ദോഹ- മൂന്ന് വർഷത്തിലേറെക്കാലം മനുഷ്യനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ കോവിഡ്-19 വീണ്ടും ഉറക്കം കെടുത്തുമോ എന്ന ശക്തമായ ആശങ്കയാണ് കോവിഡിന്റെ പുതിയ വകഭേദമായ ഇ.ജി-5 ഖത്തറിൽ കണ്ടെത്തിയെന്ന ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോർട്ട് സൃഷ്ടിക്കുന്നത്. അതീവ ജാഗ്രത അനിവാര്യമെന്നാണ് മുന്നറിയിപ്പ്.
കേസുകൾ ഗുരുതരമല്ലെന്നും ആശുപത്രി അഡ്മിഷൻ ആവശ്യമില്ലെന്നുമൊക്കെയാണ് മന്ത്രാലയം വിശദീകരിക്കുന്നതെങ്കിലും പുതിയ വകഭേദങ്ങൾ നിസ്സാരമല്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന സൂചനയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവധി ചെലവഴിച്ച് നിത്യവും ആയിരക്കണക്കിനാളുകൾ ഖത്തറിൽ തിരിച്ചെത്തുന്ന സാഹചര്യത്തിൽ കോവിഡ്-19 ന്റെ പുതിയ വകഭേദങ്ങളുടെ വ്യാപന സാധ്യത ഗുരുതരമായി വിലയിരുത്തുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം പറയുന്നത്. പ്രതിരോധമാണ് ചികിൽസയേക്കാളും പ്രധാനമെന്നും ജാഗ്രതയും മുൻകരുതലുകളും തന്നെയാണ് അഭികാമ്യമെന്നുമാണ് ഈ ഘട്ടത്തിൽ സൂചിപ്പിക്കുവാനുള്ളത്. അമിതമായ ആശങ്ക വേണ്ട. എന്നാൽ അതീവ ജാഗ്രതയോടെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകളാണ് വേണ്ടത്. പ്രായം ചെന്നവരും ഇമ്യൂണിറ്റി കുറഞ്ഞവരും മാറാ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരുമൊക്കെ കൂടുതൽ ജാഗ്രത പാലിക്കണം.






