ദുബായ്- വെങ്ങര-മുട്ടം സരിഗമ ഏർപ്പെടുത്തിയ വിളയിൽ ഫസീല പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രവാസിയും പ്രശസ്ത പിന്നണി ഗായകനുമായ യൂസുഫ് കാരക്കാടിനാണ് പുരസ്‌കാരം.
പതിറ്റാണ്ടുകളോളം സ്വരപാരമ്പര്യമുളള മാപ്പിളപ്പാട്ട് ഗായിക എന്ന നിലയിൽ ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയ പ്രതിഭയാണ് വിളയിൽ ഫസീല.
1970 ൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് വിളയിൽ ഫസീല മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് ചുവടു വയ്ക്കുന്നത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാഷാണ് വിളയിൽ ഫസീലയിലെ പ്രതിഭയെ കണ്ടെത്തി പാട്ടിന്റെ ലോകത്തേയ്ക്ക് ആനയിച്ചത്.
'കിരികിരി ചെരിപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി..,
ആമിന ബീവിക്കോമന മോനേ..., ഹജ്ജിന്റെറ രാവിൽ ഞാൻ കഅബം കിനാവ് കണ്ടു.., മക്കത്തെ രാജാത്തിയായി..., മുത്തിലും മുത്തൊളി..., കടലിന്റെയിക്കരെ വന്നോരേ.. ഖൽബുകൾ വെന്തു പുകഞ്ഞോരേ.., ആകെലോക കാരണമുത്തൊളി.., ഉടനെ കഴുത്തെന്റെ.., ആനെ മദനപ്പൂ.., കണ്ണീരിൽ മുങ്ങി..., മണി മഞ്ചലിൽ... തുടങ്ങി ഒട്ടെറേ പാട്ടുകൾ ശ്രോതാക്കളുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭൂതമായിട്ടുണ്ട്.
മണവാട്ടി കരംകൊണ്ട് (പതിനാലാം രാവ്), കൊക്കരക്കൊക്കര കോയിക്കുഞ്ഞേ (മൈലാഞ്ചി), തക്കാളിക്കവിളത്ത് (സമ്മേളനം), ഫിർദൗസിൽ അടുക്കുമ്പോൾ (1921) എന്നീ സിനിമാ ഗാനങ്ങളും പാടി. ഫോക് ലോർ അക്കാദമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്നം അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. സമകാലിക പ്രവാസ ലോകത്ത് അദ്വിതീയസ്ഥാനം അലങ്കരിച്ചിരിക്കുന്ന പ്രതിഭയാണ് പുരസ്‌കാര ജേതാവായ യൂസുഫ് കാരക്കാട്. വളരെ ചെറുപ്പം തൊട്ട് ഇസ് ലാമിക കഥാപ്രസംഗം, കവിത തുടർന്ന് കാസറ്റുകളിലും പാടിയാണ് ശ്രോതാക്കൾക്കിടയിൽ ഖ്യാതി നേടിയത്.
1990 ൽ ഹിജാസത്ത് എന്ന പേരിലുള്ള പ്രഥമ ഓഡിയോ ആൽബം പുറത്തിറക്കി. ഒട്ടേറെ ചെറുതും വലുതുമായ സ്റ്റേജ് ഷോകളിലും യൂസുഫിന്റെ ആലാപന വൈഭവം തന്മയത്വത്തോടെ പ്രകടമാക്കപ്പെട്ടു. 'സംകൃത പമഗരി...' എന്ന പേരിലുള്ള മാപ്പിളപ്പാട്ട് അന്താക്ഷരിയുടെ സ്റ്റേജ് ഷോകളിലൂടെ ഏറെ പ്രശംസിക്കപ്പെട്ടു. മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മനോഹരൻ വെങ്ങര, യു.എ.ഇയിലെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പ്രവർത്തകനും ചിരന്തന പ്രസിഡന്റുമായ പുന്നക്കൻ മുഹമ്മദലി, ദർശന പ്രസിഡന്റ് സി.പി.ജലീൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മുട്ടം സരിഗമ പ്രസിഡന്റ് പുന്നക്കൻ ബീരാൻ, ജനറൽ സെക്രട്ടറി കെ.ടി.പി ഇബ്രാഹിം എന്നിവർ പങ്കെടുത്തു.






