ്ടിവരും. ഭരണഘടനയിലെ ഭേദഗതികൾക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണെങ്കിൽ അതും പരിശോധിച്ച് ശുപാർശ ചെയ്യും. അധിക വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് സംവിധാനവും ഒരുക്കുന്നതിനായി പണവും കണ്ടെത്തേണ്ടിവരും. പാർലമെന്റിന്റെ കാലയളവ് പ്രതിപാദിക്കുന്ന 83 ാം അനുഛേദം, ലോക്സഭ പിരിച്ചുവിടുന്നതു സംബന്ധിച്ച 85 ാം അനുഛേദം, സംസ്ഥാന നിയമസഭകളുടെ കാലാവധി സംബന്ധിച്ച 172 ാം അനുഛേദം, നിയമസഭകൾ പിരിച്ചുവിടുന്നതു പ്രതിപാദിക്കുന്ന 174 ാം അനുഛേദം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള 356 ാം അനുഛേദം എന്നിവയാണ് ഭേദഗതി ചെയ്യേണ്ടിവരിക. വിവിധ തലങ്ങളിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാർശകൾ നൽകണമെന്നാണ് എട്ടംഗ സമിതിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.
ഇങ്ങനെ ഒരുമിച്ച് നടത്തുന്നതിന്റെ ഗുണങ്ങളേറെയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഒരേ സമയത്ത് നടന്നാൽ വലിയ തുക ലാഭിക്കാൻ സാധിക്കും. പലപ്പോഴായി തെരഞ്ഞെടുപ്പ് നടക്കുന്നത് ചെലവ് വർധിക്കാൻ കാരണമാവുന്നു. ഇത് വളരെ കുറക്കാൻ ഈ നിയമം വഴിയൊരുക്കുമെന്നതാണ് ഒരു വാദം. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി 60,000 കോടിയാണ് ചെലവിട്ടതെന്നാണ് കണക്ക്. രാഷ്ട്രീയ പാർട്ടികളുടെ ചെലവും തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടത്താൻ ചെലവായ തുകയും ചേർത്താണിത്.
പാഴ്ചെലവ് ഒഴിവാക്കാനാവുമെന്നത് തന്നെയാണ് തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിനെ അനുകൂലിക്കുന്നവർ പറയുന്ന പ്രധാന വാദം. ഭരണതലത്തിലെ അധിക പ്രയത്നം, ക്രമസമാധാന പാലന സംവിധാനമൊരുക്കുന്നതിലെ പ്രയാസം തുടങ്ങിയവയൊക്കെ ഇതിലൂടെ ഒഴിവാക്കാനാവും. പൊതുഖജനാവിനെന്ന പോലെ രാഷ്ട്രീയ പാർട്ടികൾക്കും ഇതു ഗുണമാണെന്നാണ് വാദം.
ലോക്സഭ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ്, ഇവക്കു പുറമെ ചിലപ്പോഴെല്ലാം ഉപതെരഞ്ഞെടുപ്പ് എന്നിവ തുടർച്ചയായി നടക്കുന്നതിലൂടെ മാതൃക പെരുമാറ്റച്ചട്ടം പല പ്രദേശത്തും ദീർഘകാലം നിലനിർത്തേണ്ടി വരും. വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇതിലൂടെയുണ്ടാവുന്ന മുരടിപ്പ് മറ്റൊരു പ്രശ്നമാണെന്നും അനുകൂലിക്കുന്നവർ എടുത്തു കാട്ടുന്നു.
ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവർ പറയുന്ന മറ്റൊരു കാര്യം. പല തവണ തെരഞ്ഞെടുപ്പ് നടക്കുന്നതിലൂടെ ഉദ്യോഗസ്ഥർക്ക് പലപ്പോഴായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാവും. അതൊഴിവാക്കാൻ ഒരു തവണ തെരഞ്ഞെടുപ്പ് എന്ന ആശയത്തിലൂടെ സാധിക്കും.
കേന്ദ്ര സർക്കാർ ധിറുതി പിടിച്ചു നടത്തുന്ന നീക്കങ്ങളോട് പ്രതിപക്ഷത്തിന് വിയോജിപ്പാണ്.
ഇന്ത്യ എന്ന യൂനിയനും എല്ലാ സംസ്ഥാനങ്ങൾക്കും എതിരായ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ ഒരു യൂനിയനാണ് എന്ന് രാഹുൽ ഗാന്ധി എക്‌സ് അക്കൗണ്ടിലൂടെ ഓർമിപ്പിച്ചു.
പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യ സഖ്യവും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറൽ ഘടനയെയും വൈവിധ്യത്തെയും തകർക്കുന്നതാണ് നീക്കം എന്നായിരുന്നു പ്രതിപക്ഷം അഭിപ്രായപ്പെട്ടത്
ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രാദേശിക പാർട്ടികൾക്കും ആശങ്കയുണ്ട്. സംസ്ഥാന വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാവില്ലെന്നത് തന്നെ പ്രധാനം. ദേശീയ വിഷയങ്ങൾക്കായിരിക്കും പലപ്പോഴും മുൻതൂക്കം ലഭിക്കുക. ദേശീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് ചെലവിലും തന്ത്രത്തിലും പിടിച്ചു നിൽക്കാനും പ്രാദേശിക പാർട്ടികൾക്ക് സാധിക്കില്ല.
ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടന്നാൽ നിലവിലെ ഭരണകക്ഷിയെ തന്നെ വോട്ടർമാർ തെരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഐഡിഎഫ്സി ഇൻസ്റ്റിറ്റിയൂട്ടിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 77 ശതമാനം സാധ്യതയാണ് ഇക്കാര്യത്തിലുള്ളത്. ആറ് മാസത്തിന്റെ ഇടവേളകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ 61 ശതമാനം പേർ മാത്രമേ ഒരേ പാർട്ടിയെ തന്നെ വിജയിപ്പിക്കൂ.
1967 വരെ ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചായിരുന്നു നടന്നത്. എന്നാൽ 1968, 1969, വർഷങ്ങളിൽ നിയമസഭകൾ കാലാവധി എത്തും മുമ്പ് പിരിച്ചുവിട്ടതും 1970 ലോക്സഭ അതുപോലെ പിരിച്ചുവിട്ടതുമെല്ലാം തെരഞ്ഞെടുപ്പ് കാലയളവ് തെറ്റിക്കുന്നതായിരുന്നു. 1983 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരേസമയം എല്ലാ തെരഞ്ഞെടുപ്പുകളും നടത്താൻ നിർദേശിച്ചിരുന്നു. കേന്ദ്ര സർക്കാർ അതിനെ എതിർക്കുകയായിരുന്നു. 1999 ൽ നിയമ കമ്മീഷനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോൾ ബി.ജെ.പിയാണ് ഇതിനെ പിന്തുണച്ച് നിയമമാക്കാൻ ശ്രമിക്കുന്നത്. 2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇത്തരമൊരു കാര്യം നിർദേശിച്ചിരുന്നു. നീതി ആയോഗ് ഇക്കാര്യത്തിൽ ശ്രമങ്ങളും ആരംഭിച്ചിരുന്നു.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സിവിൽ കോഡ്, ഒരു പാർട്ടി, ഒരു നേതാവ് ഒരേ ആഹാര രീതി എന്നതൊക്കെ ഇന്ത്യയെ പോലെ ബഹുസ്വരതയുടെ വിളനിലമായ നാട്ടിൽ പ്രായോഗികമാവുമോ? വൈവിധ്യമാർന്ന ഒരു രാജ്യത്ത് ഏകതാനത കൊണ്ടുവരാനുള്ള വലിയ പദ്ധതിയുടെ ഭാഗമാകുന്ന നിർദേശത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്.






