ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ വൈദ്യുതിയില്ലാതെ പഠനം; തിങ്കള്‍ മുതല്‍ അവധി

ജിദ്ദ- ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗം വൈദ്യുതിയില്ലാതെ പ്രവര്‍ത്തിച്ചതു മൂലം കുട്ടികള്‍ പലരും അവശരായാണ് വീട്ടില്‍ എത്തിയതെന്ന് രക്ഷിതാക്കളുടെ പരാതി. രണ്ടര മാസത്തെ അവധിക്കു ശേഷമാണ് സ്‌കൂള്‍ ഇന്ന് തുറന്നത്. ഇത്രയും ദിവസം അവധി ഉണ്ടായിട്ടും മതിയായ അറ്റകുറ്റ പണികള്‍ നടത്താതെയാണ് സ്‌കൂള്‍ തുറന്നതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് കഴിഞ്ഞ കുറെ നാളുകളായി സ്‌കൂളിനോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സകൂള്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു പിരിയഡിനു ശേഷം കറന്റ് പോയതിനാല്‍ എ.സികള്‍ പ്രവര്‍ത്തനരഹിതമായി. ഇതുമൂലം കടുത്ത ചൂട് അനുഭവിച്ച് കുട്ടികള്‍ പലരും തലവേദനും ഛര്‍ദിയുമായാണ് വീട്ടിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി സ്‌കൂളിന്റെ പഠന നിലവാരം കുറഞ്ഞു വരികയാണെന്നും ഇക്കാര്യത്തില്‍ പഴതുപോലുള്ള ശ്രദ്ധ സ്‌കൂളിന് മേല്‍നോട്ടം വഹിക്കുന്നവര്‍ക്കില്ലെന്നും പരാതിയുണ്ട്. ഇത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍. ഇതിനായി വാട്‌സാപ് ഗ്രൂപ്പുകളിലൂടെ കാമ്പയിന്‍ ആരംഭിച്ചു.
കറന്റ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ തിങ്കള്‍ മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പെണ്‍കുട്ടികളുടെ വിഭാഗം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കും എടുക്കുക. ആണ്‍കുട്ടികളുടെ വിഭാഗവും കെ.ജി സെക്ഷനും നിലവിലെ ടൈംടേബിള്‍ പ്രകാരം പ്രവര്‍ത്തിക്കും.

 

 

 

Latest News