ഷാർജ- വിസയില്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന തൃശൂർ അഞ്ചങ്ങാടി സ്വദേശി മുഹ്‌സിനെ (49) സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. യു.എ.ഇയിലെ യാബ് ലീഗൽ സർവീസസിന്റെ സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകരായ സിയാഫ് മട്ടാഞ്ചേരി, റഹീമ ഷനീദ്, ദുബായ് കെ.എം.സി.സി പ്രവർത്തകൻ നൗഫൽ, ഷാർജ കെ.എം.സി.സി പ്രവർത്തകർ, അജ്മാൻ ഇൻകാസ് പ്രവർത്തകർ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹത്തെ നാട്ടിലേക്കയക്കാൻ സാധിച്ചത്.
2023 മാർച്ചിൽ സന്ദർശക വിസയിൽ ജോലി അന്വേഷിച്ചു എത്തിയ മുഹ്‌സിന്റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌പോർട്ടും മറ്റു രേഖകളും നഷ്ടമാകുകയായിരുന്നു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല. വാടക കൊടുക്കാൻ സാധിക്കാത്തതോടെ റൂമിൽ നിന്നും ഇറങ്ങേണ്ടി വന്നു.
മലയാളം ന്യസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരുക
തുടർന്ന് നാലു മാസത്തോളം ഷാർജയിലെ സൗദി മോസ്‌കിനടുത്തുള്ള പാർക്കിൽ കഴിയുകയായിരുന്ന മുഹ്‌സിന് സാമൂഹ്യ പ്രവർത്തകർ തുണയാവുകയായിരുന്നു.
വിസയില്ലാതെ തുടർന്നതിനാൽ ഭീമമായ തുക പിഴ വന്ന മുഹ്‌സിനെ നാട്ടിലേക്ക് എത്തിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അവീർ എമിഗ്രേഷനിൽ നിന്ന് പിഴ തുക ഒഴിവാക്കി നൽകി ഔട്ട്പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ ലഭ്യമാക്കി. ഇന്നലെ കൊച്ചി വിമാനത്തിൽ മുഹ്‌സിൻ നാട്ടിലേക്ക് യാത്രയായി.






