കാര്‍ഷികവിളകള്‍ക്ക് നാശം, ഒമാനില്‍ കാക്കകളേയും മൈനകളേയും കൊന്നൊടുക്കുന്നു

മസ്‌കത്ത്- ഒമാനില്‍ കാര്‍ഷിക വിളകള്‍ക്കു ഭീഷണിയാകുന്ന മൈനകളെയും കാക്കകളെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നു. ഇവയെ തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച തുടങ്ങി. ആദ്യ ഘട്ടത്തില്‍ 60,320 മൈനകളെയും 43,753 ഇന്ത്യന്‍ കാക്കകളുമടക്കം 1,04,073 പക്ഷികളെയുമാണ് ഇല്ലാതാക്കിയത്.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ നാലു മുതല്‍ ഏഴു വരെ സദ, 10-15 വരെ മിര്‍ബാത്ത്, 17-28 വരെ താഖ എന്നീ പ്രദേശങ്ങളിലാണ് പക്ഷികളെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുക. ഈ ഘട്ടത്തിലെ ക്യാമ്പയിനിന്റെ സമാപന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 26 വരെ സലാലയില്‍ നടക്കും. വരും മാസങ്ങളില്‍ മസ്‌കത്ത്, വടക്കന്‍ ബാത്തിന എന്നിങ്ങനെ മറ്റ് ഗവര്‍ണറേറ്റുകളിലും പക്ഷികളെ തുരത്താനുള്ള നടപടികള്‍ തുടരും. പക്ഷികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെണിവെച്ച് പിടിച്ചും എയര്‍ഗണ്‍ ഉപയോഗിച്ചുമാണ് ഇവയെ ഇല്ലാതാക്കാന്‍ ശ്രമം തുടരുന്നത്.

ഗോതമ്പ്, നെല്ല്, മുന്തിരി, ആപ്രിക്കോട്ട് എന്നിവയുള്‍പ്പെടെയുള്ള കൃഷിയിടങ്ങളാണ് കാക്കകളും മൈനകളുമടക്കമുള്ള പക്ഷികള്‍ നശിപ്പിക്കുന്നത്.

 

Latest News