ബോൾട് ഒഴിച്ചിട്ടു പോയ സിംഹാസനമാണ് ലക്ഷ്യമെന്ന കാര്യം ലൈൽസ് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. സ്‌പോർട്‌സിന്റെ അതിർവരമ്പുകൾ മറികടക്കുന്ന, തലമുറയിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന താരം. 2017 ൽ ബോൾട് വിരമിച്ച ശേഷം ട്രാക്ക് ആന്റ് ഫീൽഡ് ആ സൂപ്പർതാരത്തെ കാത്തിരിക്കുകയാണ്.....
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്പ്രിന്റ് ട്രിപ്പിൾ നേടിയ അമേരിക്കൻ അത്‌ലറ്റുകളെക്കുറിച്ച് പറയുമ്പോൾ ഓർമയിൽ വരുന്ന രണ്ടു പേരുകളുണ്ട്, ടൈസൻ ഗ്രേയും മൗറിസ് ഗ്രീനും. പ്രഗൽഭരുടെ ആ നിരയിലേക്ക് സ്വന്തം പേരെഴുതിച്ചേർത്താണ് നൂഹ് ലൈൽസ് ബുഡാപെസ്റ്റിനോട് വിടപറഞ്ഞത്. പക്ഷെ ഒളിംപിക്‌സാണ് കാര്യം. ഒളിംപിക്‌സിൽ ആ ട്രിപ്പിൾ നേടിയ ചി പേരുകൾ ഐതിഹാസികമാണ് -ജെസി ഓവൻസിനെയും കാൾ ലൂയിസിനെയും പോലെ. ടൈസൻ ഗ്രേയെയും മൗറിസ് ഗ്രീനിനെയും പോലെ വെറുമൊരു ട്രാക്ക് സ്റ്റാറിൽ നിന്ന് ഓവൻസിനെയും കാൾ ലൂയിസിനെയും പോലെ ആഗോള ഐക്കണാവാൻ ലൈൽസിന് സാധിക്കുമോ, അതാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. അതിന് ലൈൽസിന് ഒരു വർഷത്തെ ദൂരമുണ്ട്, പാരിസ് ഒളിംപിക്‌സിന് ഒരുങ്ങാൻ.
100 മീറ്ററിലും 200 മീറ്ററിലും ചാമ്പ്യനായ ലൈൽസ് റിലേയിൽ അമേരിക്കയെ സ്വർണത്തിലേക്ക് നയിച്ചാണ് ബുഡാപെസ്റ്റിന്റെ താരമായത്. എട്ടു വർഷം മുമ്പ് ഈ നേട്ടം അവസാനം കൈവരിച്ചത് ജമൈക്കയുടെ ഉസൈൻ ബോൾടാണ്, ട്രാക്കിലെ ആധുനിക ഇതിഹാസം.
ബോൾട് ഒഴിച്ചിട്ടു പോയ സിംഹാസനമാണ് ലക്ഷ്യമെന്ന കാര്യം ലൈൽസ് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. സ്‌പോർട്‌സിന്റെ അതിർവരമ്പുകൾ മറികടക്കുന്ന, തലമുറയിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന താരം. 2017 ൽ ബോൾട് വിരമിച്ച ശേഷം ട്രാക്ക് ആന്റ് ഫീൽഡ് ആ സൂപ്പർതാരത്തെ കാത്തിരിക്കുകയാണ്. പ്രത്യേകിച്ചും അമേരിക്ക അത്തരമൊരു കളിക്കാരനു വേണ്ടി ദാഹിക്കുകയാണ്. ലോസ്ആഞ്ചലസ് മറ്റൊരു ഒളിംപിക്‌സിന് വേദിയൊരുക്കാൻ അഞ്ചു വർഷമേയുള്ളൂ. ട്രാക്ക് ആന്റ് ഫീൽഡിന് ഇപ്പോഴും ഓറിഗണിലെ യൂജിന് പുറത്ത് വേദി ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. അമേരിക്കയിൽ ട്രാക്ക് ആന്റ് ഫീൽഡിന് അതിഭീകരമായി കാഴ്ചക്കാർ കുറയുകയാണ്.
ട്രാക്ക് ആന്റ് ഫീൽഡിനെ അമേരിക്കയിലെ ആദ്യ നാല് പ്രധാന കായിക ഇനങ്ങളിലൊന്നാക്കുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വേൾഡ് അത്‌ലറ്റിക്‌സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞിരുന്നു. അതിന് ലൈൽസിനെ പോലൊരു മുഖം വേണം അത്‌ലറ്റിക്‌സിന്. ഫ്‌ളോറിഡയിൽ നിന്നുള്ള ഇരുപത്താറുകാരൻ അതിന് റെഡിയാണ്. ട്രാക്കിലെന്ന പോലെ ജി.ക്യു മാഗസിനിലും ആളുകൾ തന്നെ തിരയണമെന്നാണ് ലൈൽസിന്റെ ആഗ്രഹം. 100 മീറ്റർ 9.65 സെക്കന്റിലും 200 മീറ്റർ 19.10 സെക്കന്റിലും ഓടാൻ സാധിക്കുമെന്ന പ്രഖ്യാപനങ്ങളുമായി ലൈൽസ് സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. രണ്ടും ബുഡാപെസ്റ്റിൽ സാധിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം. 9.65 സെക്കന്റിനെക്കാൾ വേഗത്തിൽ 100 മീറ്റർ ഓടാൻ ബോൾടിനേ സാധിച്ചിട്ടുള്ളൂ. 19.10 സെക്കന്റിൽ 200 മീറ്റർ ബോൾടിന്റെ റെക്കോർഡിനെയും തകർക്കുന്നതാണ്.
എന്നാൽ 100 മീറ്ററിൽ പറയത്തക്ക നേട്ടങ്ങളൊന്നും ലൈൽസിനുണ്ടായിരുന്നില്ല. ലോക ചാമ്പ്യൻഷിപ്പിലെ സ്വർണം ഒരു തുടക്കമാണ്. ട്രാക്ക് സ്റ്റാറിൽ നിന്ന് ട്രാക്ക് ഐക്കണിലേക്കുള്ള യാത്രയുടെ വലിയ ദൂരമുണ്ട് മുന്നിൽ.