ബലാല്‍സംഗം കൂടാന്‍ കാരണം മുസ്ലിം ജനസംഖ്യ വര്‍ധനയെന്ന് ബിജെപി എം.പി

ലഖനൗ- ഹിന്ദുത്വയെ സംരക്ഷിക്കാന്‍ ഹിന്ദു ദമ്പതികള്‍ക്ക് ചുരുങ്ങിയത് അഞ്ചു കുട്ടികളെങ്കിലും വേണമെന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിങിന്റെ പ്രസ്താവന തിരികൊളുത്തിയ വിവാദം കെട്ടടങ്ങും മുമ്പ് മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍ പ്രദേശിലെ ബിജെപി എം.പി രംഗത്തെത്തി. രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് ബലാല്‍സംഗങ്ങള്‍ അതിവേഗം വര്‍ധിക്കാന്‍ കാരണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും എം.പിയുമായ ഹരി ആം പാണ്ഡെ പറഞ്ഞു. ഭീകരത, ബലാല്‍സംഗം, ലൈംഗികാതിക്രമം എന്നിവ രാജ്യത്ത് വര്‍ധിക്കാന്‍ ഒരേ ഒരു കാരണം മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് മുസ്ലിം ജനസംഖ്യയില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ജനസംഖ്യാ വര്‍ധന സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ പാക്കിസ്ഥാനെ പോലെ പുതിയ ഒരു രാജ്യം കൂടി രൂപീകരിക്കപ്പെടുമെന്നും ഇദ്ദേഹം പറഞ്ഞു. യുപിയിലെ അംബേദ്കര്‍ നഗര്‍ എം.പിയാണ് പാണ്ഡെ. മറ്റൊരു ഇന്ത്യാ വിഭജനം കൂടി തടയണമെങ്കില്‍ പാര്‍ലമെന്റില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ കൊണ്ടു വരേണ്ടതുണ്ട്. ഇതു നിയന്ത്രിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മക്ക് കാരണമാകുമെന്നും സാമ്പത്തിക വളര്‍ച്ച മുരടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം കൊണ്ടു വന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്ന് കഴിഞ്ഞ ദിവസം യുപിയിലെ ബാരിയ എം.പിയും ബിജെപി നേതാവുമായ സുരേന്ദ്ര സിങ് പറഞ്ഞത് വിവാദമായിരുന്നു.
 

Latest News