അപര്‍ണ മദ്യപിച്ചിരുന്നു, ഇത്  ചോദ്യം ചെയ്തത് പ്രശ്‌നമായി-ഭര്‍ത്താവിന്റെ മൊഴി 

തിരുവനന്തപുരം- സീരീയല്‍ നടി അപര്‍ണാ നായരുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സഞ്ജിത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവദിവസം അപര്‍ണ മദ്യപിച്ചിരുന്നെന്നും ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായെന്നും സഞ്ജിത്ത് കരമന പോലീസിന് മൊഴി നല്‍കി.അന്നുരാവിലെ ഇരുവരും ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. രാത്രി ഓണാഘോഷം കാണാന്‍ പോകാന്‍ തീരുമാനിച്ചിരുന്നെന്നും ഇതിനിടെ അപര്‍ണ മദ്യപിക്കുന്നത് കണ്ടപ്പോള്‍ താന്‍ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയതെന്നും സഞ്ജിത് പറഞ്ഞു. അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസുകാരി മകളും മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. തര്‍ക്കത്തിന് പിന്നാലെ സഞ്ജിത്ത് മകളുമായി വീട്ടില്‍ നിന്നിറങ്ങിപ്പോയി. മേട്ടുക്കടയിലെത്തിയപ്പോള്‍ അപര്‍ണ ആത്മഹത്യ ശ്രമിച്ചുവെന്ന് ഫോണ്‍ വന്നെന്നും താന്‍ തിരിച്ചു വീട്ടിലെത്തുകയായിരുന്നെന്നും സഞ്ജിത്ത് വെളിപ്പെടുത്തി. ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് 3.30നാണ് അവസാനിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കരമന തളിയല്‍ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു ഒരു വര്‍ഷമായി കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്ന അപര്‍ണ കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരുമില്ലെന്നു പറഞ്ഞ് രണ്ടാഴ്ച മുന്‍പാണ് ജോലി രാജിവച്ചത്. 2009ല്‍ മേഘതീര്‍ഥം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയത് . അച്ചായന്‍സ്, മുദ്ദുഗൗ, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങി ഒട്ടേറെ സിനിമകളിലും ചന്ദനമഴ, ആത്മസഖി സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. കടല്‍ പറഞ്ഞ കഥ ആണ് ഒടുവിലത്തെ ചിത്രം. മക്കള്‍: ത്രയ, കൃതിക.

Latest News