റിയാദ് - തലസ്ഥാന നഗരിയിലെ കുരങ്ങ് പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് പറഞ്ഞു. നിയമ വിരുദ്ധ വാങ്ങല്‍, വില്‍ക്കല്‍ പ്രക്രിയയാണ് റിയാദില്‍ കുരങ്ങുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രത്തില്‍ ബബൂണ്‍ ഇനത്തില്‍ പെട്ട കുരങ്ങ് കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ പരിഹരിക്കാനും കുരങ്ങിനെ പിടികൂടാനും സെന്ററിനു കീഴിലെ ഫീല്‍ഡ് സംഘങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ലൈസന്‍സില്ലാതെ വന്യമൃഗങ്ങളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 19914 എന്ന നമ്പറില്‍ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് ആവശ്യപ്പെട്ടു. റിയാദിലെ അല്‍സുലൈ ഡിസ്ട്രിക്ടില്‍ വീടുകള്‍ക്കു സമീപം കുരങ്ങ് പൂച്ചയെ പിന്തുടര്‍ന്ന് പിടികൂടുന്നതിന്റെയും പൂച്ചയെ കളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.






