ബംഗളുരു- താന്‍ ആഭ്യന്തര മന്ത്രിയായിരുന്നെങ്കില്‍ പുരോഗമനവാദികളേയും ബുദ്ധിജീവികളേയും വെടിവച്ചു കൊല്ലാന്‍ ഉത്തരവിടുമായിരുന്നെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയും മുന്‍ കേന്ദ്ര മന്ത്രിയുമായ പാട്ടീല്‍ യത്‌നാല്‍. കാര്‍ഗില്‍ യുദ്ധ വിജയ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സ്വന്തം മണ്ഡലമായ വിജയപുര ബസങ്കൗഡയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് പാട്ടീല്‍ ഇങ്ങനെ പറഞ്ഞത്. 'നാം നല്‍കുന്ന നികുതി ഉപയോഗിച്ചുണ്ടാക്കിയ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇക്കൂട്ടര്‍ (പുരോഗമനവാദികള്‍) ഈ രാജ്യത്ത് ജീവിക്കുന്നത്. എന്നിട്ടവര്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തുന്നു. മതേതരവാദികളില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നും നമ്മുടെ രാജ്യം വലിയ ഗുരുതരമായ ഭീഷണിയാണ നേരിടുന്നത്. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നെങ്കില്‍ ഇവരെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിടുമായിരുന്നു- അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയുമായി അടുപ്പമുള്ള ബിജെപി നേതാവാണ് പാട്ടീല്‍ യത്‌നാല്‍. 2002 മുതല്‍ 2004 വരെ മുന്‍ വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര ടെക്‌സ്റ്റൈല്‍, റെയില്‍വെ സഹമന്ത്രി കൂടിയായിരുന്നു ഇദ്ദേഹം. മുസ്ലിംകളെ സഹായിക്കരുതെന്ന് ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ ഈയിടെ യത്‌നാല്‍ ഉപദേശിച്ചതും വിവാദമായിരുന്നു.