ദുബായ് - ആറ് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം യു.എ.ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി തിരിച്ചെത്തി. സുൽത്താൻ അൽ നെയാദിയെയും സംഘംഗങ്ങളെയും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് വംശജൻ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ കാലം താമസിച്ച യു.എ.ഇ ബഹിരാകാശ സഞ്ചാരി എന്നീ ചരിത്രനേട്ടങ്ങളുമായാണ് ഫ്‌ളോറിഡയുടെ തീരത്ത് ജാക്‌സൺവില്ലിന് സമീപം രാവിലെ 8:17 യാണ് സുൽത്താൻ അൽ നെയാദി എത്തിയത്.
'ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ പുതിയ ഉയരത്തിൽ എത്തിച്ച നെയാദിയുടെ യാത്രയും സുരക്ഷിതമായ തിരിച്ചുവരവും ഞങ്ങൾ ആഘോഷിക്കുന്നു' എന്ന് ഷെയ്ഖ് മുഹമ്മദ് കുറിച്ചു. സുൽത്താൻ 200 ശാസ്ത്ര ഗവേഷണ ദൗത്യങ്ങൾ നടത്തി. 4,400 മണിക്കൂറിലധികം ബഹിരാകാശത്ത് ചെലവഴിച്ചു. ദശലക്ഷക്കണക്കിന് അറബ് യുവാക്കളെ പ്രചോദിപ്പിച്ചു എന്ന് ഷെയ്ഖ് മുഹമ്മദ് എഴുതി.






