മാണിക്യ മലരായ പാട്ട് വേണ്ടിയിരുന്നില്ല - ഒമര്‍ലുലു

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് സിനിമയിലെ  മാണിക്യ മലരായ പൂവി എന്ന ഗാനമാണ് അന്താരാഷ്ട്ര തലത്തില്‍ സിനിമയെ എത്തിച്ചത്. മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ ഗ്ലോബല്‍ താരമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ക്ക് ഒരു പരസ്യത്തില്‍ അഭിനയിക്കുന്നതിന് ഒരു കോടി രൂപ പ്രതിഫലം ലഭിച്ചിട്ടുണ്ട്. ഈ ഗാനം വേണ്ടിയിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ ഒമര്‍ലുലു. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയ്ക്കാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്തെങ്കിലും കാര്യം നടക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഒമറിന്റെ ഈ മറുപടി. അഡാര്‍ ലവ്വിലെ പാട്ട് വേണ്ടിയിരുന്നില്ല. അതുണ്ടാക്കിയ ഹൈപ്പ് കാരണമാണ് ഈ ടെന്‍ഷനും പ്രശ്‌നങ്ങളുമൊക്കെ എന്നായിരുന്നു ഒമര്‍ലുലുവിന്റെ മറുപടി. മാണിക്യ മലരായ പൂവി എന്ന ഗാനം റിലിസായതിനെ തുടര്‍ന്ന് വന്‍ജനപ്രീതിയാണ് ചിത്രത്തിനും ഗാനത്തിനും ലഭിച്ചത്. ഹൈദരാബാദില്‍ നിന്നൊരു സംഘടന ഗാനത്തെ ചൊല്ലി സുപ്രീം കോടതിയില്‍ കേസും നല്‍കിയിരുന്നു. അന്യഭാഷ അവകാശങ്ങള്‍ റെക്കോര്‍ഡ് തുകക്കാണ് വിറ്റ് പോയത്. ചിത്രത്തിലെ നായിക നൂറിന്‍ ആണ്. എന്നാല്‍ പ്രിയാ വാര്യര്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് പറഞ്ഞ് നിര്‍മ്മാതാവ് രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു.

Latest News