താനെ- മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ ഭാര്യയെ വെടിവച്ചു കൊന്നതിനു പിന്നാലെ ഭർത്താവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. കൽവയിലെ കുംഭാർ അലിയിൽ സ്ഥിതി ചെയ്യുന്ന യശ്വന്ത് നിവാസ് ബിൽഡിംഗിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
56 കാരനായ ദിലീപ് സാൽവിയും 51കാരിയായ ഭാര്യ പ്രമീളയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി സാൽവി വീട്ടിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ഭാര്യയുമായി വഴക്കുണ്ടായി. രോഷാകുലനായി അയാൾ റിവോൾവർ പുറത്തെടുത്ത് ഭാര്യക്ക് നേരെ രണ്ട് റൗണ്ട് നിറയൊഴിച്ചു. പ്രമീള സംഭവസ്ഥലത്ത് തന്നെ മരിച്ചു.'അധികം താമസിയാതെ സാൽവി നിലത്ത് കുഴഞ്ഞുവീഴുകയും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
സാൽവി ഭാര്യയുടെ നേരെ റിവോൾവർ ചൂണ്ടിയപ്പോൾ ബഹളമുണ്ടാക്കി മകനെ വിളിച്ചിരുന്നു. മകൻ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ സാൽവി മരിച്ചിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പോലീസ് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൽവയിലെ സ്വാധീനമുള്ള കുടുംബത്തിൽ പെട്ടയാളാണ് സാൽവിയെന്ന് പോലീസ് പറഞ്ഞു.
പിതാവ് പരേതനായ യശ്വന്ത് രാമ സാൽവിയുടെ പേരിലാണ് നിരവധി നാഗരിക പദ്ധതികൾ. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ I) ഗണേഷ് ഗവാഡെ സംഭവസ്ഥലം സന്ദർശിച്ചു. ദമ്പതികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.