യുവാവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു, അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു

പട്ടാമ്പി- മേലെ പട്ടാമ്പി കിഴായൂരില്‍ യുവാവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. അക്രമത്തിന് ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ നില അതീവ ഗുരുതരമാണ്. കിഴായൂര്‍ കുമാരി കയറ്റത്തില്‍ പറമ്പാടന്മാരില്‍ സജീവന്റെ (36) ഭാര്യ ആതിരയാണ് (30) മരിച്ചത്. പരിക്കേറ്റ അമ്മ സരോജിനി (55), മകള്‍ അശ്വന (10) എന്നിവരും സജീവനും പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. അടുക്കളയിലെ കത്തി ഉപയോഗിച്ച് സജീവന്‍ ആദ്യം മകളെയും പിന്നീട് അമ്മയെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വയം കഴുത്തറുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ നാലുപേരെയും ആദ്യം പട്ടാമ്പിയിലെയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി എട്ടരയോടെയാണ് ആതിര മരിച്ചത്.
മാനസിക വിഭ്രാന്തി മൂലം സജീവന്‍ ആക്രമണം നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുന്ന സമയം സജീവന്റെ പിതാവ് ശങ്കരന്‍ തെങ്ങ് കയറാന്‍ പോയിരുന്നു. അമ്മയും ഭാര്യയും മകളും ക്ഷേത്രത്തിലേക്ക് പോകാന്‍ നില്‍ക്കവെയാണ് സംഭവം.
കൂലിപ്പണിക്കാരനായ സജീവന്‍ ഓണത്തോടനുബന്ധിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മൈസൂരിലേക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ചുവന്ന ശേഷം അസ്വസ്ഥനായിരുന്നു. വീട്ടില്‍ അസ്വാഭാവികമായാണ് പെരുമാറിയിരുന്നത്. കുടുംബം ഇയാളെ കൗണ്‍സലിംഗിന് ഹാജരാക്കിയിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. 

Latest News