റിയാദ് - കിംഗ് സൽമാൻ റോയൽ റിസർവിലും റിയാദ് പ്രവിശ്യയിലും ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയ 14 പേരെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഒമ്പതു എയർ ഗണുകളും വേട്ടയാടി പിടിച്ച എട്ടു പക്ഷികളെയും പക്ഷിവേട്ടക്ക് ഉപയോഗിക്കുന്ന രണ്ടു വലകളും പക്ഷികളെ ആകർഷിക്കാനുള്ള ഉപകരണവും 1,020 എയർ ഗൺ വെടിയുണ്ടകളും നിയമ ലംഘകരുടെ പക്കൽ കണ്ടെത്തി. ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു.
സൗദിയിൽ ലൈസൻസില്ലാതെ നാച്വറൽ റിസർവുകളിൽ പ്രവേശിക്കുന്നതിന് 5,000 റിയാലും പക്ഷിവേട്ടക്ക് വലകളും കൂടുകളും ഉപയോഗിക്കുന്നതിന് ഒരു ലക്ഷം റിയാലും പക്ഷികളെ ആകർഷിക്കുന്ന ഉപകരണം ഉപയോഗിക്കുന്നതിന് 50,000 റിയാലും ലൈസൻസില്ലാതെ പക്ഷി വേട്ട നടത്തുന്നതിന് 10,000 റിയാലും പിഴ ലഭിക്കും. പരിസ്ഥിതിക്കും വന്യജീവികൾക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന പറഞ്ഞു.