പോലീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ഡാൻസാഫ് പോലുള്ള പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകുന്നത്. ഇതേസമയം, പോലീസിന്റെ ജനകീയ മുഖം സംരക്ഷിക്കുന്നതിനും ഇത്തരം സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. ജനമൈത്രി പോലുള്ള സംവിധാനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ പോലീസിന് സൽപേരുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ്, ജനവിരുദ്ധവും സംശയങ്ങളുയർത്തുന്നതുമായ രീതിയിൽ പ്രത്യേക അന്വേഷണ സംഘങ്ങളുടെ ഇടപെടൽ.
കേരള പോലീസിന് അടുത്ത കാലത്തുണ്ടായ വലിയ നാണക്കേടുകളിലൊന്നാണ് താനൂരിലെ കസ്റ്റഡി മരണം. മയക്കുമരുന്ന് കേസിൽ പോലീസ് പിടികൂടിയ താമിർ ജിഫ്രി എന്ന യുവാവ് പോലീസിന്റെ മർദനമേറ്റ് മരിച്ചെന്ന ആരോപണം നാൾക്കുനാൾ പോലീസ് സേനക്ക് മേൽ ജനവിരുദ്ധതയുടെ നിഴൽ പരത്തിക്കൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിൽ ലോക്കൽ പോലീസ് പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ അന്വേഷണം സി.ബി.ഐക്ക് വിട്ട് തൽക്കാലത്തേക്കെങ്കിലും മാനം കാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. അതേസമയം, താമിർ ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് കോടതിയിൽ നിന്ന് കേൾക്കണ്ടിവരുന്നത് വലിയ പഴികളാണ്. കേസ് മുന്നോട്ടു പോകുമ്പോൾ പോലീസ് ഇനിയും കൂടുതൽ വിമർശനങ്ങളെ നേരിടേണ്ടിവരും .കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ ഡാൻസാഫ് പോലീസ് സംഘത്തിലെ ഏതാനും പോലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടിനെ തന്നെ ചുമതലയിൽ നിന്ന് മാറ്റിനിർത്താനും സർക്കാർ നിർബന്ധിതമായി.
ജൂലൈ 31 നാണ് താമിർ ജിഫ്രി മരിച്ചത്. മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിന് ജില്ല പോലീസ് സൂപ്രണ്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡാാൻസാഫ് സംഘം ഈ യുവാവിനെ അന്ന് വൈകിട്ട് അറസ്റ്റ് ചെയ്തു. രാത്രിയിൽ താനൂർ പോലീസ് സ്റ്റേഷനിൽ വെച്ച് യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. കസ്റ്റഡിയിൽ വെച്ച് പോലീസ് മർദനമേറ്റാണ് താമർ ജിഫ്രി മരിച്ചതെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു. യുവാവിന്റെ വീട്ടുകാരും വിവിധ സംഘടനകളും ഇക്കാര്യം ചൂണ്ടിക്കാട്ടി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
താമിർ ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട് താനൂരിലെ പോലീസുകാരും ഡാൻസാഫ് അംഗങ്ങളും പുറത്തുവിട്ട വിവരങ്ങളിലെ വൈരുധ്യമാണ് കേസിനെ പ്രധാനമായും സങ്കീർണമാക്കുന്നത്. യുവാവിനെ ഡാൻസാഫ് അറസ്റ്റ് ചെയ്ത സമയം സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പമുണ്ടായി. വൈകുന്നേരം അഞ്ചു മണിയോടെ താമിറിനെ അറസ്റ്റ് ചെയ്ത വിവരം ബന്ധപ്പെട്ട ലോക്കൽ പോലീസിനെ ഡാൻസാഫ് സംഘം അറിയിച്ചില്ലെന്നതിൽ നിന്ന് തുടങ്ങുന്നു സംശയങ്ങൾ. പിന്നീട് യുവാവിന്റെ ആരോഗ്യനില വഷളായതോടെയാണ് താനൂർ പോലീസ് സംഭവത്തിന്റെ ഗൗരവമറിയുന്നത്. ഇതിനിടയിൽ യുവാവിനെ ആരെല്ലാം കൈകാര്യം ചെയ്‌തെന്നത് സംബന്ധിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
ജില്ല പോലീസ് മേധാവിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന സംഘമാണ് ഡാൻസാഫ്. അതിനാൽ താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സൂപ്രണ്ടിന് നേരത്തെ തന്നെ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ യുവാവിന്റെ ജീവൻ അപകടത്തിലാകുന്നത് തടയാൻ പോലീസ് സൂപ്രണ്ട് ശ്രദ്ധച്ചില്ലെന്നും വിവിധ സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു. താമിർ ജിഫ്രിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഡാൻസാഫ് സംഘത്തിനാണെന്ന രീതിയിൽ ഇതിനകം തന്നെ താനൂരിലെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു വെച്ചിട്ടുമുണ്ട്.
താമിർ ജിഫ്രി അറസ്റ്റിലായത് മയക്കുമരുന്നുമായാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനിടെ ഇയാളുടെ ശരീരത്തനകത്തു നിന്ന് മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പോലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് അടങ്ങിയ ചെറിയ പ്ലാസ്റ്റിക് കവർ ഇയാൾ വിഴുങ്ങിയെന്നാണ് അനുമാനിക്കുന്നത്. അതേസമയം, മർദനമേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ വ്യക്തമാക്കിയിരുന്നു. പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഇതിന്റെ പേരിൽ ഡോക്ടർക്കെതിരെ പോലീസ് വിമർശനവുമായി രംഗത്തു വന്ന അപൂർവം സംഭവവും ഈ കേസിലുണ്ടായി.
മയക്കുമരുന്ന് ഉപയോഗിച്ച് നിയമലംഘനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ യുവാവിന്, നിയമം അനുസരിച്ചുള്ള പരിഗണനകളൊന്നും ലഭിച്ചില്ല എന്നതാണ് ഈ കേസിലെ അടിസ്ഥാന പിഴവ്. ഒരാൾ കുറ്റം ചെയ്തതിനുള്ള തെളിവുകൾ കോടതിക്ക് നൽകി അയാൾക്ക് ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കലാണല്ലോ പോലീസിന്റെ ജോലി. താമിർ ജിഫ്രിയുടെ കാര്യത്തിൽ കോടതിയിൽ എത്തിക്കുന്നതിന് മുമ്പു തന്നെ അയാളുടെ ജീവൻ അപകടത്തിലായിരിക്കുന്നു. അറസ്റ്റിനും മരണത്തിനുമിടയിൽ പോലീസ് അല്ലാതെ മറ്റാരും ഇടപെട്ടിട്ടുമില്ല. ഇതെല്ലാം മരണത്തിൽ പോലീസിന്റെ പങ്ക് സംശയിക്കുന്നതിനുള്ള കാരണങ്ങളാണ്. പോലീസിൽ തന്നെ കുറ്റം ചെയ്തതാര് എന്ന തർക്കവും നടക്കുന്നു. ലോക്കൽ പോലീസും ഡാൻസാഫും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇതിനിടയിൽ മുഴച്ചു നിൽക്കുന്നത്.
മയക്കുമരുന്ന് കേസുകൾ അന്വേഷിക്കുന്നതിന് മാത്രമായി ജില്ല പോലീസ് സൂപ്രണ്ടുമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ആന്റ് നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ്-ഡാൻസാഫ്, പലപ്പോഴും ലോക്കൽ പോലീസുമായി പടലപ്പിണക്കത്തിലാകുന്ന സംഭവങ്ങൾ നിരവധിയുണ്ട്. എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ ഇവർ പലപ്പോഴും ലോക്കൽ പോലീസുമായി സഹകരിക്കാതെ കേസുകൾ കൈകാര്യം ചെയ്യുന്നുവെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെ നിരീക്ഷിക്കാൻ ജില്ല പോലീസ് സൂപ്രണ്ടിന്റെ ചാരൻമാരായി ഇവർ പ്രവർത്തിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. പല സ്റ്റേഷൻ പരിധിയിലും പോലീസുകാർ എവിടെ പോകുന്നു, എന്തു ചെയ്യുന്നുവെന്നൊക്കെ ജില്ല പോലീസ് സൂപ്രണ്ട് വേഗത്തിൽ അറിയുന്നത് ഈ സംഘം വഴിയാണെന്നും പരാതികളുണ്ടായിരുന്നു. ഇതോടെ ഡാൻസാഫിന്റെ പ്രവർത്തനങ്ങളെ ലോക്കൽ പോലീസ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്. എസ്.പിയുടെ പ്രത്യേക ചാരസംഘമെന്ന ഇരട്ടപ്പേര് വരെ പലയിടങ്ങളിലും ഡാൻസാഫിനുണ്ട്. താമിർ ജിഫ്രിയുടെ മരണത്തിന് മുമ്പു തന്നെ പോലീസ് സേനയിൽ ജില്ല പോലീസ് സൂപ്രണ്ടിനെതിരെ അതൃപ്തി വളരുന്നുണ്ട്. അതിന്റെ അനുരണനമായാണ് വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ പരസ്യമായി തന്നെ ജില്ല പോലീസ് സുപ്രണ്ടിനെതിരെ രംഗത്തെത്തിയിരുന്നത്. ജില്ലയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് എസ്.പിയുടെ മാനസിക പീഡനം മൂലമാണെന്ന പരാതിയും ഉയർന്നിരുന്നു.
പോലീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ഡാൻസാഫ് പോലുള്ള പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകുന്നത്. ഇതേസമയം, പോലീസിന്റെ ജനകീയ മുഖം സംരക്ഷിക്കുന്നതിനും ഇത്തരം സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. ജനമൈത്രി പോലുള്ള സംവിധാനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ പോലീസിന് സൽപേരുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ജനവിരുദ്ധവും സംശയങ്ങളുയർത്തുന്നതുമായ രീതിയിൽ പ്രത്യേക അന്വേഷണ സംഘങ്ങളുടെ ഇടപെടൽ. കുറ്റവാസനയുള്ളവരോട് ജനമൈത്രി പ്രായോഗികമല്ലെന്നും പരുക്കൻ ഇടപടൽ വേണമെന്നുമുള്ള നിലപാടിൽ പോലീസ് മാറ്റം വരുത്തിയിട്ടില്ല. കേസ് തെളിയിക്കാൻ മൂന്നാംമുറ പാടില്ലെന്നുണ്ടെങ്കിലും പോലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറയുടെ സാന്നിധ്യമില്ലാത്ത മൂലകളിൽ ഇപ്പോഴും മൂന്നാംമുറ നടന്നു കൊണ്ടിരിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കുറെ കൂടി മാന്യവും പ്രൊഫഷണലുമായ സമീപനം പോലീസിൽ നിന്നുണ്ടാകേണ്ടതുണ്ട് .വിദേശ രാജ്യങ്ങളിൽ പോയി പരിശീലനം നേടി കേരള പോലീസിലെ ഒട്ടേറെ ഉദ്യോഗസ്ഥർ തിരിച്ചെത്തുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലമൊന്നും കേരളത്തിലെ പോലീസിംഗിൽ കാണുന്നില്ല.






