ദോഹ അന്താരാഷ്ട്ര എക്‌സ്‌പോയ്ക്ക് ഒരുങ്ങി ഖത്തർ; സന്ദർശകരെ സ്വീകരിക്കാൻ സജ്ജം 

  • 80 രാജ്യങ്ങളുടെ പങ്കാളിത്തം, മുപ്പത് ലക്ഷം പേരെത്തും

ദോഹ- ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ 179 ദിവസങ്ങളിലായി ഖത്തറിൽ നടക്കുന്ന എക്‌സ്‌പോ-2023 ദോഹ ഹോർട്ടികൾച്ചറൽ എക്‌സിബിഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സന്ദർശകരെ സ്വീകരിക്കാൻ സജ്ജമായതായി എക്‌സ്‌പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽകൂറി  വ്യക്തമാക്കി.
ഉദ്ഘാടന ദിവസമായ ഒക്ടോബർ 2 മുതൽ ഷെഡ്യൂൾ പ്രകാരം അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിപാടികൾ നടത്താനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയതായി അദ്ദേഹം പറഞ്ഞു. 80 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള എക്സ്പോ സന്ദർശിക്കുവാൻ മുപ്പത് ലക്ഷം പേരെങ്കിലും ദോഹയിലെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ലോകാടിസ്ഥാനത്തിൽ എക്‌സ്‌പോ 2023 ദോഹ വലിയ പ്രചാരം നേടിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ ആശാവഹമാണ്. 
എക്‌സ്‌പോ 2023 ദോഹയുടെ സംഘാടക സമിതിക്ക് ഖത്തറിൽ നിന്നും വിദേശത്തു നിന്നും സന്നദ്ധ പ്രവർത്തനത്തിനായി നിരവധി അപേക്ഷകളാണ് ലഭിച്ചത്. ഖത്തറിൽ നിന്ന് മാത്രം സന്നദ്ധ പ്രവർത്തനത്തിനായി 60,000 അപേക്ഷകൾ ലഭിച്ചു. വിശദമായ അഭിമുഖം നടത്തി മൂവായിരത്തോളം പേരെയാണ് വളണ്ടിയർമാരായി തെരഞ്ഞെടുക്കുക. 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിൽ വളണ്ടിയർമാരായി പങ്കെടുത്ത നിരവധി ആളുകൾ എക്സ്പോ 2023 ദോഹയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അൽ ബിദ്ദ പാർക്കിൽ സ്വന്തമായി പവലിയനും പൂന്തോട്ടവുമുള്ള 80 രാജ്യങ്ങളിൽ എല്ലാ ജി.സി.സി രാജ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി ജനറൽ വെളിപ്പെടുത്തി. മെന മേഖലയിൽ പുതിയ ജീവിത രീതിയും പരിസ്ഥിതിയും സംബന്ധിച്ച ഉൾക്കാഴ്ച നൽകുന്ന പ്രദർശനം ഏറെ ആകാംക്ഷയോടെയാണ് ഗൾഫ് രാജ്യങ്ങൾ കാത്തിരിക്കുന്നത്. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള എക്‌സ്‌പോ 2023 ദോഹ, ഖത്തർ നാഷണൽ വിഷൻ-2030 ന്റെ മാർഗനിർദേശ തത്വങ്ങൾക്ക് അനുസൃതമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത് പരിസ്ഥിതി മാനേജ്‌മെന്റും സുസ്ഥിര വികസനവും പ്രാധാന്യപൂർവം പരിഗണിക്കുന്നു.
ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ 179 ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോ 2023 ദോഹ അതിഥികൾക്ക് അലങ്കാര ഉദ്യാനങ്ങൾ സന്ദർശിക്കാനും പൊതു സംവാദങ്ങൾ, കോൺഫറൻസുകൾ, ലൈവ് ഷോകൾ, കല, പാചക പ്രകടനങ്ങൾ എന്നിവ ആസ്വദിക്കാനും അവസരമൊരുക്കും. 
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ നടക്കുന്ന ആദ്യ എ-1 ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷനായിരിക്കും ആറു മാസം നീളുന്ന പരിപാടി. അൽ ബിദ്ദ പാർക്കിലെ 1.7 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീണമുള്ളതും അറേബ്യൻ ഗൾഫിലെ നീല നിറത്തിലുള്ള വെള്ളത്തിന് അഭിമുഖവുമായ ഒരു സമർപ്പിത പ്രദേശത്താണ് ഇത് നടക്കുന്നത്.
ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ്, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ 80 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സന്ദർശകരെയും സംഘാടകരെയും സ്വകാര്യ മേഖലാ പ്രതിനിധികൾ, എൻ.ജി.ഒകൾ, പൊതുജനങ്ങൾ എന്നിവരെയും എക്‌സ്‌പോ ആകർഷിക്കും.
എക്‌സ്‌പോ 2023 ദോഹയുടെ തീം 'ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി' എന്നതാണ്. ഇത് സുസ്ഥിരമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മരുഭൂകരണം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു. സന്ദർശകരുമായി ശാരീരികമായും ബൗദ്ധികമായും വൈകാരികമായും ഇടപഴകുകയും, ആധുനിക കൃഷി, സാങ്കേതികവിദ്യ, നവീകരണം, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ വിഷയങ്ങളിലൂടെ മാറ്റത്തിൽ പങ്കെടുക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സമഗ്ര പദ്ധതിയാണ് എക്‌സ്‌പോ 2023 ദോഹ ആവിഷ്‌കരിക്കുന്നത്.
 

Tags

Latest News