ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ് അടുത്ത വർഷത്തെ പാരിസ് ഒളിംപിക്‌സിന് നൽകുന്ന സൂചനകളെന്തൊക്കെയാണ്...
ഷാഖരി റിച്ചാഡ്‌സനും നൂഹ് ലൈൽസും കൊളുത്തി വെച്ച പ്രകാശം പാരിസിൽ അടുത്ത വർഷവും വെളിച്ചം പകരുമോ? ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ് അടുത്ത വർഷത്തെ പാരിസ് ഒളിംപിക്‌സിന് നൽകുന്ന സൂചനകളെന്തൊക്കെയാണ്? ഏറ്റവും വലിയ സൂചന ഒളിംപിക്‌സിന്റെ ആതിഥേയ രാജ്യത്തെക്കുറിച്ചാണ്, ഒരു വ്യക്തിഗത മെഡൽ പോലുമില്ലാതെ വെറുംകൈയുമാണ് ഫ്രഞ്ച് ടീം ബുഡാപെസ്റ്റ് വിട്ടത്. ഒരുകാലത്ത് ട്രാക്ക് ആന്റ് ഫീൽഡിലെ വമ്പന്മാരായിരുന്ന ജർമനിയും നിരാശപ്പെടുത്തി.
ട്രാക്ക് ആന്റ ഫീൽഡ് പുതിയ താരോദയത്തിനായി കാത്തിരിക്കുകയാണ്. ബുഡാപെസ്റ്റ് രണ്ട് പേരുകൾ മുന്നോട്ടു വെക്കുന്നു. അമേരിക്കൻ സ്പ്രിന്റ് ജോഡി നൂഹ് ലൈൽസും ശാഖരി റിച്ചാഡ്‌സനും. ലൈൽസ് സ്പ്രിന്റ് ട്രിപ്പിൾ തികച്ചു. ശാഖരി 100 മീറ്ററിൽ സ്വർണത്തിലേക്ക് കുതിക്കുകയും റിലേയിൽ അമേരിക്കയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 200 മീറ്ററിൽ വെങ്കലവും നേടി.
സ്വന്തം നേട്ടങ്ങളെക്കുറിച്ച് വാചാലരാവാൻ മടിയില്ലാത്തവരാണ് ഇരുവരും. മാധ്യമങ്ങളെ ഒരു ഔചിത്യവുമില്ലാതെ വിമർശിക്കാനുമറിയാം. പക്ഷെ കായികലോകത്തിന് ഇരുവരും പ്രിയങ്കരരാണ്. അമേരിക്കൻ ട്രാക്ക് ടീമിൽ അവർ റോക്ക് സ്റ്റാറുകളാണ്.
ഉസൈൻ ബോൾടിനു ശേഷം ജമൈക്കൻ പുരുഷ ടീമിന്റെ തകർച്ചയാണ് മറ്റൊരു സൂചിക. 100 മീറ്ററിൽ ഒബ്ലിക് സെവിൽ നാലാം സ്ഥാനത്തായി. സെവിലിന്റെ കരുത്തിലാണ് റിലേയിൽ ജമൈക്ക വെങ്കലം നേടിയത്. ബോൾടും അസാഫ പവലും യോഹാൻ ബ്ലെയ്ക്കുമൊക്കെ ട്രാക്ക് വാണ കാലം ഓർമ മാത്രമാവുകയാണ്. വനിതകളുടെ 200 മീറ്ററിൽ ഷെറിക്ക ജാക്‌സനാണ് ജമൈക്കയുടെ അഭിമാനമായത്. സ്വർണം നിലനിർത്താനായി ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ 200 മീറ്ററാണ് അവർ ഓടിയത്. 21.41 സെക്കന്റിൽ. ഫ്‌ളോറൻസ് ഗ്രിഫിത് ജോയ്‌നറിന്റെ എത്തിപ്പിടിക്കാനാവില്ലെന്ന് കരുതിയ റെക്കോർഡ് അടുത്തടുത്ത് വരികയാണോ?
ഒളിംപിക്‌സിന് ഒരു വർഷം മാത്രം അവശേഷിക്കെ ലോക ചാമ്പ്യൻഷിപ്പിൽ ഫ്രാൻസ് നേടിയത് വെറുമൊരു ടീം വെള്ളിയാണ്. 4ഃ400 റിലേയിൽ. അതും അവസാന ദിവസം. കഴിഞ്ഞ വർഷം യൂജിനിലും അവരുടെ കഥ വ്യത്യസ്തമായിരുന്നില്ല. അവിടെ ഡെക്കാത്തലൺ മെഡൽ നേടി കെവിൻ മെയർ ഇത്തവണ പരിക്കുമായി പിന്മാറി. ഫ്രാൻസിന്റെ പതനം ഒളിംപിക്‌സിന് വെല്ലുവിളിയാണെന്ന് വേൾഡ് അത്‌ലറ്റിക്‌സ് മേധാവി സെബാസ്റ്റ്യൻ കോ കരുതുന്നു.
കാസ്റ്റൻ വാർഹോമും യാഖുബ് ഇൻഗെബ്രിസ്റ്റനും ഫോമിൽ തുടരുകയാണെങ്കിൽ പാരിസ് ഒളിംപിക്‌സിൽ നോർവെ വെള്ളിവെളിച്ചത്തിലുണ്ടാവും. 400 മീറ്റർ ഹർഡിൽസിൽ വാർഹോമിന് വെല്ലുവിളിയില്ല. അനായാസമാണ് എതിരാളികളെ മറികടന്നത്. ടോക്കിയോ ഒളിംപിക്‌സിൽ ലോക റെക്കോർഡോടെ വാർഹോം സ്വർണം നേടിയിരുന്നു. 1500 മീറ്ററിൽ തുടർച്ചയായ രണ്ടാമത്തെ ലോക ചാമ്പ്യൻഷിപ്പിലും ഇൻഗെബ്രിസ്റ്റൻ സ്വർണം കൈവിട്ടു. എന്നാൽ 5000 മീറ്ററിൽ സ്വർണം നേടി തിരിച്ചുവന്നു. രണ്ടിനങ്ങളിലും നോർവെ താരം വൻ ശക്തിയായിരിക്കും.
കെനയയുടെ ഫെയ്ത് കിപ്യെഗോൺ മധ്യദൂര ഓട്ടങ്ങളിൽ കുത്തക തീർക്കുകയാണ്. 1500 മീറ്ററിൽ ഹാട്രിക് സ്വർണമാണ് പാരിസ് ഒളിംപിക്‌സിൽ ഫെയ്ത്ത് കാത്തിരിക്കുന്നത്. ഇരുപത്തൊമ്പതുകാരിയും ഒരു കുട്ടിയുടെ മാതാവുമായ ഫെയ്ത് ബുഡാപെസ്റ്റിൽ 1500 മീറ്ററിലും 5000 മീറ്ററിലും സ്വർണം നേടി. മൂന്നാം തവണയാണ് 1500 മീറ്ററിൽ ലോക ചാമ്പ്യനാവുന്നത്. ഈ സീസണിൽ മൂന്നു തവണ കെനിയക്കാരി ലോക റെക്കോർഡ് തകർത്തു.
നെതർലാന്റ്‌സിന്റെ സിഫാൻ ഹസനെ പോലെ 10,000 മീറ്ററിൽ കൂടി മത്സരിക്കാൻ ഫെയ്ത് തുനിഞ്ഞേക്കുമോ? അതും ഫെയ്തിന് അപ്രാപ്യമായേക്കില്ല.
ബുഡാപെസ്റ്റിൽ പങ്കെടുത്ത ഏറ്റവും വലിയ ടീമുകളിലൊന്നായിരുന്നു ജർമനി. എഴുപതിലേറെ അത്‌ലറ്റുകളുണ്ടായിരുന്നു അവരുടെ ടീമിൽ. ജാവലിൻ ത്രോയിൽ ജൂലിയൻ വെബറാണ് മെഡലിനോട് ഏറ്റവും അടുത്തെത്തിയ ജർമൻ താരം. ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം നേടിയ ഈയിനത്തിൽ വെബർ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. എന്നാൽ ചെക് റിപ്പബ്ലിക്കിന്റെ യാഖുബ് വെയ്ദിലേഷ് അവസാന ഏറിൽ വെബറെ മറികടന്നു. 88 സെന്റിമീറ്റർ വ്യത്യാസത്തിൽ വെബർ മെഡൽ സ്ഥാനത്തിനു പുറത്തായി.
വനിതാ ലോംഗ്ജമ്പിൽ മലായിക മിഹാംബൊ നിലവിലെ ഒളിംപിക് ചാമ്പ്യനാണ്. എന്നാൽ പരിക്കു കാരണം ബുഡാപെസ്റ്റിൽ മത്സരിക്കാനായില്ല. യൂറോപ്യൻ ചാമ്പ്യൻ നിക്കളാസ് കൗൾ ഡെക്കാത്തലണിൽ പാതിവഴിയിൽ പരിക്കേറ്റ് പിന്മാറി. ട്രാക്ക് ആന്റ് ഫീൽഡിനെ ജർമനി അവഗണിക്കുകയാണെന്ന് ഡിസ്‌കസ് ത്രോയിൽ മൂന്നു തവണ ചാമ്പ്യനായ റോബർട് ഹാർടിംഗ് പറയുന്നു.
ജമ്പിംഗിലും ത്രോയിംഗിലും ജർമനി എന്നും വൻശക്തിയായിരുന്നു. ഹെയ്‌കെ ഡ്രഷ്‌ലർ 1992 ലും 2000 ലും ഒളിംപിക് ലോംഗ്ജമ്പ് വനിതാ ചാമ്പ്യനായിരുന്നു. ഇത്തവണ ഒരു മെഡൽ പോലും നേടാതെയാണ് ജർമൻ ടീം ബുഡാപെസ്റ്റ് വിട്ടത്.